ഓട്ടോ യാത്രയ്ക്ക് ”ആപ്പ്” അവതരിപ്പിച്ച് സാരഥി

ഓട്ടോ യാത്രയ്ക്ക് ”ആപ്പ്” അവതരിപ്പിച്ച് സാരഥി

കൊച്ചി: ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടൗണ്‍ ടെക്‌നോളജീസിന്റെ ശ്രമഫലമായി വികസിപ്പിച്ച ടൗണ്‍ കോണ്‍ടാക്റ്റ് എന്ന മൊബൈല്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്താല്‍ യാത്രക്കാര്‍ക്ക് ഏറ്റവും അടുത്തുള്ള ഓട്ടോറിക്ഷകളുടെ വിവരങ്ങള്‍ മാത്രമല്ല, ആവശ്യസര്‍വ്വീസുകളുടെയെല്ലാം വിവരങ്ങള്‍ ലഭിക്കും. ഉദാഹരണത്തിന് ഏറ്റവും അടുത്തുള്ള എ.ടി.എം. കൗണ്ടറുകള്‍, ആശുപത്രികള്‍, റസ്റ്റോറന്റുകള്‍, രക്തദാതാക്കള്‍ തുടങ്ങി നിരവധി സേവനങ്ങളാണ്. ഈ ആപ്പുവഴി ആളുകള്‍ക്ക് ലഭിക്കുക. കേരളത്തില്‍ ഈ ആപ്പ് ജനങ്ങളിലേക്ക് എത്തിക്കുന്നത് സാരഥിയാണ്. സാരഥി കഴിഞ്ഞ 21 കൊല്ലമായി ഓട്ടോറിക്ഷ – ടാക്‌സി ഡ്രൈവര്‍മാരുടെ സമഗ്രവികസനം ലക്ഷ്യം വച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. രാഷ്ട്രീയത്തിനും, മതവര്‍ണ്ണ വ്യത്യാസങ്ങള്‍ക്കും അതീതമായി അതതു സ്ഥലങ്ങളിലെ ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാരുടെ കൂട്ടായ്മകളാണ് സാരഥി പ്രവര്‍ത്തകര്‍. ഒന്നരലക്ഷത്തോളം അംഗങ്ങളുള്ള ഈ സംഘടന അംഗങ്ങള്‍ക്ക് ടൗണ്‍ കോണ്‍ടാക്റ്റ് ഫ്രീ ആയിട്ടാണ് മാര്‍ച്ച് 31 വരെ നല്കുക. തുടര്‍ന്ന് സാരഥി അംഗങ്ങളാകുന്നവര്‍ക്ക് വാര്‍ഷിക വരിസംഖ്യയായി 299 രൂപ നല്‌കേണ്ടി വരും. എന്നാല്‍ മറ്റ് ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്കും ഈ ആപ് ഉപയോഗിക്കാം. വര്‍ഷിക വരിസംഖ്യയായി അവര്‍ 599 രൂപ നല്‌കേണ്ടി വരും.
ഈ ആപ്പ് ഉപയോഗിച്ച് ഓട്ടോ വിളിക്കുന്നവര്‍ക്ക് ഏറ്റവും അടുത്തുള്ള ഓട്ടോ ഡ്രൈവര്‍മാരുടെ പേരും ഫോണ്‍ നമ്പറും വണ്ടിയുടെ വിശദാംശങ്ങളും ലഭ്യമായിരിക്കും. പോകേണ്ട സ്ഥലദൂരമനുസരിച്ച് നിരക്കുകള്‍ ന്‌ലകേണ്ടി വരും. വാര്‍ഷിക വരിസംഖ്യ അല്ലാതെ മറ്റു തരത്തിലുള്ള ഒരു കമ്മീഷനുകളും മൊബൈല്‍ ആപ്പ് ഉണ്ടാക്കിയ കമ്പനിയോ, സാരഥിയോ ഈടാക്കുന്നതല്ല. കേരളത്തിലെവിടേയും സിറ്റി എന്നോ ഗ്രാമം എന്നോ വ്യത്യാസമില്ലാതെ ആപ്പിന്റെ ഉപയോഗം ലഭ്യമാണ് എന്ന് ടൗണ്‍ കോണ്‍ടാക്റ്റ് ആപ്പ് നിര്‍മ്മിച്ച കമ്പനി ഉടമ ശ്രീ. ജോയേല്‍ ഇമ്മാനുവല്‍ അറിയിച്ചു. ഇത്തരത്തില്‍ വിവിധ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ ഒരു ആപ്പ് സാരഥി വഴി ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും ഈ ആപ്പിന്റെ ഉപയോഗം വഴി പൊതുജനങ്ങളുടെ അനുദിനാവശ്യങ്ങളില്‍ അവര്‍ക്ക് സഹായകരമാകട്ടെ എന്നും സാരഥി സംസ്ഥാന ഡയറക്ടര്‍ റവ. ഡോ. സെബാസ്റ്റിയന്‍ തേയ്ക്കാനത്ത് പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org