'സോജന്റെ ടിഷ്യൂകൾച്ചർ തേക്കിൻ കൃഷിയുടെ വിജയഗാഥ'

'Sojan's success story of tissue culture teak cultivation'
Published on

കേരളത്തിൽ ആദ്യമായി ടിഷ്യൂകൾച്ചർ തേക്ക് കൃഷി ചെയ്ത് വിജയിപ്പിച്ച കർഷകൻ, തേക്ക് കൃഷി ചെയ്യുവാൻ ആഗ്രഹിക്കുന്നവർക്ക് ആശ്രയിക്കാവുന്ന ടിഷ്യൂകൾച്ചർ തേക്ക് കൃഷി വിദഗ്ദ്ധൻ. ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ ടിഷ്യൂകൾച്ചർ തേക്ക് കർഷകരെ കൊണ്ട് കൃഷി ചെയ്യിപ്പിച്ചും തൈകൾ വളർത്തുന്നതിനാവശ്യമായ നിർദ്ദേശങ്ങളും പ്രോത്സാഹനങ്ങളും നൽകി അവരുമായി നിരന്തരം ആശയവിനിമയം നടത്തുകയും ചെയ്യുന്ന തേക്കിനെ സ്നേഹിക്കുന്ന കർഷകൻ, ഈ വിശേഷണമാണ് കോട്ടയം ജില്ലയിൽ പാലാ- ഭരണങ്ങാനം- പ്ലാശനാൽ കരോട്ടുകിഴക്കേൽ സോജൻ. കെ. ജോസഫിന് ചേരുന്നത്.

10 വർഷം മുൻപ് കേരളത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ 100 ടിഷ്യൂകൾച്ചർ തേക്കിൻ തൈകൾ നട്ടാണ് തുടക്കം. ഇതിൻ്റെ വളർച്ച കണ്ടപ്പോൾ ബാക്കി സ്ഥലത്ത് നട്ടിരുന്ന റബ്ബർ തൈകൾ വെട്ടി മാറ്റി 3 ഏക്കറിലേക്ക് കൂടി ടിഷ്യൂകൾച്ചർ തേക്ക് കൃഷി വ്യാപിപ്പിച്ചു. സോജന്റെ ടിഷ്യൂകൾച്ചർ തേക്ക് കൃഷി വിജയിച്ചപ്പോൾ തൈകൾക്ക് ആവശ്യക്കാർ എത്തിത്തുടങ്ങി, അങ്ങനെയാണ് സോജനും ഭാര്യ സ്വപ്നയും കരോട്ടുകിഴക്കേൽ ടിഷ്യൂകൾച്ചർ തേക്ക് നഴ്സറിയുടെ തുടക്കം കുറിക്കുന്നത്. ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ ടിഷ്യൂകൾച്ചർ തേക്കിൻ തൈകൾ വിതരണം ചെയ്യുകയും കൃഷി വിജയിപ്പിക്കുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്‌തു വരുന്നു. ബാങ്ക് ഉദ്യോഗസ്ഥനായ സോജന്റെ കൃഷിയോടുള്ള താല്പര്യമാണ് മറ്റ് രാജ്യങ്ങളിലെ പോലെ പുതിയ സാങ്കേതിക വിദ്യകൾ ഫലപ്രദമായി പ്രയോജനപ്പെടുത്തി കൃഷിയിൽ വിജയം നേടണമെന്നും വരുമാനം വർദ്ധിപ്പിക്കണമെന്നുമുള്ള ദൃഢ നിശ്ചയമാണ് അദ്ദേഹത്തെ ടിഷ്യൂകൾച്ചർ തേക്ക് കൃഷിയിലേക്ക് ആകർഷിച്ചത്. നാളിതുവരെയും തേക്കിന് വിപണിയിൽ വില കുറയാത്തതും കൃഷിയിലേക്ക് കർഷകരെ ആകർഷിക്കുവാൻ കാരണമായിട്ടുണ്ട്.

കേരളത്തിൽ നിലവിലെ സാഹചര്യത്തിൽ തൊഴിലാളികളുടെ ക്ഷാമവും വിലയിലെ ഏറ്റക്കുറച്ചിലും ഉല്പാദനത്തിലെ കുറവുമൂലം ഉണ്ടാകുന്ന നഷ്ടവും ചെറുപ്പക്കാർ കൂട്ടത്തോടെ വിദേശ രാജ്യങ്ങളിലേക്ക് തൊഴിൽ തേടി പോകുകയും ചെയ്യുന്നതോടെ പല പുരയിടങ്ങളും മരങ്ങൾ നട്ടുപിടിപ്പിച്ചുമുള്ള ദീർഘകാല കൃഷിയിലേക്ക് കർഷകർ തിരിഞ്ഞു. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ടിഷ്യൂകൾച്ചർ തേക്ക് കൃഷി.

