പരിഷ്‌ക്കരിച്ച പിഒസി ബൈബിള്‍ പ്രസിദ്ധീകരിച്ചു

പരിഷ്‌ക്കരിച്ച പിഒസി ബൈബിള്‍ പ്രസിദ്ധീകരിച്ചു
Published on

കൊച്ചി: 2008-ല്‍ ആരംഭിച്ച് നീണ്ട പതിനാറുവര്‍ഷത്തെ പരിഷ്‌ക്കരണ ജോലികള്‍ക്കുശേഷം പിഒസി പരിഷ്‌ക്കരിച്ച ബൈബിള്‍ കേരളജനതയ്ക്കുവേണ്ടി കേരളസഭയുടെ ആസ്ഥാന കാര്യാലയമായ പാലാരിവട്ടം പിഒസിയില്‍ വച്ച് പ്രകാശനം ചെയ്തു. കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, കേരളത്തിന്റെ ബഹുമുഖപ്രതിഭയും സാംസ്‌കാരിക നേതാവുമായ പ്രൊഫ. എം.കെ. സാനുവിന് പരിഷ്‌ക്കരിച്ച പിഒസി ബൈബിള്‍  നല്കികൊണ്ട്  പ്രകാശന കര്‍മ്മം നിര്‍വഹിച്ചു.

അഭിമാനാര്‍ഹമായ ഈ ചരിത്ര മുഹൂര്‍ത്തത്തിന് കെസിബിസിയിലെ എല്ലാ മെത്രാന്മാരും സന്യാസസഭകളിലെ മേജര്‍ സൂപ്പീരിയേഴ്‌സും സമൂഹത്തിലെ  വിവിധ തലങ്ങളില്‍ നിന്നുള്ള വിശിഷ്ട അതിഥികളും സാക്ഷ്യം വഹിച്ചു. ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ജെയിംസ് ആനാപറമ്പില്‍ പരിഷ്‌കര്‍ത്താക്കളെ ശ്ലാഹിച്ചുകൊണ്ട് എല്ലാവരേയും സ്വാഗതം ചെയ്തു.

എല്ലാകാലത്തും എല്ലാ സംസ്‌കാരങ്ങളേയും സ്വാധീനിക്കാനും, മെച്ചപ്പെട്ട മാനവസമൂഹത്തെ വാര്‍ത്തെടുക്കുവാനും ബൈബിള്‍ മൂല്യങ്ങള്‍ ആവശ്യമാണെന്ന് പ്രൊഫ. എം.കെ. സാനു തന്റെ അനുഗ്രഹപ്രഭാഷണത്തില്‍ ഊന്നിപ്പറഞ്ഞു. ബൈബിള്‍ കൂടുതല്‍ ആഴത്തില്‍ പഠിക്കുവാന്‍  പരിഷ്‌ക്കരിച്ച ബൈബിള്‍ സഹായിക്കുമെന്ന് റവ. ഫാ. ഡാനിയേല്‍  പൂവ്വണ്ണത്തില്‍ അനുമോദനപ്രഭാഷണത്തില്‍ പറഞ്ഞു.

ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറിമാരായ റവ. ഡോ. ജോജു കോക്കാട്ടും റവ. ഡോ. ജോണ്‍സണ്‍ പുതുശ്ശേരിയും റവ.ഡോ. ജോഷി മയ്യാറ്റിലും പിഒസി ബൈബിളിന്റെ പരിഷ്‌ക്കരണ ചരിത്രത്തെയും നാള്‍വഴികളെയും, പരിഷ്‌ക്കരണത്തിന്റെ ആവശ്യകതയെയും കുറിച്ച് സംസാരിച്ചു. പിഒസി ഡയറക്ടര്‍ റവ ഫാ. തോമസ് തറയില്‍ ബൈബിള്‍ പരിഷ്‌ക്കരണപ്രക്രിയയില്‍ പങ്കെടുത്ത എല്ലാവരേയും നന്ദിയോടെ അനുസ്മരിച്ചു.

വിശുദ്ധഗ്രന്ഥം കാലകാലങ്ങളില്‍ പ്രമാദരഹിതമായ വിധത്തില്‍ പരിഷ്‌ക്കരിച്ച് ദൈവജനത്തിന് ലഭ്യമാക്കാന്‍ ശ്രദ്ധിക്കണമെന്ന മാര്‍പാപ്പാമാരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് കേരളസഭ 2008-ല്‍ പരിഷ്‌ക്കരണശ്രമങ്ങള്‍ ആരംഭിച്ചത്. 2008-ല്‍ ആരംഭിച്ച പിഒസി ബൈബിളിന്റെ പരിഷ്‌ക്കരണം വിവിധഘട്ടങ്ങളിലൂടെ കടന്നുപോയി 2024-ല്‍ പൂര്‍ത്തീകരിക്കപ്പെട്ടു.

പരിഭാഷയുടെ കൃത്യതക്കും ഭാഷ സംശോധനക്കും വേണ്ട തിരുത്തലുകള്‍ക്ക് ശേഷം പ്രസിദ്ധീകരിച്ച പരിഷ്‌കരിച്ച പിഒസി സമ്പൂര്‍ണ്ണ ബൈബിള്‍ പ്രകാശനം ചെയ്തത്. കേരളസഭയ്ക്കും കേരള കത്തോലിക്കാ മെത്രാന്‍ സമിതിക്കും പിഒസിക്കും കെസിബിസി ബൈബിള്‍ കമ്മീഷനും ഇത് അഭിമാനത്തിന്റെ ചരിത്ര മുഹൂര്‍ത്തമാണ്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org