

കൊച്ചി: എസ് ജാനകി തെന്നിന്ത്യയിൽ മാത്രമല്ല ഇന്ത്യയിലെ തന്നെ ഗാനരംഗത്തെ ഒരു പ്രതിഭാസം ആയിരുന്നുവെന്ന് ജെറി അമൽദേവ് അഭിപ്രായപ്പെട്ടു. പ്രായത്തിനേക്കാൾ ഉപരി, സംഗീതരംഗത്ത് തന്നെക്കാൾ ഏറെ സീനിയർ ആയിരുന്നു എസ് ജാനകി എന്നും തന്റെ ആദ്യത്തെ ഗാനം ഒരു മൂളിപ്പാട്ടോടുകൂടിയായിരുന്നു, പാടിക്കഴിഞ്ഞപ്പോൾ, വളരെ നന്നായിട്ടുണ്ട് ട്ടോ എന്ന് വളരെ സ്നേഹത്തോടെ അഭിനന്ദനം നൽകിയ വ്യക്തിത്വത്തിന് ഉടമയാണ് എസ് ജാനകി എന്ന് അദ്ദേഹം പറഞ്ഞു.
സംഗീതം കൂടുതൽ അഭ്യസിച്ചിട്ടില്ല എങ്കിലും ഏത് പാട്ട് പാടണം എന്ന് പറഞ്ഞാലും അത് വളരെ സുന്ദരമായി പാടുവാൻ സാധിച്ചിരുന്നുവെന്നും ജെറി അമൽദേവ് അഭിപ്രായപ്പെട്ടു. ചാവറ കൾച്ചറൽ സെന്ററും എംകെ അർജുനൻ മാസ്റ്റർ ഫൗണ്ടേഷനും ചേർന്ന് ചാവറ കൾച്ചറൽ സെന്ററിൽ സംഘടിപ്പിച്ച എസ് ജാനകി അനുസ്മരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പിന്നണി ഗായിക ജെൻസി, അനുസ്മരണ പ്രഭാഷണം നടത്തികൊണ്ട് ഓർമ്മകൾ പങ്കുവച്ചു. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി എം ഐ, എം കെ അർജുനൻ മാസ്റ്റർ ഫൗണ്ടേഷൻ ചെയർമാൻ ഡോ. രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. എം കെ അർജുനൻ മാസ്റ്റർ ഫൗണ്ടേഷൻ സെക്രട്ടറി അശോകൻ അർജുനൻ, പ്രസിഡണ്ട് ജോസഫ് ആന്റണി, സുധീർ രാജ് എന്നിവർ നേതൃത്വം നൽകി. തുടർന്ന് എസ് ജാനകിയുടെ പാട്ടുകൾ കോർത്തിണക്കിയ സംഗീതസന്ധ്യയും ഉണ്ടായിരുന്നു. സംഗീത സന്ധ്യയിൽ കലാഭവൻ സാബു, ഡോ. രാധാകൃഷ്ണൻ, ഡോ. മധു മേനോൻ, രഞ്ജിനി, ഡോ. രശ്മി, ഫാത്തിമ ഫിറോസ്, ഋതിക, ശോഭാ ശിവാനി എന്നിവർ ഗാനങ്ങൾ അവതരിപ്പിച്ചു.