സഹൃദയ വിദ്യാദര്‍ശന്‍: പഠനോപകരണ വിതരണം നടത്തി

സഹൃദയ വിദ്യാദര്‍ശന്‍ പദ്ധതി വഴി പഠനോപകരണ വിതരണ സമ്മേളനം മാര്‍ ബോസ്‌കോ പുത്തൂര്‍ ഉദ്ഘാടനം ചെയ്യുന്നു. ഫാ. ജോസ് കൊളുത്തു വെള്ളില്‍, ഫാ. പിന്റോ പുന്നയ്ക്കല്‍, ഫാ. തോമസ് മുട്ടം, കെ. ഒ. മാത്യൂസ്, ഫാ. സിബിന്‍ മനയംപിള്ളി എന്നിവര്‍ സമീപം.
സഹൃദയ വിദ്യാദര്‍ശന്‍ പദ്ധതി വഴി പഠനോപകരണ വിതരണ സമ്മേളനം മാര്‍ ബോസ്‌കോ പുത്തൂര്‍ ഉദ്ഘാടനം ചെയ്യുന്നു. ഫാ. ജോസ് കൊളുത്തു വെള്ളില്‍, ഫാ. പിന്റോ പുന്നയ്ക്കല്‍, ഫാ. തോമസ് മുട്ടം, കെ. ഒ. മാത്യൂസ്, ഫാ. സിബിന്‍ മനയംപിള്ളി എന്നിവര്‍ സമീപം.

കുട്ടികള്‍ക്ക് ജന്മസിദ്ധമായി ലഭിച്ചിട്ടുള്ള കഴിവുകള്‍ കണ്ടെത്തി അവ വളര്‍ത്താനും ജീവിതത്തില്‍ ഉയര്‍ച്ച നേടാനുമുള്ള അവസരമാണ് വിദ്യാഭ്യാസത്തിലൂടെ ലഭിക്കേണ്ടതെന്ന് എറണാകുളംഅങ്കമാലി അതിരൂപതാ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂര്‍ അഭിപ്രായപ്പെട്ടു. അതിരൂപതാ സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ സഹൃദയ , വൈക്കം, ചേര്‍ത്തല പള്ളിപ്പുറം മേഖലകളിലെ ഏഴ്, എട്ട് ക്ലാസുകളില്‍ പഠിക്കുന്ന നിര്‍ധന കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികളുടെ പുരോഗതിക്കായി നടപ്പാക്കുന്ന വിദ്യാദര്‍ശന്‍ പദ്ധതിയുടെ ഭാഗമായി പഠനോപകരണങ്ങള്‍ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നു എന്നതിനപ്പുറം അര്‍ഹതപ്പെട്ടവര്‍ക്ക് വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. നെടുമ്പ്രക്കാട് സഹൃദയ മേഖലാ ഓഫീസില്‍ നടത്തിയ യോഗത്തില്‍ ചേര്‍ത്തല ഫൊറോനാ വികാരി ഫാ. ആന്റോ ചേരാന്തുരുത്തി അധ്യക്ഷനായിരുന്നു. ജര്‍മനി ആസ്ഥാനമായ ചൈല്‍ഡ് ഫൗണ്ടേഷന്റെ സഹായത്തോടെയാണ് വിദ്യാദര്‍ശന്‍ പദ്ധതി നടപ്പാക്കുന്നത്. ചൈല്‍ഡ് ഫൗണ്ടേഷന്‍ സ്ഥാപക ഡയറക്ടര്‍ ഫാ. തോമസ് മുട്ടം മുഖ്യ പ്രഭാഷണം നടത്തി. പരീക്ഷയില്‍ വിജയികളായ വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനദാനവും അദ്ദേഹം നിര്‍വഹിച്ചു. സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളില്‍, അസി. ഡയറക്ടര്‍ ഫാ. സി ബിന്‍ മനയംപിള്ളി. പ്രോഗ്രാം ഓഫീസര്‍ കെ. ഓ. മാത്യൂസ്, വിദ്യാദര്‍ശന്‍ പദ്ധതി കോര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ജൂലി എന്നിവര്‍ സംസാരിച്ചു.

വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം വ്യക്തിത്വ വികസനം, നേതൃശേഷി വളര്‍ത്തല്‍, കരിയര്‍ ഗൈഡന്‍സ് തുടങ്ങിയ മേഖലകളില്‍ പ്ലസ് ടു വരെ തുടര്‍ച്ചയായുള്ള പരിശീലനങ്ങളും മേല്‍നോട്ടവും സഹായ പദ്ധതികളും വഴി കഴിവുള്ള കുട്ടികളെ സിവില്‍ സര്‍വീസ് വരെ എത്തിക്കുന്നതിനും ശരിയായ ജീവിത മേഖല തെരഞ്ഞെടുത്ത് ജീവിത വിജയം നേടുന്നതിനും സര്‍വോപരി നാടിനും നാട്ടാര്‍ക്കും പ്രകൃതിക്കും ഉപകാരികളായ ഉത്തമപൗരന്മാരായി വളര്‍ത്തുന്നതിനുമാണ് വിദ്യാദര്‍ശന്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളില്‍ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org