സഹൃദയ ചൈൽഡ് ഡവലപ്മെന്റ് സെന്ററിൻ്റെ (സീക് ) സമർപ്പണം നടത്തി

സഹൃദയ ചൈൽഡ് ഡവലപ്മെന്റ് സെന്ററിൻ്റെ (സീക് ) സമർപ്പണം നടത്തി
Published on

സമൂഹത്തിൽ വേദനിക്കുന്നവർക്കും മുഖ്യധാരയിൽ നിന്ന് അകന്നു കഴിയുന്നവർക്കും സ്വന്തം കാലിൽ നിൽക്കാനുള്ള ശേഷി പകരുന്ന കാഴ്ചപ്പാട് സമൂഹം വളർത്തിയെടുക്കണമെന്ന് സിറോമലബാർസഭാ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ അഭിപ്രായപ്പെട്ടു. എറണാകുളം - അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയയുടെ ആഭിമുഖ്യത്തിൽ ശിശുക്കളിലെ വളർച്ചാ വെല്ലുവിളികൾ തുടക്കത്തിലേ കണ്ടെത്തുവാനും അനുയോജ്യ തെറാപ്പികളിലൂടെ ഭേദമാക്കാനും ലക്ഷ്യമിട്ട് ഫെഡറൽ ബാങ്ക് ഹോർമീസ് മെമോറിയൽ ഫൗണ്ടേഷന്റെ സഹകരണത്തോടെ ചെങ്ങമനാട് പുറയാറിൽ സ്ഥാപിച്ചിട്ടുള്ള സഹൃദയ ഏർലി ഇന്റർവെൻഷൻ ആൻഡ് എംപവർമെൻറ് കേന്ദ്ര- ചൈൽഡ് ഡവലപ്മെന്റ് സെന്ററിന്റെ (സീക് ) ഉദ്‌ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശാരീരിക, മാനസിക പരിമിതികൾ മൂലം വീടുകളിൽ ഒതുങ്ങിക്കഴിയുന്ന കുട്ടികൾക്ക് പൊതു സമൂഹത്തിലേക്കിറങ്ങി വരാൻ ഇത്തരം സ്ഥാപനങ്ങൾ ഉപകാര പ്രദമാകുമെന്ന് അദ്ദേഹം പറഞ്ഞു. അൻവർ സാദത്ത് എം.എൽ.എ.  അധ്യക്ഷനായിരുന്നു.  സർക്കാരും ജനപ്രതിനിധികളും ചെയ്യുന്നതിനപ്പുറമുള്ള സേവനം നൽകുന്ന സമർപ്പിത സമൂഹം ആദരിക്കപ്പെടേണ്ടതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഫെഡറൽ ബാങ്ക് സോണൽ ഹെഡ് സി. എം. ശശിധരൻ ശിലാഫലകം അനാച്ഛാദനം ചെയ്തു മുഖ്യപ്രഭാഷണം നടത്തി.

ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സജീന സുബൈർ വെബ് സൈറ്റ്  ഉദ്‌ഘാടനം ചെയ്തു. എറണാകുളം - അങ്കമാലി അതിരൂപതാ  വികാരി ജനറൽ ഫാ. ആന്റോ ചേരാന്തുരുത്തി  ചൈൽഡ്  ഡവലപ്മെന്റ് സെന്ററിന്റെ ലോഗോ പ്രകാശനം ചെയ്തു. കാഞ്ഞൂർ ഫൊറോനാ വികാരി ഫാ. ജോയ് കണ്ണമ്പുഴ, ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ഗായത്രി വാസൻ, സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ, അസോസിയേറ്റ് ഡയറക്ടർ ഫാ. ആന്റണി പുതിയാപറമ്പിൽ , അസി. ഡയറക്ടർ ഫാ. സിബിൻ മനയംപിള്ളി, ജനറൽ മാനേജർ പാപ്പച്ചൻ തെക്കേക്കര എന്നിവർ സംസാരിച്ചു. 

ജനനം മുതൽ 6 വയസുവരെ പ്രായത്തിനുള്ളിൽ കുഞ്ഞുങ്ങളുടെ വളർച്ചയിലുണ്ടാകുന്ന കാലവിളംബം, ക്രമരാഹിത്യം എന്നിവ കണ്ടെത്തി അനുയോജ്യമായ ഫിസിയോ, ഒക്കുപ്പേഷണൽ, സെൻസറി, സ്പീച്ച്, ഓഡിയോ, ഗാമിഫൈഡ്, സ്‌പെഷ്യൽ തെറാപ്പികളിലൂടെ സാധാരണ നിലയിലേക്ക് ക്രമപ്പെടുത്തുന്നത്തിനുള്ള സൗകര്യങ്ങളാണ് സഹൃദയ വജ്രജൂബിലി സ്മാരകമായി നിർമിച്ച  ഈ സ്ഥാപനം ലക്ഷ്യമിടുന്നത് .

തായിക്കാട്ടുകര തട്ടിൽ ജോർജ്, മേരി ജോർജ് ദമ്പതികളാണ് ചൈൽഡ് ഡവലപ്മെന്റ് സെന്ററിന് വേണ്ടിയുള്ള സ്ഥലം സഹൃദയയ്ക്ക് സംഭാവന ചെയ്തത്.  ഭിന്നശേഷിക്കാർക്കുള്ള തൊഴിലധിഷ്ഠിത പരിശീലനങ്ങൾ, സാമൂഹ്യാധിഷ്ഠിത പുനരധിവാസ പദ്ധതി പ്രവർത്തനങ്ങളുടെ സംഘാടനം, ചികിത്സാർത്ഥം താമസിക്കുന്നതിനുള്ള സൗകര്യം, സാധാരണക്കാർക്ക് മിതമായ നിരക്കിൽ നവീന സാങ്കേതിക വിദ്യകൾ  ഉപയോഗപ്പെടുത്തി ശാസ്ത്രീയ ചികിത്സയിൽ പ്രാവീണ്യമുള്ളവരും  പരിചയസമ്പന്നരുമായവരുടെ സേവനം എന്നിവയും ചൈൽഡ് ഡവലപ്മെന്റ് സെന്ററിൽ ലഭ്യമാണെന്ന് സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ അറിയിച്ചു. 

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org