പരിസ്ഥിതിസന്ദേശവുമായി സഹൃദയ വനിതാദിനാചരണം 

പരിസ്ഥിതിസന്ദേശവുമായി സഹൃദയ വനിതാദിനാചരണം 

ഫോട്ടോ അടിക്കുറിപ്പ്‌: അങ്കമാലി മേഖലാതല സഹൃദയ വനിതാദിനാചരണം നഗരസഭാ ഉപാധ്യക്ഷ റീത്താ പോൾ ഉദ്‌ഘാടനം ചെയ്യുന്നു.  ഷാലി തോമസ്,ബേബി ജോസ്,  മേഴ്‌സി അവറാച്ചൻ,  ഫാ. ജിനോ ഭരണികുളങ്ങര,  ജീസ് പി പോൾ ,  മോളി മാത്യു എന്നിവർ സമീപം.

വരും തലമുറയ്ക്കും ഭൂമി വാസയോഗ്യമാക്കിത്തീർക്കുന്നതിനാവശ്യമായ പരിസ്ഥിതി ബോധം സമൂഹത്തിൽ വളർത്തിയെടുക്കുന്നതിൽ ഓരോ വീട്ടമ്മയ്ക്കും നിർണായക പങ്കു വഹിക്കാനാകുമെന്ന് അങ്കമാലി നഗരസഭാ ഉപാധ്യക്ഷ റീത്താ പോൾ അഭിപ്രായപ്പെട്ടു. എറണാകുളം -അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയയുടെ ആഭിമുഖ്യത്തിൽ സഹൃദയ സ്വയം സഹായ സംഘങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് സംഘടിപ്പിച്ച അങ്കമാലി മേഖലാതല വനിതാ ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ മുൻനിരയിൽ പ്രവർത്തിച്ച ആശാ വർക്കർമാരെ യോഗത്തിൽ ആദരിച്ചു. സുബോധന പാസ്റ്ററൽ സെന്ററിൽ നടത്തിയ യോഗത്തിൽ സഹൃദയ അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജിനോ ഭരണികുളങ്ങര അധ്യക്ഷനായിരുന്നു. പരിസ്ഥിതി സംരക്ഷണ സന്ദേശം വ്യാപകമാക്കുവാൻ സഹൃദയ ആവിഷ്കരിച്ചിരിക്കുന്ന കാർബൺ ഫാസ്റ്റിങ് കാംപയിന്റെ  ഭാഗമായി നൽകുന്ന തുണിസഞ്ചികളുടെ വിതരണ ഉദ്‌ഘാടനം മൈക്രോ എന്റർപ്രൈസസ് മാനേജർ പി.ടി.ദേവസിയും വിദ്യാഭ്യാസ സ്കോളര്ഷിപ്പിൻറെ വിതരണ ഉദ്‌ഘാടനം വെസ്കോ ക്രഡിറ്റ് മാനേജർ സി.ജെ.പ്രവീണും നിർവഹിച്ചു. ആരോഗ്യ ബോധവത്കരണ ക്‌ളാസ്  കോവിഡ് 19 നോഡൽ ഓഫീസർ ഡോ . കെ. ബി. ബിന്ദുവും പരിസ്ഥിതി സെമിനാര് സഹൃദയ ടെക് മാനേജർ ജീസ് പി പോളും നയിച്ചു.  നഗരസഭാ കൗൺസിലർ മോളി മാത്യു, സഹൃദയ റീജണൽ കോ ഓർഡിനേറ്റർ ഷാലി തോമസ്, മേഴ്‌സി അവറാച്ചൻ എന്നിവർ പ്രസംഗിച്ചു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org