എസ് എം വൈ എം പാലാ  രൂപത സമിതിയുടെ പ്രവർത്തനവർഷ ഉദ്ഘാടനവും കർമ്മരേഖ പ്രകാശനവും

എസ് എം വൈ എം പാലാ  രൂപത സമിതിയുടെ പ്രവർത്തനവർഷ ഉദ്ഘാടനവും കർമ്മരേഖ പ്രകാശനവും

കോതനല്ലൂർ : ശബ്ദമില്ലാത്തവന്റെ ശബ്ദമാകുവാൻ ക്രൈസ്തവ യുവത്വത്തെ ഉദ്ബോധിപ്പിച്ചുകൊണ്ട് കോതനല്ലൂർ വിശുദ്ധ ഗർവാസീസ് & പ്രോത്താസീസ്  ഫൊറോന  പള്ളിയിൽ എസ് എം വൈ എം പാലാ രൂപതാ സമിതിയുടെ 2023 പ്രവർത്തനവർഷ  ഉദ്ഘാടനവും കർമ്മരേഖ പ്രകാശനവും നടന്നു. കെസിവൈഎം സംസ്ഥാന പ്രസിഡന്റ് ശ്രീ ഷിജോ ഇടയാടിയിൽ  പ്രവർത്തനവർഷ ഉദ്ഘാടനം നിർവഹിച്ചു. രൂപത പ്രസിഡന്റ് തോമസ് ബാബു അധ്യക്ഷത വഹിച്ച യോഗത്തിൽ കടുത്തുരുത്തി നിയോജക മണ്ഡലത്തിന്റെ ജനപ്രതിനിധിയായ അഡ്വക്കേറ്റ് മോൻസ് ജോസഫ് എം എൽ എ മുഖ്യപ്രഭാഷണം നടത്തുകയും 2022 രൂപത സമിതിയിലെ അംഗങ്ങൾക്ക് മൊമെന്റോ നൽകി ആദരിക്കുകയും ചെയ്തു.

രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി ആമുഖപ്രഭാഷണം നടത്തി. രൂപതയുടെ 2023 വർഷത്തെ കർമ്മരേഖ പ്രകാശനവും അനുഗ്രഹപ്രഭാഷണവും കോതനല്ലൂർ ഫൊറോന പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ പടിയ്ക്കക്കുഴുപ്പിൽ  നിർവഹിച്ചു. രൂപത ജനറൽ സെക്രട്ടറി ശ്രീ ടോണി കവിയിൽ ഉദ്ഘാടന സമ്മേളനത്തിന് സ്വാഗതം ആശംസിച്ചു. രൂപത ജോയിന്റ് ഡയറക്ടർ സി. നവീന സിഎംസി,  ഫൊറോന ഡയറക്ടർ ഫാ. ആൽബിൻ പുതുപ്പറമ്പിൽ, 2022 രൂപത പ്രസിഡന്റ് ശ്രീ ജോസഫ് കിണറ്റുകര, കോതനല്ലൂർ മേഖലാ കൗൺസിലർ സാവിയോ സജിത്ത് എന്നിവർ യോഗത്തിന് ആശംസ അറിയിച്ചു. രൂപത  വൈസ് പ്രസിഡന്റ് സെഞ്ചു ജേക്കബ് യോഗത്തിന് നന്ദി അറിയിച്ചു.ന്യൂനപക്ഷ സമൂഹമായ   ക്രൈസ്തവന്റെ വികാര വിചാരങ്ങളെ മാനിക്കാതെ ന്യൂനപക്ഷ വകുപ്പ് ഒരു പ്രത്യേക മത വിഭാഗത്തിന് മാറ്റിക്കൊടുത്ത സർക്കാർ നടപടിക്കെതിരെ യോഗം ശക്തമായി അപലപിച്ചു.

ലഹരിയുടെ ഉപയോഗം എന്നും നാടിനും മനുഷ്യർക്കും ആപത്താണ് എന്ന പാലാ രൂപതയുടെ ഇടയനായ അഭിവന്ദ്യ മാർ ജോസഫ് കല്ലെറങ്ങാട് പിതാവിന്റെ ആശയത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എസ് എം വൈ എം യുവജനങ്ങൾ 2023 പ്രവർത്തനവർഷ ഉദ്ഘാടന വേദിയിൽ വെച്ച് "Say No to Drugs"എന്ന ആശയം മുൻനിർത്തി ഫ്ലാഷ് മോബ്  നടത്തുകയും തുടർന്ന് ഒപ്പു ശേഖരണം നടത്തുകയും ചെയ്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org