
തിരുമുടിക്കുന്ന്: കണ്ടംകുളത്തി കുടുംബയോഗത്തിലെ സമര്‍പ്പിതരുടെ സ്മരണാര്‍ത്ഥം, മികച്ച ജീവകാരുണ്യപ്രവര്ത്തകര്ക്കായി ഏര്‍പ്പെടുത്തിയ സമര്പ്പണ് അവാര്‍ഡ് പെരുമ്പാവൂര്‍ കൂവപ്പടി ബെത്ലേഹം അഭയഭവന് സ്ഥാപക മേരി എസ്തപ്പാനു സമ്മാനിച്ചു. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. അരുണാചല്‍പ്രദേശിലെ മിയാവോ രൂപതാദ്ധ്യക്ഷനായ ബിഷപ് ജോര്‍ജ് പള്ളിപ്പറമ്പിലാണ് അവാര്‍ഡ് സമര്‍പ്പണം നിര്‍വഹിച്ചത്. ഫാ. ജിജോ കണ്ടംകുളത്തി സി എം എഫിന്റെ പൗരോഹിത്യസ്വീകരണത്തിന്റെ രജതജൂബിലിയുടെയും സിസ്റ്റര്‍ മരീന കണ്ടംകുളത്തി എസ് എ ബി എസ്, സിസ്റ്റര്‍ സുമ കണ്ടംകുളത്തി എഫ് സി സി എന്നിവരുടെ സന്യാസസ്വീകരണത്തിന്റെ സുവര്‍ണജൂബിലിയുടെയും ആഘോഷത്തോടനുബന്ധിച്ചു ചേര്‍ന്ന സമ്മേളനത്തിലായിരുന്നു അവാര്‍ഡ് വിതരണം. മാനസികരോഗബാധിതരായ നാനൂറിലധികം പേരെ സംരക്ഷിക്കുന്ന സ്ഥാപനമാണ് ബെത്ലേഹം അഭയഭവന്. 1998 ലാണ് ഇതു സ്ഥാപിതമായത്.
സമ്മേളനത്തില്‍ തിരുമുടിക്കുന്ന് എല്‍ എഫ് പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ മാടശേരി അദ്ധ്യക്ഷത വഹിച്ചു. സി എം എഫ് സെ.തോമസ് പ്രൊവിന്‍ഷ്യല്‍ സുപീരിയര്‍ ഫാ. സിബി ഞാവള്ളിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. സനീഷ്കുമാര് ജോസഫ് എം എല്‍ എ, പഞ്ചായത്ത് പ്രസിഡന്റ് പി സി ബിജു, സ്ഥിരം സമിതി അദ്ധ്യക്ഷന്‍ അഡ്വ. കെ ആര് സുമേഷ്, ഫാ. ജോര്‍ജ് കണ്ണന്താനം സി എം എഫ്, ഫാ. തോമസ് തെന്നാടി, ഫാ. മനോജ് പണക്കാക്കുഴി, വറീത് കണ്ടംകുളത്തി, ഷിജു ആച്ചാണ്ടി, കെ കെ ഫ്രാന്‍സിസ്, ബിനു മഞ്ഞളി തുടങ്ങിയവര്‍ പ്രസംഗിച്ചു.