സഹൃദയ 25 കാരുണ്യഭവനങ്ങളുടെ താക്കോൽ ദാനം നടത്തി

സഹൃദയ 25 കാരുണ്യഭവനങ്ങളുടെ താക്കോൽ ദാനം നടത്തി

കുവൈറ്റ് സിറോ മലബാർ കൾച്ചറൽ അസോസിയേഷന്റെ സഹകരണത്തോടെ സഹൃദയ നിർമിച്ചു നൽകിയ 25 ഭവനങ്ങളുടെ താക്കോൽ ദാനകർമം ആർച്ച്ബിഷപ്പ് മാർ ആന്റണി കരിയിൽ, ടി.ജെ. വിനോദ് എം.എൽ.എ. എന്നിവർ ചേർന്ന് നിർവഹിക്കുന്നു. ഫാ.ജോസ് കൊളുത്തുവെള്ളിൽ, ജേക്കബ് പൈനാടത്ത്, ജോൺസൺ നീലങ്കാവിൽ, ആന്റണി മനോജ് കിരിയാന്തൻ, ജോജി ചേപ്പില തുടങ്ങിയവർ സമീപം.

പാർപ്പിടമില്ലാത്തവർക്ക് പാർപ്പിടം നൽകുന്നതിന് മനസുണ്ടാവുക എന്നത് ഈ കാലഘട്ടത്തിന്റെ ആവശ്യങ്ങളോടുള്ള സാമൂഹ്യ പ്രതിബദ്ധതയിൽ ഏറെ പ്രധാനപ്പെട്ടതാണെന്ന് എറണാകുളം - അങ്കമാലി അതിരൂപതാ മെത്രാപ്പോലീത്തൻ വികാരി ആർച്ച്ബിഷപ്പ് മാർ ആന്റണി കരിയിൽ അഭിപ്രായപ്പെട്ടു. കുവൈറ്റ് സിറോ മലബാർ കൾച്ചറൽ അസോസിയേഷന്റെ സഹകരണത്തോടെ എറണാകുളം - അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയ പൂർത്തിയാക്കിയ 25 കാരുണ്യഭവനങ്ങളുടെ താക്കോൽ ദാനകർമത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. അതിരൂപതയുടെ സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളിൽ ഭവന നിർമാണ, പുനരുദ്ധാരണ പ്രവൃത്തികൾക്ക് മുഖ്യപരിഗണന നൽകി വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മേജർ ആർച്ച്ബിഷപ്സ് ഹൗസിൽ സംഘടിപ്പിച്ച യോഗം ടി.ജെ. വിനോദ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ ആവശ്യം മനസിലാക്കി സാമൂഹ്യ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്ന സഹൃദയയുടെ മാതൃക അനുകരണീയമാണെന്ന് അദ്ദേഹം പറഞ്ഞു. കാരുണ്യഭവനങ്ങളുടെ താക്കോൽ ദാനം ആർച്ച്ബിഷപ്പ്, എം.എൽ.എ. സിറോ മലബാർ കൾച്ചറൽ അസോസിയേഷൻ പ്രതിനിധികൾ എന്നിവർ ചേർന്ന് നിർവഹിച്ചു. സഹൃദയ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ജോസ് കൊളുത്തുവെള്ളിൽ ആമുഖ പ്രഭാഷണം നടത്തി. കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സെക്രട്ടറി ആന്റണി മനോജ് കിരിയാന്തൻ, സിറോ മലബാർ കൾച്ചറൽ അസോസിയേഷൻ പ്രതിനിധികളായ ജോൺസൺ നീലങ്കാവിൽ, ജേക്കബ് പൈനാടത്ത്, ജോജി ചേപ്പില, സഹൃദയ അസി.ഡയറക്ടർ ഫാ. ആൻസിൽ മൈപ്പാൻ, ജനറൽ മാനേജർ പാപ്പച്ചൻ തെക്കേക്കര, ആനീസ് ജോബ്, ജീസ് പി.പോൾ എന്നിവർ സംസാരിച്ചു. കാരുണ്യഭവനങ്ങളുടെ ഗുണഭോക്താക്കളെ ജാതി, മത ഭേദമെന്യേ തെരഞ്ഞെടുത്തതു മുതൽ നിർമാണ മേൽനോട്ടവും പൂർത്തീകരണവും ഉൾപ്പടെയുള്ള നടപടികൾ പ്രാദേശിക സമിതികളുടെ നേതൃത്വത്തിലാണ് നടത്തിയതെന്ന് സഹൃദയ ഡയറക്ടർ ഫാ.ജോസ് കൊളുത്തുവെള്ളിൽ അറിയിച്ചു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org