

വേലൂര്‍: പുലിയന്നൂര്‍ സ്കൂളിന് സെന്റ് തോമസ് നാമം തിരിച്ചുകിട്ടിയതില്‍ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ടും ജനങ്ങളോട് നന്ദി പറഞ്ഞുകൊണ്ടും പുലിയന്നൂര്‍ സെന്ററില്‍ കത്തോലിക്കാ സഭാംഗങ്ങള്‍ നടത്തിയ വിശദീകരണ പൊതുയോഗം കത്തോലിക്കാ കോണ്‍ഗ്രസ്സ് അതിരൂപത ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് പള്ളിക്കുന്നത്ത് ഉദ്ഘാടനം ചെയ്തു.
100 വര്‍ഷം പൂര്‍ത്തിയാക്കിയ പുലിയന്നൂര്‍ സ്കൂളിന്റെ 'സെന്റ് തോമസ്' നാമം മുന്‍ സര്‍ക്കാര്‍ നീക്കം ചെയ്തത് പുനഃസ്ഥാപിക്കുവാന്‍ നാല് വര്‍ഷത്തിലധികം കാലം കാത്തിരിക്കേണ്ടി വന്നു എന്നും യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് 6 മാസം കഴിയുന്നതിനു മുമ്പുതന്നെ വിട്ടുകളഞ്ഞ 'സെന്റ് തോമസ്' നാമം പുനഃസ്ഥാപിക്കുവാന്‍ ഉത്തരവായെന്നും പൊതുയോഗത്തില്‍ പ്രസംഗിച്ചവര്‍ നന്ദിപൂര്‍വ്വം എടുത്തുപറഞ്ഞു. 'സെന്റ് തോമസ്' നാമം പുനഃസ്ഥാപിക്കുവാന്‍ രംഗത്തുവന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സമുദായ സംഘടനകള്‍ക്കും വ്യക്തികള്‍ക്കും യോഗം പ്രത്യേകം നന്ദി രേഖപ്പെടുത്തി.
100 വര്‍ഷം മുമ്പ് വേലൂര്‍ പള്ളിയുടെ കീഴിലായിരുന്ന കത്തോലിക്കാ കുടുംബാംഗങ്ങള്‍ ഈ പ്രദേശത്തെ ജനങ്ങള്‍ക്കുവേണ്ടി സൗജന്യമായി നിര്‍മ്മിച്ചു നല്കിയതായിരുന്നു സെന്റ് തോമസ് സ്കൂള്‍. 100 കൊല്ലം നിലനിന്ന സ്കൂളാണ് 2022-ല്‍ 'സെന്റ് തോമസ്' നാമം നഷ്ടപ്പെട്ട് വെറും ഗവണ്മെന്റ് യു.പി. സ്കൂളായത്.
തണ്ടിലം സെന്റ് ആന്റണീസ് പള്ളി അങ്കണത്തില്‍ നിന്നും ജാഥയായിട്ടാണ് ആളുകള്‍ പുലിയന്നൂര്‍ സെന്ററിലേക്ക് എത്തിച്ചേര്‍ന്നത്. യോഗത്തില്‍ തണ്ടിലം പള്ളി വികാരി ഫാ. ജോണ്സണ് അന്തിക്കാടന്‍ അദ്ധ്യക്ഷം വഹിച്ചു. പ്രമുഖ അത്മായ നേതാവ് പി.ഐ. ലാസര്‍ മാസ്റ്റര്‍, ജോസ് ചെമ്പിശ്ശേരി, സമരസമിതി കണ്‍വീനര്‍ സി.ഐ. പൗലോസ് മാസ്റ്റര്‍, സി.സി. ജോസ്, ജോണ്‍ കള്ളിയത്ത് എന്നിവര്‍ പ്രസംഗിച്ചു.