

കൊച്ചി: വ്യക്‌തിസ്വാതന്ത്ര്യം അംഗീകരിക്കുന്നതാണ് ജർമ്മൻ നയമെന്നും മതസൗഹാർദ്ദം ആഗ്രഹിക്കുന്നുവെന്നും ജർമ്മൻ പാർലമെൻറ് സംഘം അഭിപ്രായപ്പെട്ടു. ഇന്ത്യയും ജർമനിയും തമ്മിൽ സാംസ്കാരിക, മതാന്തര മേഖലകളെ പ്രോത്സാഹിപ്പിക്കുന്നതിനു വലിയ സാധ്യതകളുണ്ടെന്നും ഇന്ത്യയിൽ നിന്നുള്ള ജർമൻ കുടിയേറ്റം വലിയ തോതിൽ വർധിച്ച സാഹചര്യത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്കാരികമായ സഹകരണവും അനിവാര്യമാണെന്നും സംഘാംഗങ്ങൾ അഭിപ്രായപ്പെട്ടു.
മതസൗഹാർദ്ദത്തെയും സഹവർത്തിത്വത്തെയും കുറിച്ചുമുള്ള സംവാദം കേരള മോഡൽ (റിലീജിയസ് ഹാർമണി ആൻഡ് കോ എക്സിസ്റ്റൻസ് - ദ കേരള മോഡൽ) എന്ന വിഷയത്തിൽ ചാവറ കൾച്ചറൽ സെന്റർ , ജർമ്മൻ കോൺസുലേറ്റുമായി സഹകരിച്ചു നടത്തിയ കോൺക്ലേവിലാണ് ജർമൻ പാർലമെന്‍റംഗങ്ങൾ ഇക്കാര്യം പറഞ്ഞത്. കോൺസുലേറ്റ് ജനറൽ അക്കിം ബർക്കറ്റ് മുഖ്യപ്രഭാഷണം നടത്തി.
സി.എം.ഐ.സഭ പ്രിയോർ ജനറൽ റവ ഡോ.തോമസ് ചാത്തംപറമ്പിൽഅധ്യക്ഷത വഹിച്ചു.
എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും ആദരവോടെ കാണുന്ന ഇന്ത്യയിലെ വൈവിധ്യമാർന്ന സംസ്കാരം ലോകത്തിനു മാതൃകയാണെന്ന് കോൺസുലേറ്റ് ജനറൽ പറഞ്ഞു. മതസ്വാതന്ത്ര്യവും മതവിശ്വാസങ്ങൾ തമ്മിലുള്ള സമന്വയവും സഹകരണവുമെല്ലാം കേരളത്തിൽ പ്രകടമാണെന്നത് അഭിമാനകരമാണ്.