സ്വയംതൊഴില്‍ സംരംഭങ്ങള്‍ കോവിഡ് അതിജീവനത്തിന് വഴിയൊരുക്കും : മാര്‍ മാത്യു മൂലക്കാട്ട്

സ്വയംതൊഴില്‍ സംരംഭങ്ങള്‍ കോവിഡ് അതിജീവനത്തിന് വഴിയൊരുക്കും : മാര്‍ മാത്യു മൂലക്കാട്ട്
ഫോട്ടോഅടിക്കുറിപ്പ്: കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃതത്തില്‍ നടപ്പിലാക്കുന്ന തയ്യല്‍ മെഷീന്‍ ചലഞ്ച് പദ്ധതിയുടെ ഉദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിക്കുന്നു. ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍, ഫാ. സുനില്‍ പെരുമാനൂര്‍, സിജോ തോമസ് എന്നിവര്‍ സമീപം.

തയ്യല്‍ മെഷീന്‍ ചലഞ്ച് പദ്ധതിയുമായി കെ.എസ്.എസ്.എസ്

കോട്ടയം: സ്വയംതൊഴില്‍ സംരംഭങ്ങള്‍ കോവിഡ് അതിജീവനത്തിന് വഴിയൊരുക്കുമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. കോവിഡ് 19 വ്യാപന പശ്ചാത്തലത്തില്‍ വനിതകള്‍ക്കായി വരുമാന സംരംഭക സാധ്യതകള്‍ തുറന്ന് കൊടുക്കുക എന്ന ലക്ഷ്യത്തോടെ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃതത്തില്‍ നടപ്പിലാക്കുന്ന തയ്യല്‍ മെഷീന്‍ ചലഞ്ച് പദ്ധതിയുടെ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മേഖലകളിലും ഉണ്ടായ പ്രതിസന്ധികളെ അതിജീവിക്കുവാന്‍ പുതിയ ആശയങ്ങളും പുത്തന്‍ സംരംഭങ്ങളും ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍. അസി. ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍, പ്രോഗ്രാം ഓഫീസര്‍ സിജോ തോമസ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. അമേരിക്കയിലെ ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട അമ്പത് വനിതകള്‍ക്കാണ് തയ്യല്‍ മെഷിനുകള്‍ ലഭ്യമാക്കുന്നത്. തയ്യല്‍ ജോലികള്‍ എളുപ്പത്തില്‍ ചെയ്യുവാന്‍ സാധിക്കുന്ന മോട്ടോറോടു കൂടിയ അബ്രല മെഷീനുകളാണ് ലഭ്യമാക്കുന്നത്. കെ.എസ്.എസ്.എസിന്റെ ഇടയ്ക്കാട്ട്, കൈപ്പുഴ, കിടങ്ങൂര്‍, മലങ്കര, കടുത്തുരുത്തി, ഉഴവൂര്‍, ചുങ്കം, ഹൈറേഞ്ച് എന്നീ മേഖലകളിലെ വനിതകള്‍ക്കാണ് തയ്യല്‍ മെഷിനുകള്‍ വിതരണം ചെയ്യുന്നത്. കോവിഡ് പ്രതിരോധത്തിനായുള്ള മാസ്‌ക് നിര്‍മ്മാണം ഉള്‍പ്പടെയുള്ള തയ്യല്‍ ജോലികള്‍ ചെയ്തു വരുമാനം കണ്ടെത്തുവാന്‍ അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് തയ്യല്‍ മെഷീന്‍ ചലഞ്ച് കെ.എസ്.എസ്.എസ് സംഘടിപ്പിച്ചത്. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ 75 തയ്യല്‍ മെഷിനുകള്‍ കെ.എസ്.എസ്.എസ് വിതരണം ചെയ്തതായി കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ അറിയിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org