
എറണാകുളം : മണിപ്പൂർ കലാപത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് എറണാകുളം - അങ്കമാലി അതിരൂപതയുടെ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയയുടെ നേതൃത്വത്തിൽ 12 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. പാലാരിവട്ടം പി. ഒ. സിയിൽ വച്ചു നടന്ന ചടങ്ങിൽ സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിലിൽ നിന്നും കാരിത്താസ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. പോൾ മൂഞ്ഞേലി ചെക്ക് ഏറ്റുവാങ്ങി. സഹൃദയയുടെ നേതൃത്വത്തിൽ ഏകോപിപ്പിക്കുന്ന ദുരിതാശ്വാസപ്രവർത്തനങ്ങളുടെ ഭാഗമായി എട്ടു ടണ്ണോളം നിത്യോപയോഗ സാധനങ്ങൾ ആദ്യ ഘട്ടത്തിൽ മണിപ്പൂരിലെത്തിച്ചിരുന്നു. രണ്ടാം ഘട്ടമെന്നോണം അതിരൂപതയിലെ വിവിധ ഇടവകകളിൽ നിന്നും സമാഹരിച്ച തുകയാണ് കാരിത്താസ് ഇന്ത്യക്ക് കൈമാറിയതെന്ന് ഫാ. ജോസ് കൊളുത്തുവെള്ളിൽ അറിയിച്ചു. മണിപ്പൂരിലേക്ക് കൂടുതൽ നിത്യോപയോഗസാധനങ്ങൾ തുടർന്നും എത്തിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കേരള സോഷ്യൽ സർവീസ് ഫോറം എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ, സഹൃദയ അസിസ്റ്റന്റ് ഡയറക്ടർ ഫാ. സിബിൻ മനയമ്പിള്ളി എന്നിവർ ചടങ്ങിൽ സന്നിഹിതനായിരുന്നു.