ദുരിതബാധിതരായ തീരദേശനിവാസികൾക്ക്  സഹൃദയയുടെ ഭക്ഷ്യകിറ്റുകൾ

ദുരിതബാധിതരായ തീരദേശനിവാസികൾക്ക്  സഹൃദയയുടെ ഭക്ഷ്യകിറ്റുകൾ

ചിത്രം : സഹൃദയയുടെയും,കാരിത്താസ് ഇന്ത്യയുടെയും നേതൃത്വത്തിൽ തീരദേശനിവാസികൾക്കുള്ള ഭക്ഷ്യകിറ്റുകളുടെ വിതരണോദ്ഘാടനം ഹൈബി ഈഡൻ എം. പി നിർവഹിക്കുന്നു. സഹൃദയ ഡയറക്ടർ ഫാ. ജോസഫ് കൊളുത്തുവെള്ളിൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ആൻസിൽ മയ്പ്പാൻ, ഇടവക വികാരി ഫാ. ജോസഫ് കരുമത്തി, ഡോണ മാസ്റ്റർ, ആശ എന്നിവർ സമീപം.


കൊവിഡ് രണ്ടാം തരംഗവും, ടൗട്ടേ ചുഴലിക്കാറ്റും കടൽക്ഷോഭവും ഏല്പിച്ച ഇരട്ടപ്രഹരത്തിന്റെ ആഘാതം കുറക്കുന്നതിനായി ഗവണ്മെന്റ് നടത്തി വരുന്ന  പ്രതിരോധപ്രവർത്തനങ്ങൾക്ക് സഹൃദയയുടെ കരുതൽ പദ്ധതി ഏറെ സഹായകരമാണെന്ന് ഹൈബി ഈഡൻ എം.പി.അഭിപ്രായപ്പെട്ടു. എറണാകുളം – അങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയ, കാരിത്താസ് ഇന്ത്യയുടെ സഹകരണത്തോടെ  പറവൂർ, വൈപ്പിൻ തീരദേശ മേഖലയിലെ ദുരിതബാധിതർക്ക് നൽകുന്ന  ഭക്ഷ്യകിറ്റുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിൽ സാധ്യതകൾ പോലും ഇല്ലാതായ അവസരത്തിൽ ഭക്ഷണ കിറ്റുകൾ എത്തിച്ചു നൽകുന്നത് വലിയൊരു കാരുണ്യ പ്രവൃത്തിയാണെന്നും അദ്ദേഹം പറഞ്ഞു.  കൊവിഡ് രോഗവും  ടൗട്ടേ ചുഴലിക്കാറ്റിൻ്റെ ഭാഗമായ കടൽക്ഷോഭവും പറവൂർ,വൈപ്പിൻ തീര മേഖലകളിൽ ഏറെനാശം വിതച്ചിരുന്നു. ദുരിതബാധിതർക്ക് അവശ്യസാധനങ്ങളടങ്ങിയ ഭക്ഷ്യകിറ്റിനോടൊപ്പം മാസ്ക്, ഹാൻഡ്‌വാഷ് തുടങ്ങിയ ഹൈജീൻസാമഗ്രികളുമാണ് എത്തിച്ചിട്ടുള്ളതെന്ന്  സഹൃദയ ഡയറക്ടർ ഫാ. ജോസഫ് കൊളുത്തുവെള്ളിൽ അറിയിച്ചു. ചെറായി, കുഴുപ്പിള്ളി, ഞാറക്കൽ, നായരമ്പലം എന്നീ സ്ഥലങ്ങളിലാണ് സഹൃദയ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തത്.   സഹൃദയ അസിസ്റ്റന്റ് ഡയറക്ടർ ഫാ. ആൻസിൽ മയ്പ്പാൻ, സഹൃദയ സമരിറ്റൻസ്‌ അംഗങ്ങളായ നെൽവിൻ വർഗീസ്, ഷിംജോ ദേവസ്യ, മാർട്ടിൻ വർഗീസ്, അനന്തു ഷാജി, അനൂപ് ആന്റണി എന്നിവരുടെ നേതൃത്വത്തിലാണ് ഭക്ഷ്യകിറ്റുകൾ വിവിധ സ്ഥലങ്ങളിൽ എത്തിച്ചു നൽകിയത്. ഞാറക്കൽ സെന്റ് മേരീസ്‌ ദേവാലയത്തിൽ വച്ചു നടന്ന വിതരണോദ്ഘാടന ചടങ്ങിൽ ഇടവക വികാരി ഫാ.ജോസഫ് കരുമത്തി,  ഡോണോ മാസ്റ്റർ, പഞ്ചായത്ത്‌ മെമ്പർ ആശ എന്നിവരും സന്നിഹിതരായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org