
ആലുവ: അസഹിഷ്ണുതയും കിടമത്സരങ്ങളും വർധിച്ചുവരുന്ന ഇക്കാലത്ത് ഓണം പരസ്പര സ്നേഹത്തിന്റെയും സാമുദായിക ഐക്യത്തിന്റെയും സന്ദേശമാണ് പകരുന്നതെന്ന് അൻവർ സാദത്ത് എം.എൽ.എ . അഭിപ്രായപ്പെട്ടു. എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തനവിഭാഗമായ സഹൃദയയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന സഹൃദയ സ്വയം സഹായ സംഘങ്ങളുടെ ആഭിമുഖ്യത്തിൽ ചുണ്ടി പള്ളിയിൽ സംഘടിപ്പിച്ച കിഴക്കമ്പലം ഫൊറോനതല ഓണാഘോഷം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.. കിഴക്കമ്പലം ഫൊറോനാ വികാരി ഫാ. ഫ്രാൻസിസ് അരീക്കൽ അധ്യക്ഷതവഹിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് കാർഷിക ഉത്പന്നങ്ങളും ഭക്ഷ്യഉത്പന്നങ്ങളും ഉൾപ്പെടുത്തി സംഘടിപ്പിച്ച വിപണനമേളയുടെ ഉദ്‌ഘാടനം ഫാ. തോമസ് മഴുവഞ്ചേരി നിർവഹിച്ചു. . സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ ഓണ സന്ദേശം നൽകി. ഗ്രാമതലങ്ങളിൽ നടത്തിയ കലാ മത്സരങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കലാപരിപാടികൾ സമ്മേളനത്തിൽ അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷൈനി ടോമി, ജസീന്ത ബാബു, കോർഡിനേറ്റർ മെഴ്‍സമ്മ ഔസേപ്പച്ചൻ എന്നിവർ സംസാരിച്ചു.