
അങ്കമാലി : മരണനാന്തര അവയവകോശദാന വിഭാഗത്തില്‍ മികച്ച മാതൃകകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പുരസ്‌കാരത്തിന് എല്‍ എഫ് ആശുപത്രിയോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ഐ ബാങ്ക് അസ്സോസിയേഷന്‍ കേരള അര്‍ഹമായി.
ദേശീയ അവയവദാന ദിനത്തോടനുബന്ധിച്ച് കേരള സ്‌റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്‍ (കെസൊട്ടോ) സംഘടിപ്പിച്ച സ്മൃതിവന്ദനം പരിപാടിയില്‍ വച്ച് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജില്‍ നിന്നും അസിസ്റ്റന്റ് ഡയറക്ടറും നേത്രബാങ്ക് ജനറല്‍ സെക്രട്ടറിയുമായ ഫാ. വര്‍ഗീസ് പാലാട്ടിയും നേത്രബാങ്ക് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ഹില്‍ഡ നിക്‌സണും ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.
ഇന്ത്യയില്‍ സ്വകാര്യ മേഖലയിലെ ആദ്യ നേത്ര ബാങ്കാണ് എല്‍ എഫ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഡയറക്ടറും നേത്രബാങ്ക് പ്രസിഡന്റുമായ ഫാ. ജേക്കബ് ജി പാലയ്ക്കാപ്പിള്ളി വ്യക്തമാക്കി. കണ്ണുകള്‍ ശേഖരിക്കുന്നതില്‍ കേരളത്തില്‍ ഒന്നാം സ്ഥാനമുള്ള ഈ നേത്ര ബാങ്കിന്റെ പ്രവര്‍ത്തനങ്ങളെ അവാര്‍ഡ് ദാനചടങ്ങില്‍ മന്ത്രി ശ്ലാഘിച്ചു.
''ജീവന്‍ തുടരുന്നു, ജീവതങ്ങളില്‍ പടരുന്നു'' എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ടാണ് മരണനാന്തര അവയവദാനം നടത്തിയ പ്രിയപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ സംഗമം, സ്മൃതിവന്ദനം 2025 സംഘടിപ്പിച്ചത്. നേത്രബാങ്കിനെ പ്രതിനീധീകരിച്ച് ജയേഷ് സി. പാറയ്ക്കല്‍, സിജോ ജോസ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.