ഭൂമിയിലെ കാണപ്പെട്ട ദൈവങ്ങള്‍ക്ക് കുമ്പളങ്ങിയിലൊരു സമരിയാ ഭവനം

ഭൂമിയിലെ കാണപ്പെട്ട ദൈവങ്ങള്‍ക്ക് കുമ്പളങ്ങിയിലൊരു സമരിയാ ഭവനം

വാര്‍ദ്ധക്യവും രോഗവും ഏകാന്തതയും തളര്‍ത്തുന്ന ജീവിതത്തിന്റെ സായാന്തനത്തില്‍ വിവിധ കാരണങ്ങളാല്‍ ഒറ്റപ്പെട്ടുപോകുന്ന വയോധികരെ സന്തോഷത്തിന്റെയും സൗഖ്യത്തിന്റെയും സമരിയായില്‍ പണമൊന്നും വാങ്ങാതെ ഒന്നിച്ചുകൂട്ടി, അവരുടെ ശരീരത്തിലെ ചുളിവുകള്‍ മനസിലേക്ക് വീഴാതിരിക്കാനുള്ള നിങ്ങളുടെയും എന്റെയും ആഗ്രഹത്തിനും പ്രാര്‍ത്ഥനകള്‍ക്കും മേല്‍ ദൈവം കുമ്പളങ്ങിയില്‍ പണിത സമരിയാ ഓള്‍ഡ് ഏജ് ഹോം ആലപ്പുഴ രൂപതാ മെത്രാന്‍ ഡോ. ജെയിംസ് ആനാപറമ്പില്‍ ആശീര്‍വദിച്ചു.

ഹൈബി ഈഡന്‍ എംപി ഉത്ഘാടനം നിർവഹിച്ചു. കെ.ജെ മാക്‌സി എംഎല്‍എ പുതിയ ബ്ലോക്കിന്റെ ശിലാസ്ഥാപനം നടത്തി. കേരള സര്‍ക്കാര്‍ പ്രതിനിധി പ്രൊഫ. കെ.വി തോമസ്, കൊച്ചി രൂപതാ ചാന്‍സിലര്‍ ഡോ. ജോണി പുതുക്കാട്, പ്രൊക്രുറേറ്റര്‍ ഫാ. മാക്‌സണ്‍ കുറ്റിക്കാട്ട്, റെക്ടര്‍ സന്തോഷ് വെളുത്തേടത്ത്, മോണ്‍ ആന്റണി കൊച്ചുകരിയില്‍, രൂപത ജഡ്ജ് ഡോ. ആന്റണി കാട്ടിപ്പറമ്പില്‍, ഡോ. ജോസി കണ്ടനാട്ടുതറ, ഫാ. ആന്റണി പുളിക്കല്‍, ഫാ. ടോമി ചമ്പക്കാട്, കുമ്പളങ്ങി സേക്രഡ് ഹാര്‍ട്ട് ഇടവക വികാരി ഫാ. ആന്റണി അഞ്ചുകണ്ടത്തില്‍ തുടങ്ങി നിരവധി വൈദികര്‍ പങ്കെടുത്തു.

സി. ടി.സി സന്യാസഭ സെന്റ് ജോസഫ്‌സ് പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ സിസ്‌ലറ്റ് എടേഴത്ത് അടക്കം നിരവധി സന്യാസ്തരും രാഷ്ട്രീയ, സാമൂഹിക, സാമുദായിക രംഗത്തെ പ്രമുഖരും ആശീര്‍വാദത്തില്‍ പങ്കെടുത്തു.

വിശ്വാസം പ്രവൃത്തി പഥത്തില്‍ ജീവിക്കാനുള്ളതാണെന്നും അതു ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നതിന്റെ തെളിവാണ് സെലസ്റ്റിന്‍ കുരിശിങ്കല്‍ പണിതുയര്‍ത്തിയിരിക്കുന്ന സമരിയാ ഭവനമെന്നും ആശീര്‍വാദം നിര്‍വഹിച്ചുകൊണ്ട് ബിഷപ്പ് ജയിംസ് ആനാപറമ്പില്‍ പറഞ്ഞു. സമരിയായുടെ വളര്‍ച്ചയ്ക്ക് സഹകരണവുമായി എല്ലാവരും ചേര്‍ന്നു നില്‍ക്കണമെന്നും അഭിവന്ദ്യ പിതാവ് ഓര്‍മ്മപ്പെടുത്തി.

ഒരേ സമയം രണ്ടുപേര്‍ക്ക് താമസിക്കാവുന്ന 16 മുറികളുടെ നിര്‍മ്മാണവും ചെറിയൊരു ചാപ്പലിന്റെയും വിശാലമായ പകല്‍വീടിന്റെയും നിര്‍മ്മാണവും പൂര്‍ത്തിയായി. ഇനിയും ബാക്കിയായിരിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പൂര്‍ത്തിയാക്കി നവംബര്‍ 15ന് സമരിയ ഭവനം തുറക്കാനുള്ള കഠിന പ്രയത്‌നത്തിലാണ് സമരിയാ ടീം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org