
കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ചുങ്കം മേഖലയിലെ സ്വാശ്രയ സന്നദ്ധ പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് നേതൃത്വ പരിശീലന പരിപാടിയും കര്‍മ്മരേഖാ രൂപീകരണവും നടത്തപ്പെട്ടു. തൊടുപുഴ ചുങ്കം സെന്റ് മേരീസ് ഫൊറോനാ ചര്‍ച്ച് പാരീഷ് ഹാളില്‍ സംഘടിപ്പിച്ച നേതൃത്വ പരിശീലന പരിപാടിയുടെ ഉദ്ഘാടനം ചുങ്കം സെന്റ് മേരീസ് ചര്‍ച്ച് ഫൊറോനാ വികാരിയും ഗ്രാമവികസന സമിതി പ്രസിഡന്റുമായ റവ. ഫാ. ജോസ് അരീച്ചിറ നിര്‍വ്വഹിച്ചു. തൊടുപുഴ മുനിസിപ്പാലിറ്റി മുന്‍ കൗണ്‍സിലര്‍ സുമ ശിവരാമന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. സിറിയക് ഓട്ടപ്പള്ളില്‍, കോര്‍ഡിനേറ്റര്‍മാരായ ബെസ്സി ജോസ്, മേഴ്‌സി സ്റ്റീഫന്‍, ബിസി ചാക്കോ എന്നിവര്‍ പ്രസംഗിച്ചു. കെ.എസ്.എസ്.എസ് ചുങ്കം മേഖലയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയോടനുബന്ധിച്ച് സ്വാശ്രയസംഘ മേഖല ഫെഡറേഷന്‍ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും എസ്.എസ്.എല്‍.സി പരീക്ഷയിലെ എ പ്ലസ് വിജയികളെ ആദരിക്കലും നടത്തപ്പെട്ടു. സ്വശ്രയസംഘ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കി നൂതന കര്‍മ്മപദ്ധതികള്‍ ആസൂത്രണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്.