
കൊച്ചി: സാനു മാഷിന്റെ സാമൂഹ്യ പ്രതിബദ്ധതയാണ് പൊതുവിടങ്ങളിൽ അദ്ദേഹത്തിന് കൂടുതൽ താല്പര്യം ഉളവാക്കിയിരുന്നതെന്ന് കേരള നോളജ് ഇക്കണോമി മിഷൻ ഡയറക്ടർ പി എസ് ശ്രീ കല അഭിപ്രായപ്പെട്ടു. എവിടെയും യാത്ര ചെയ്തു പ്രസംഗിക്കുവാൻ അദ്ദേഹത്തിന്റെ അവസന നാളുകളിൽ പോലും തയ്യാറായിരുന്നു.
രാഷ്ട്രീയക്കാരനായി അറിയപ്പെടാനല്ല, ഒരു എഴുത്തുകാരൻ ആയിട്ടാണ് താല്പര്യം ഉണ്ടായിരുന്നത്. ആരെയും വേദനിപ്പിക്കുന്ന തരത്തിൽ വിമർശിക്കുവാനോ സംസാരിക്കുവാനോ മാഷ് തയ്യാറായിരുന്നില്ല. മാനുഷികതയ്ക്കാണ് പ്രാധാന്യം നൽകിയിരുന്നത്. മനുഷ്യത്വം ഇല്ലെങ്കിൽ മനുഷ്യൻ അല്ല എന്ന ശ്രീനാരായണ ഗുരുവിന്റെ ദർശനത്തെ ജീവിതത്തിൽ പ്രാവർത്തികമാക്കിയ വ്യക്തിയാണ് സാനു മാഷ്. സാനു മാഷ് ഏവർക്കും വിസ്മയമായിരുന്നുവെന്ന് പി. എസ് ശ്രീകല ചൂണ്ടികാട്ടി.
ചാവറ കൾച്ചറൽ സെന്ററും ലളിതാംബിക അന്തർജനം സാഹിത്യ വേദിയും സംഘടിപ്പിച്ച നിത്യ " വിസ്മയം സാനു" , മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു പി എസ് ശ്രീകല. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി എം ഐ അധ്യക്ഷത വഹിച്ചു.
ലളിതാംബിക അന്തർജനം സെന്റർ ഡയറക്ടർ തനൂജ ഭട്ടതിരി, ജയശ്രീ ശങ്കർ, ഫൗസിയ കളപ്പാട്ട്, രഞ്ജിത്ത് സാനു, അനാമിക സജീവ്, സിന്ധു സൂസൻ വർഗീസ്, ഡോ. രേണു പുത്തൂർ, കെ സരസ്വതിയമ്മ,നിജു ആൻ ഫിലിപ്പ്, സീജ ജിതേഷ് മീരബെൻ എന്നിവർ പ്രസംഗിച്ചു.