
സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കണം എന്ന ആവശ്യം സുപ്രീംകോടതിക്ക് മുന്നില്‍ ഉന്നയിക്കപ്പെടുകയും കേസില്‍ വാദം പുരോഗമിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ കത്തോലിക്കാ സഭയുടെ നിലപാട് വ്യക്തമാക്കി കെസിബിസി ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ഡോ. പോള്‍ ആന്റണി മുല്ലശ്ശേരി ഇന്ത്യയുടെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തുകള്‍ അയച്ചു.
സ്വവര്‍ഗ്ഗ വിവാഹങ്ങള്‍ക്ക് നിയമസാധുത നല്‍കുന്നതിലും കുടുംബമായി ജീവിക്കാന്‍ അനുവദിക്കുന്നതിലും തെറ്റില്ല എന്ന പ്രാഥമിക നിരീക്ഷണം നടുക്കമുളവാക്കുന്നതും ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുന്നതുമാണ് എന്ന് കത്തില്‍ വ്യക്തമാക്കി. കത്തോലിക്കാ സഭയുടെ പ്രബോധനങ്ങളും വിശുദ്ധ ഗ്രന്ഥവും പ്രകാരവും, മാനവരാശി പിന്തുടര്‍ന്നുപോരുന്ന ധാര്‍മ്മിക മൂല്യങ്ങള്‍ പ്രകാരവും സ്വവര്‍ഗ്ഗ വിവാഹം എന്ന ആശയം അധാര്‍മ്മികമാണ്. വിവാഹബന്ധം ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ഇഴപിരിയാത്ത സ്‌നേഹത്തില്‍ അധിഷ്ഠിതവും ജീവിതപങ്കാളികളുടെ നന്മയും മക്കളുടെ മൂല്യാധിഷ്ഠിതവും സമഗ്രവുമായ രൂപീകരണം ഉറപ്പുവരുത്തിക്കൊണ്ടുള്ളതുമായിരിക്കണം. ആരോഗ്യകരമായ ഒരു കുടുംബ സാഹചര്യത്തില്‍നിന്നാണ് ധാര്‍മ്മികതയിലും മൂല്യബോധത്തിലും അടിയുറച്ച ഒരു തലമുറ രൂപപ്പെടുന്നത്. സമൂഹത്തിന്റെ അടിത്തറയാണ് കുടുംബം, കുടുംബത്തിന്റെ അടിസ്ഥാനമായ വിവാഹബന്ധത്തിന്റെ പവിത്രത നഷ്ടപ്പെടുത്താന്‍ ഇടവരുത്തരുത്.
സ്ത്രീ പുരുഷ ബന്ധത്തില്‍ അധിഷ്ഠിതവും, പങ്കാളികളുടെ പരസ്പര സ്‌നേഹത്തിന്റെ തുടര്‍ച്ചയായ പ്രത്യുല്‍പ്പാദനവും ലക്ഷ്യം വച്ചുള്ളതുമായ ലൈംഗികതയുടെ ഇപ്രകാരമുള്ള അപഭ്രംശങ്ങളെ അംഗീകരിക്കുവാനും സ്വാഭാവികമെന്ന് കരുതുവാനും ഇന്ത്യയുടെ മഹത്തായ സംസ്‌കാരത്തിന് സാധ്യമല്ല. സ്വവര്‍ഗ ലൈംഗികത പോലുള്ള പ്രവൃത്തികള്‍ ലൈംഗികതയുടെ സ്വാഭാവിക ലക്ഷ്യത്തില്‍നിന്നുള്ള വ്യതിചലനവും ധാര്‍മ്മികതയ്ക്ക് നിരക്കാത്തതുമാണ്. ലൈംഗികതയുടെ യഥാര്‍ത്ഥ ലക്ഷ്യത്തെ വിസ്മരിച്ചുകൊണ്ടുള്ള നീക്കങ്ങള്‍ വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കും. യാഥാര്‍ത്ഥ്യങ്ങളെയും ധാര്‍മ്മിക മൂല്യങ്ങളെയും വിസ്മരിച്ചുകൊണ്ടുള്ള മുന്നേറ്റങ്ങള്‍ ശക്തിപ്രാപിക്കുന്ന ഈ ഘട്ടത്തില്‍ വിവാഹത്തിന്റെയും കുടുംബ ബന്ധങ്ങളുടെയും പവിത്രതയും മഹത്വവും കാത്തുസൂക്ഷിക്കുവാനും ഇതുപോലുള്ള നീക്കങ്ങളെ ചെറുക്കുവാനുമുള്ള നടപടികള്‍ സ്വീകരിക്കണമെന്നും രാഷ്ട്രപതിയോടും പ്രധാനമന്ത്രിയോടും ബിഷപ്പ് ഡോ. പോള്‍ ആന്റണി മുല്ലശ്ശേരി അഭ്യര്‍ത്ഥിച്ചു.