ഈ സമയത്താണ് കേരളത്തിൽ ടിഷ്യൂകൾച്ചർ തേക്ക് കൃഷി ചെയ്ത് വിജയിപ്പിച്ചതും കേരളത്തിലെ തേക്ക് കർഷകരെ ടിഷ്യൂകൾച്ചർ തേക്ക് പരിചയപ്പെടുത്തിയതും. 10 വർഷം കൊണ്ട് ആദ്യംനട്ട ടിഷ്യൂകൾച്ചർ തേക്കിന് 45 ഇഞ്ചോളം വണ്ണം വച്ചിട്ടുണ്ട്. മാതൃവൃക്ഷത്തിൻ്റെ അതേ ഗുണമേന്മയിൽ തൈകൾ എല്ലാം ഒരേപോലെ വളരുന്നു എന്നതാണ് ടിഷ്യൂകൾച്ചർ തേക്കിൻ്റെ ഏറ്റവും വലിയ പ്രത്യേകത. മാത്രമല്ല സാധാരണ തേക്കിനേക്കാൾ വളർച്ച കൂടുതലുമുണ്ട്. നാടൻ തേക്കിൻ തൈകൾ ഏക്കറിൽ 500 എണ്ണം വരെ നടുമ്പോൾ ടിഷ്യൂകൾച്ചർ തേക്ക് ഒരു ഏക്കറിൽ 200 എണ്ണം നട്ടാൽ മതിയാവും. അതുകൊണ്ട് പരിപാലന ചിലവ് നാടൻ തേക്കിനെ അപേക്ഷിച്ച് ടിഷ്യൂകൾച്ചർ തേക്കിന് കുറവായിരിക്കും. മാത്രമല്ല തൈകൾ എല്ലാം ഒരേപോലെ വളരുന്നതുകൊണ്ട് കർഷകന് ആത്മവിശ്വാസം വർദ്ധിക്കുകയും കൃഷിരീതി എളുപ്പമാകുകയും തേക്ക് കൃഷി ചെയ്യുന്നതിനുള്ള ഉത്സാഹം വർദ്ധിക്കുകയും ചെയ്യുന്നു. ഏതുവേനലിനെയും അതിജീവിക്കുന്നതുകൊണ്ട് തേക്ക് കൃഷി നനക്കേണ്ട ആവശ്യവുമില്ല. കേരളത്തിലെ കാലാവസ്ഥയിൽ നന്നായി വളരുന്ന തേക്ക് കൃഷി വരും തലമുറയ്ക്ക് ഒരു മുതൽക്കൂട്ടാണെന്നാണ് സോജന്റെ പക്ഷം.

തുറസ്സായ സ്ഥലത്ത് 15X15 അടി അകലത്തിലാണ് ടിഷ്യൂകൾച്ചർ തേക്ക് നടേണ്ടത്. 3 വർഷത്തെ മഴക്കാലം കൃത്യമായ പരിചരണമാണ് തേക്ക് കൃഷിക്ക് ആവശ്യം. 3 വർഷം വളപ്രേയോഗവും കീടങ്ങളെ നശിപ്പിക്കയും ചെയ്താൽ തേക്ക് കൃഷി വിജയിക്കും എന്നാണ് സോജൻ പറയുന്നത്.

3 വർഷത്തിന് ശേഷം വർഷത്തിൽ ഒന്നോ രണ്ടോ തവണ വളപ്രയോഗം നടത്തുകയും കാടുതെളിക്കുകയും ചെയ്യേണ്ടതാണ്. ഇടവിളയായി കൊക്കോ, കാപ്പി, കുരുമുളക്, ബഡ് പ്ലാവ് എന്നിവ കൃഷി ചെയ്യാവുന്നതാണ്. ആദ്യവർഷങ്ങളിൽ കപ്പയും വാഴയും തേക്കിന് ഇടവിളയായി ചെയ്യാൻ പാടില്ലാത്തതുമാണ്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ടിഷ്യൂകൾച്ചർ തേക്കിൻ തൈകൾ കൃത്യമായി ഉല്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന മഹാരാഷ്ട്രയിലെ കോലാപ്പൂരിലുള്ള സീമ ബയോടെക്കിൻ്റെ അംഗീകൃത ഡീലറാണ് സോജന്റെ ഭാര്യ സ്വപ്ന.

logo
Sathyadeepam Online
www.sathyadeepam.org