

കൊച്ചി: ആറു പതിറ്റാണ്ടുകളായി സമൂഹനന്മയ്ക്കായുള്ള മാതൃകാപരമായ ആത്മ സമര്‍പ്പണത്തിന്റെ ആഘോഷമാണ് ജൂബിലി വേളയെന്ന് സംസ്ഥാന ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ അഭിപ്രായപ്പെട്ടു. റിന്യൂവല്‍ സെന്ററില്‍ എറണാകുളംഅങ്കമാലി അതിരൂപതാ സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ സഹൃദയയുടെ വജ്രജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ എല്ലാം ചെയ്തു തരും, ജനങ്ങള്‍ ഗുണഭോക്താക്കള്‍ മാത്രം എന്ന ചിന്തയ്ക്കപ്പുറം എന്റെ നാടിനും സമൂഹത്തിനും നന്മയ്ക്കായി എനിക്ക് എന്തു ചെയ്യാനാവും എന്ന് ഓരോരുത്തരും ചിന്തിക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോഴാണ് വികസിത ഭാരതം എന്ന സ്വപ്നം സഫലമാകുന്നത്.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കുള്ള പരിമിതികള്‍ക്കപ്പുറം സാധാരണ ജനങ്ങള്‍ക്കിടയിലേക്ക ഇറങ്ങിച്ചെല്ലാനും അവരുടെ ആവശ്യങ്ങള്‍ മനസിലായി പ്രവര്‍ത്തിക്കാനും സഹൃദയയെ പോലുള്ള സന്നദ്ധ സംഘടനകള്‍ക്ക് കഴിയും. മറ്റുള്ളവരില്‍ നിന്നും എന്തെങ്കിലും ലഭിക്കുമെന്ന് ചിന്തിക്കാതെ എല്ലാവര്‍ക്കും സമൃദ്ധി നല്‍കി നദികള്‍ ഒഴുകുന്നതുപോലെ നമ്മുടെ ജീവിതവും മറ്റുള്ളവര്‍ക്ക് നന്മയും പ്രചോദനവുമാകണം.
മറ്റുള്ളവര്‍ക്കായി നന്മ ചെയ്യുമ്പോള്‍ ലഭിക്കുന്ന ആനന്ദമാണ് മറ്റെല്ലാ സന്തോഷങ്ങളെക്കാളും പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. സഹോദരീ സഹോദരന്മാരെ എന്ന് തുടക്കത്തിലും നന്ദി, നമസ്‌കാരം എന്ന് അവസാനവും മലയാളത്തില്‍ അദ്ദേഹം പറഞ്ഞപ്പോള്‍ സദസ് കൈയടിയോടെ സ്വീകരിച്ചു.
വജ്രജൂബിലി സ്മാരകമായി സഹൃദയ നടപ്പാക്കുന്ന ഭവനപദ്ധതിയുടെ ഉദ്ഘാടനവും ജൂബിലി സ്മരണികയുടെ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു.
സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ അധ്യക്ഷനായിരുന്നു. സാധരണക്കാര്‍ക്ക് അര്‍ഹമായ നീതി നേടിയെടുക്കാനുള്ള ശ്രമങ്ങളില്‍ അവരോടൊപ്പം നടന്നുകൊണ്ട് അവരെ ശക്തീകരിക്കുകയായിരുന്നു ഇക്കാലമത്രയും സഹൃദയ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. രൂപതകളിലെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള സംവിധാനമെന്ന നിലയില്‍ ഒരു സൊസൈറ്റി രൂപീകരിച്ചത് കേരളത്തിലെ ആദ്യ സംരംഭമായിരുന്നെന്നും കാര്‍ഡിനല്‍ പാറേക്കാട്ടിലിന്റെ ദീര്‍ഘവീക്ഷണമായിരുന്നു അതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബിഷപ്പ് എമരിറ്റസ് മാര്‍ തോമസ് ചകൃത്ത്, അതിരൂപതാ വികാരി ജനറല്‍ ഫാ. ആന്റോ ചേരാന്തുരുത്തി, സഹൃദയ ഡയറക്ടര്‍ ഫാ. ജോസഫ് കൊളുത്തു വെള്ളില്‍, അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ആന്റണി പുതിയാപറമ്പില്‍, അസി. ഡയറക്ടര്‍ ഫാ. സിബിന്‍ മനയംപിള്ളി, വിന്‍ സെന്റര്‍ പ്രസിഡന്റ് സിസ്റ്റര്‍ ആലീസ് ലൂക്കോസ്, ജോബി മാത്യു എന്നിവര്‍ സംസാരിച്ചു.
സഹൃദയയുടെ സഹകാരികളേയും ഗ്രാമതല സാമൂഹ്യ പ്രവര്‍ത്തകരേയും യോഗത്തില്‍ ആദരിച്ചു.