സഹോദരിമാരായ സന്ന്യാസിനികള്‍ക്കു ഡോക്ടറേറ്റ്

സഹോദരിമാരായ സന്ന്യാസിനികള്‍ക്കു ഡോക്ടറേറ്റ്
Published on

കൊച്ചി: സഹോദരിമാരുടെ സമര്‍പ്പിതശുശ്രൂഷകളിലെ മഹിതവഴികള്‍ക്കു പുതുതിളക്കമായി പിഎച്ച്ഡി നേട്ടം. സിഎംസി സന്യാസിനി സമൂഹത്തിന്‍റെ അങ്കമാലി മേരിമാതാ പ്രോവിന്‍സ് അംഗങ്ങളായ സിസ്റ്റര്‍ പ്രസാദയും സഹോദരി സിസ്റ്റര്‍ ജീസ ഗ്രേസുമാണു വ്യത്യസ്ത വിഷയങ്ങളില്‍ അടുത്തടുത്ത ദിവസങ്ങളില്‍ ഡോക്ടറേറ്റ് നേടിയത്.

കറുകുറ്റി കല്ലറ ചുള്ളി വീട്ടില്‍ പരേതനായ കെ.പി. കുഞ്ഞുവറീതിന്‍റെയും നെയ്തി വര്‍ഗീസിന്‍റെയും മക്കളാണ് ഇരുവരും.

ജീറിയാട്രിക് മെഡിസിന്‍ രംഗത്തെ ഗവേഷണപഠനത്തിനാണു സിസ്റ്റര്‍ പ്രസാദ ഡോക്ടറേറ്റ് നേടിയത്. വയോജനമന്ദിരങ്ങളിലെ അന്തേവാസികളുടെ വിവിധ പ്രശ്നങ്ങളും തെറാപ്പി ചികിത്സകളിലൂടെ അവയ്ക്കുള്ള പരിഹാരവും ഗവേഷണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ചെന്നൈയിലെ സവീത യൂണിവേഴ്സിറ്റിയില്‍ നിന്നാണു ഡോക്ടറേറ്റ് നേടിയത്.

അങ്കമാലി സ്നേഹസദന്‍ കോളജ് ഓഫ് സ്പെഷല്‍ എഡ്യൂക്കേഷന്‍ പ്രിന്‍സിപ്പലാണു സിസ്റ്റര്‍ ജീസ ഗ്രേസ്. ഭിന്നശേഷിയുള്ള കുട്ടികളുടെ ശാസ്ത്രപഠനത്തില്‍ മീഡിയയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ചായിരുന്നു ഗവേഷണം. കോയമ്പത്തൂര്‍ അവിനാശിലിംഗം യൂണിവേഴ്സിറ്റിയിലായിരുന്നു പഠനം.

11 മക്കളുള്ള കുടുംബത്തില്‍ നിന്നാണു സിസ്റ്റര്‍ പ്രസാദയും സിസ്റ്റര്‍ ജീസ ഗ്രേസും സമര്‍പ്പിതശുശ്രൂഷയിലേക്കു പ്രവേശിച്ചത്. സന്യസ്തജീവിതത്തിനിടയില്‍ ഉന്നത വിദ്യാഭ്യാസത്തിന് അവസരം ലഭിച്ചതിലും വിജയകരമായി പൂര്‍ത്തിയാക്കാനായതിലും അഭിമാനമുണ്ടെന്നു സിസ്റ്റര്‍ പ്രസാദയും സിസ്റ്റര്‍ ജീസ ഗ്രേസും പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org