
എറണാകുളം : കാരിത്താസ് ഇന്ത്യയും, കേരള സോഷ്യല്‍ സര്‍വീസ് ഫോറവും, എറണാകുളം അങ്കമാലി അതിരൂപതയുടെ സാമൂഹ്യ പ്രവര്‍ത്തന വിഭാഗമായ സഹൃദയയും ചേര്‍ന്ന് നടപ്പിലാക്കുന്ന 'സജീവം' ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി ടാസ്‌ക് ഫോഴ്‌സ് ടീമിനെ രൂപീകരിച്ചു. യുവജനങ്ങള്‍ക്കിടയില്‍ ലഹരി ഉപയോഗം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ സജീവം പോലുള്ള ലഹരി വിരുദ്ധ ക്യാമ്പയിനുകള്‍ അനിവാര്യമാണെന്ന് സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളില്‍ അഭിപ്രായപ്പെട്ടു. സഹൃദയ ഹെഡ് ഓഫീസില്‍ വച്ചു നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമീപകാലത്തു ലഹരി ഉപയോഗത്തിന്റെ പരിണിതഫലമായി വാര്‍ത്താമാധ്യമങ്ങളിലൂടെ നാം കേട്ടറിഞ്ഞ അസാധാരണ സംഭവങ്ങളെയും അദ്ദേഹം ഓര്‍ത്തെടുത്തു. സഹൃദയ അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. സിബിന്‍ മനയമ്പിള്ളി അധ്യക്ഷത വഹിച്ച ചടങ്ങില്‍ സജീവം സഹൃദയ പ്രോജെക്ട് കോര്‍ഡിനേറ്റര്‍ ഷിംജോ ദേവസ്യ സ്വാഗതം ആശംസിച്ചു. അഡ്വ. ചാര്‍ലി പോളിന്റെ നേതൃത്വത്തില്‍ ടാസ്‌ക് ഫോഴ്‌സ് ടീമിന് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും, പരിശീലനവും നല്‍കി. സജീവം ക്യാമ്പയിനിന്റെ ഭാഗമായി രൂപതാതലത്തില്‍ വിവിധ മത്സരങ്ങളും, ടാസ്‌ക് ഫോഴ്‌സ് ടീമിന്റെ നേതൃത്വത്തില്‍ ബോധവത്കരണ ക്ലാസുകളും സംഘടിപ്പിക്കുന്നുണ്ട്.