വിപ്ലവകരമായ ചുവടുവയ്പ്പ് : ജസ്റ്റിസ് പി ജി അജിത്കുമാര്‍

വിപ്ലവകരമായ ചുവടുവയ്പ്പ് : ജസ്റ്റിസ് പി ജി അജിത്കുമാര്‍
Published on

കൊച്ചി: വിവരാവകാശ നിയമം ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഒരു വിപ്ലവകരമായ ചൂടുവയ്പ്പായിരുന്നുവെന്ന് ജസ്റ്റിസ് പി ജി അജിത്കുമാര്‍ അഭിപ്രായപ്പെട്ടു. നിയമത്തില്‍ പറഞ്ഞതുകൊണ്ട് മാത്രം ഒരു അവകാശവും ലഭിക്കില്ല; അത് ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് വേണ്ടത്. വിവരം ലഭ്യമാക്കുക എന്നത് ഒരു മൗലികാവകാശമാണ്.

ഏത് പൊതുഓഫീസില്‍ നിന്നും ഏതു പൊതുരേഖയും ലഭ്യമാക്കണമെന്നത് മൗലീകാവകാശമാണ്. സാധാരണ ജനങ്ങളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും പ്രതിഫലിപ്പിക്കുന്നതായിരിക്കണം ജനപ്രതികളും നിയമസഭകളും എന്ന് അദ്ദേഹം പറഞ്ഞു. ചാവറ കള്‍ച്ചറല്‍ സെന്ററില്‍ വിവരാവകാശ കമ്മീഷണര്‍ ഡോക്ടര്‍ അബ്ദുല്‍ ഹക്കീമിന് യാത്രയയപ്പും വിവരാവകാശ സെമിനാറും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ജസ്റ്റിസ് പി ജി അജിത്കുമാര്‍.

ചാവറ കള്‍ച്ചറല്‍ സെന്റര്‍, പ്രവാസി ലീഗല്‍ സെല്‍, ആര്‍ ടി ഐ കേരള ഫെഡറേഷന്‍, പരിവര്‍ത്തന്‍ കേരള എന്നിവയുടെ നേതൃത്വത്തിലാണ് സെമിനാര്‍ സംഘടിപ്പിച്ചത്. മനുഷ്യാവകാശ കമ്മീഷന്‍ മുന്‍ ആക്ടിങ് ചെയര്‍പേഴ്‌സണ്‍ പി മോഹനദാസ് അധ്യക്ഷത വഹിച്ചു. വിവരാവകാശ കമ്മീഷണര്‍ ഡോ. അബ്ദുല്‍ ഹക്കീം മുഖ്യപ്രഭാഷണം നടത്തി.

ഒരു കൈകടത്തലും ഇല്ലാതെ സുതാര്യമായും സത്യമായും വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തി ലഭ്യമാക്കുക എന്നത് നിസ്സാര കാര്യമല്ല, നീതിയാണ് ഇന്ന് ഏറ്റവും ചെലവേറിയ കാര്യം. പത്തുരൂപ നല്‍കി ഏതൊരു പൗരനും വിവരങ്ങള്‍ അറിയുവാനുള്ള സ്വാതന്ത്ര്യമാണ് വിവരാവകാശ നിയമത്തിന്റെ അന്തഃസത്ത എന്ന് അബ്ദുല്‍ ഹക്കീം പറഞ്ഞു.

മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലകളിലും ബാധിക്കുന്ന നിയമമായ ആര്‍ ടി ഐ. ജനാധിപത്യത്തിന്റെ അഞ്ചാം തൂണായി വളര്‍ന്നുനില്‍ക്കുന്ന, നെടുംതൂണാണ് വിവരാവകാശനിയമം എന്നും അദ്ദേഹം പറഞ്ഞു. ജനപ്രതികള്‍ സ്ഥാനത്തു നിന്നും വിട്ടുപോകുമ്പോള്‍ ആസ്തി വിവരങ്ങള്‍ പുറത്തുവിടണമെന്നും വിവരാവകാശ നിയമത്തിന്റെ ചിറകരിയുന്ന, ദുര്‍ബലപ്പെടുത്തുന്ന നീക്കങ്ങളെ ചെറുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org