
ഫോട്ടോ അടിക്കുറിപ്പ് : കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സ്വയം തൊഴില്‍ സംരംഭകത്വ പരിശീലന പരിപാടിയുടെയുടെയും ധനസഹായ വിതരണത്തിന്റെയും ഉദ്ഘാടനം കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ നിര്‍വ്വഹിക്കുന്നു. (ഇടത്തു നിന്ന്) ലിസ്സി ജോസഫ്, ഫാ. സുനില്‍ പെരുമാനൂര്‍, പ്രൊഫ. റോസമ്മ സോണി, ആലീസ് ജോസഫ്, തോമസ് കോട്ടൂര്‍, സിജോ തോമസ് എന്നിവര്‍ സമീപം.
ചെറുകിട സംരംഭകര്‍ ജീവിത സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള സംരഭങ്ങള്‍ തിരഞ്ഞെടുത്ത് നടപ്പിലാക്കണമെന്ന് കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍. സ്വയം തൊഴില്‍ സംരഭകത്വ പ്രവര്‍ത്തനങ്ങള്‍ക്ക് അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച സ്വയം തൊഴില്‍ സംരംഭകത്വ പരിശീലന പരിപാടിയുടെയും ധനസഹായ വിതരണത്തിന്റെയും ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിസന്ധികളിലൂടെയും പ്രയാസങ്ങളിലൂടെയും കടന്നുപോകുന്ന കുടുംബങ്ങള്‍ക്ക് ചെറുകിട സംരംഭങ്ങളിലൂടെ ഉപവരുമാന സാധ്യതകള്‍ തുറന്നു കൊടുക്കുവാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ പ്രൊഫ. റോസമ്മ സോണി, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് കോട്ടൂര്‍, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, പ്രോഗ്രാം ഓഫീസര്‍ സിജോ തോമസ്, അനിമേറ്റര്‍ ലിസി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. പരിശീലന പരിപാടിയോടനുബന്ധിച്ച് ചെറുകിട വരുമാന സംരംഭക സാധ്യതകള്‍ എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സും കൂടാതെ കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷനുമായി സഹകരിച്ച് കെ.എസ്.എസ്.എസ് നടപ്പിലാക്കുന്ന മൈക്രോ ക്രെഡിറ്റ് ലോണ്‍ മേളയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്ക് 50000 രൂപാ വീതം മിതമായ പലിശനിരക്കില്‍ ലഭ്യമാക്കി. പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് പരിശീലന പരിപാടി നടത്തപ്പെട്ടത്.