ലോകസമാധാനത്തിനായി സഹോദരിമാരുടെ സാര്‍വദേശീയഗാനം

ലോകസമാധാനത്തിനായി സഹോദരിമാരുടെ സാര്‍വദേശീയഗാനം
Published on

ആലപ്പുഴ: ദേശീയഗാനങ്ങളിലൂടെ ലോകസമാധാനത്തിനും രാജ്യങ്ങള്‍ തമ്മിലുള്ള സാഹോദര്യവും സൗഹൃദവും ഉറപ്പിക്കാന്‍ മലയാളി സഹോദരിമാര്‍. ഐക്യ രാഷ്ട്ര സംഘടന രൂപീകരിച്ചതിന്‍റെ 75-ാം വാര്‍ഷികത്തിന്‍റെ ഭാഗമായി വിവിധ രാജ്യങ്ങളില്‍ യു.എന്‍. അംഗത്വമുള്ള 193 രാജ്യങ്ങള്‍ ഉള്‍പ്പെടെ 195 രാജ്യങ്ങളുടെ ദേശീയഗാനം അവതരിപ്പിക്കാനാണ് ഓസ്ട്രേലിയായില്‍ താമസമാക്കി ആലപ്പുഴ തൈക്കാട്ടുശ്ശേരി സ്രാമ്പിക്കല്‍ ഇടവകയിലെ കണിയാംപറമ്പില്‍ ജോയ് കെ. മാത്യുവിന്‍റെയും ജാക്വിന്‍റെയും മക്കളായ തെരേസയും ആഗ്നസും തയ്യാറെടുക്കുന്നത്. 'സല്യൂട്ട് ദി നേഷന്‍സ്' എന്ന പേരിലാകും പരിപാടികള്‍. ആവശ്യപ്പെട്ടാലുടന്‍ ഏതു രാജ്യത്തിന്‍റെയും ദേശീയഗാനം ഇരുവരും ആലപിക്കും. എട്ടു വര്‍ഷമായുള്ള തയ്യാറെടുപ്പാണു പദ്ധതിക്കു പിന്നിലെന്നു ബ്രിസ്ബേനിലെ ഗ്രിഫിത് സര്‍വകലാശാലയില്‍ രണ്ടാം വര്‍ഷ ക്രിമിനോളജി ആന്‍ഡ് സൈക്കോളജി വിദ്യാര്‍ത്ഥിനയായ തെരേസയും കാലംവെയില്‍ കോളജിലെ 11-ാം ക്ലാസ്സ് വിദ്യാര്‍ഥിനിയായ ആഗ്നസും പറയുന്നു.

195 രാജ്യങ്ങളുടെയും ദേശീയാനങ്ങള്‍ നൂറിലേറെ ഭാഷകളിലായാണ് ഓസ്ട്രേലിയയില്‍ ചലച്ചിത്രനിര്‍മാതാവും സംവിധാകനുമായ ജോയ് മാത്യുവാണു മക്കള്‍ക്ക് ഈ ആശയം നല്കിയത്. ദേശീയഗാനങ്ങള്‍ കണ്ടെത്തി പഠിപ്പിച്ചതും അച്ഛനാണെന്ന് ആഗ്നസും തെരേസയും പറഞ്ഞു. യു.കെ.യുടെ ദേശീയഗാനമാണ് ആദ്യം പഠിച്ചത്. ഓരോ ഗാനത്തിന്‍റെയും ആശയവും അര്‍ത്ഥവും അറിഞ്ഞാണു പഠിച്ചത്. ഓരോ ദേശീയഗാനത്തിന്‍റെയും ചരിത്രവും അവ എഴുതിയത് ആരാണെന്നും ഏതു ഭാഷയിലാണെന്നും ഉള്‍പ്പെടെയുള്ള വിശദാംശങ്ങളും ഇരുവരും പഠിച്ചു. ഐക്യരാഷ്ട്രസംഘടനയുമായി സഹകരിച്ച് എല്ലാ ഭൂഖണ്ഡങ്ങളിലും ദേശീയഗാനം അവതരിപ്പിക്കാനുള്ള പരിപാടികള്‍ സംഘടിപ്പിക്കുകയാണു ലക്ഷ്യം. സമാഹരിക്കുന്ന പണം ഐക്യ രാഷ്ട്ര സംഘടനയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും ലോകസമാധാനത്തിനുവേണ്ടിയള്ള പ്രയത്നങ്ങള്‍ക്കും സംഭാവന ചെയ്യുമെന്ന് ഇരുവരും പറയുന്നു. വൈക്കം ഉല്ലല പുഞ്ചിരിക്കാട്ട് കുടുംബാംഗമാണു ആഗ്നസിന്‍റെയും തെരേസയുടെയും അമ്മ ജാക്വിലിന്‍.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org