കോട്ടയം: റബര്‍ മേഖലയിലെ കര്‍ഷകര്‍ നേരിടുന്ന വിലത്തകര്‍ച്ചയുള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ പരിഹരിക്കുവാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായി ഇടപെടല്‍ നടത്തണമെന്നാവശ്യപ്പെട്ട് കര്‍ഷകസംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാനതലത്തില്‍ കര്‍ഷകപ്രക്ഷോഭമാരംഭിക്കുമെന്ന് കോട്ടയത്തുചേര്‍ന്ന സംസ്ഥാന കമ്മറ്റി പ്രഖ്യാപിച്ചു.
രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യാ കണ്‍വീനര്‍ അഡ്വ. വി.സി.സെബാസ്റ്റിയന്‍ സംസ്ഥാന നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ചെയര്‍മാന്‍ അഡ്വ.ബിനോയ് തോമസ് അധ്യക്ഷത വഹിച്ചു. റബര്‍ കര്‍ഷക പ്രക്ഷോഭപരിപാടികളുടെ തുടക്കം കോട്ടയത്ത് ആരംംഭിക്കുവാനും സംസ്ഥാന സമിതി തീരുമാനിച്ചു.
പ്രകൃതിദത്തവും കൃത്രിമവുമായ റബ്ബറിന്റെയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും അനിയന്ത്രിതമായ ഇറക്കുമതി മൂലം റബ്ബര്‍ വില തകര്‍ന്നടിയുകയും കര്‍ഷകര്‍ റബ്ബര്‍ മേഖലയില്‍ നിന്നും പിന്‍വാങ്ങുന്നതിന് നിര്‍ബന്ധിതരാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ റബര്‍ കൃഷിയെ രക്ഷിക്കാന്‍ യാതൊരു നടപടികളും സര്‍ക്കാരുകള്‍ സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചും, പുതിയ റബ്ബര്‍ ആക്ട് വഴി റബ്ബര്‍ ബോര്‍ഡില്‍ കേന്ദ്ര ഗവണ്‍മെന്റ് നോമിനികളെ കുത്തിനിറച്ച് അധികാരങ്ങള്‍ കവര്‍ന്നെടുക്കുക വഴി ബോര്‍ഡിന്റെ പ്രസക്തി ഇല്ലാതാക്കിയ കേന്ദ്രസര്‍ക്കാര്‍ സമീപനത്തിനെതിരെയും രാഷ്ട്രീയ കിസാന്‍ മഹാസംഘ് കേരള ഘടകം റബ്ബര്‍ ഉല്‍പാദക സംഘങ്ങളുടെ ദേശീയ സൊസൈറ്റി എന്‍.എഫ്.ആര്‍.പി.എസ്.മായി സഹകരിച്ച് നവംബര്‍ 25 വെള്ളിയാഴ്ച രാവിലെ 10.30 ന് റബര്‍ ബോര്‍ഡ് ഓഫീസ് മാര്‍ച്ച് നടത്തുന്നു. റബറിന് 300 രൂപ തറവില നിശ്ചയിച്ച് സബ്‌സിഡി നല്‍കുക, റബ്ബറിന്റെയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും ഇറക്കുമതി നിരോധിക്കുക, റബര്‍ വിലയിടിവിന് കാരണമായ സ്വതന്ത്ര വ്യാപാര കരാറുകളില്‍ നിന്നും ഇന്ത്യ പിന്‍മാറുക, റബറിനെ കാര്‍ഷികോല്പന്നമാക്കുക, കര്‍ഷക പെന്‍ഷന്‍ 10000 രൂപയാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് കര്‍ഷകമാര്‍ച്ച് നടത്തുന്നത്.
ഇടതുമുന്നണി സര്‍ക്കാര്‍ ഇലക്ഷന്‍ മാനിഫെസ്റ്റോയില്‍ പറഞ്ഞ 250 രൂപ പ്രകാരമുള്ള സബ്‌സിഡി ഉടന്‍ നല്‍കണമെന്നും റബര്‍ മേഖലയെ സംരക്ഷിക്കാന്‍ സംസ്ഥാന ഗവണ്‍മെന്റ് ടയര്‍ കമ്പനി ആരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അഡ്വ. കെ.വി ബിജു സ്വതന്ത്ര വ്യാപാര കരാറുകളുടെ റബ്ബര്‍ മേഖലയിലെ പ്രത്യാഘാതം സംബന്ധിച്ച് വിഷയാവതരണം നടത്തി. എന്‍.എഫ്.ആര്‍.പി.എസ്. ദേശീയ പ്രസിഡന്റ് ജോര്‍ജ് ജോസഫ് വാതപ്പള്ളില്‍, ജനറല്‍ സെക്രട്ടറി താഷ്‌ക്കണ്ട് പൈകട, രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ജനറല്‍ കണ്‍വീനര്‍ ഡോ. ജോസ്‌കുട്ടി ഒഴുകയില്‍, വൈസ് ചെയര്‍മാന്‍മാരായ മുതലാംതോട് മണി, മനു ജോസഫ്, ഡിജോ കാപ്പന്‍, ജോയ് കൈതാരം, അഡ്വ.പി.പി.ജോസഫ്, ജോര്‍ജ് ജോസഫ് തെള്ളിയില്‍, അഡ്വ. ജോണ്‍ ജോസഫ് ഭാരവാഹികളായ ജിന്നറ്റ് മാത്യു, ജോര്‍ജ് സിറിയക്, മാര്‍ട്ടിന്‍ തോമസ്, ആയാപറമ്പ് രാമചന്ദ്രന്‍, വര്‍ഗീസ് കൊച്ചുകുന്നേല്‍, സി ടി തോമസ്, സണ്ണി ആന്റണി, സിറാജ് കൊടുവായൂര്‍, പി ജെ ജോണ്‍ മാസ്റ്റര്‍, സുനില്‍ മഠത്തില്‍, നൈനാന്‍ തോമസ്, ഡി.കെ റോസ് ചന്ദ്രന്‍, ഔസേപ്പച്ചന്‍ ചെറുകാട്, ഉണ്ണികൃഷ്ണന്‍ ചേര്‍ത്തല, സുരേഷ് കുമാര്‍ ഓടാപന്തിയില്‍, സണ്ണി തുണ്ടത്തില്‍, ഹരിദാസ് കല്ലടിക്കോട്, ഏനു പി.പി. തുടങ്ങിയവര്‍ സംസാരിച്ചു.