മതപരിവർത്തന നിരോധന നിയമങ്ങളും ക്രൈസ്തവ പീഡനവും:

കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ ജാഗ്രത കമ്മീഷന്റെ പ്രസിദ്ധീകരണത്തിൽ വിശദമായ ലേഖനം
മതപരിവർത്തന നിരോധന നിയമങ്ങളും ക്രൈസ്തവ പീഡനവും:

ബി ജെ പി ഭരിക്കുന്ന ഇന്ത്യൻ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷ പീഡനം പ്രധാന വിഷയമാക്കി കെസിബിസി ജാഗ്രത മാഗസിൻ. നിലവിൽ ഒമ്പത് ഇന്ത്യൻ സംസ്ഥാനങ്ങളിൽ പ്രാബല്യത്തിലുള്ള മതപരിവർത്തന നിരോധന നിയമങ്ങൾ വ്യാപകമായ ക്രൈസ്തവ വേട്ടയ്ക്ക് മറയായി മാറുന്നതായി ലേഖനം വ്യക്തമാക്കുന്നു. വ്യാജ ആരോപണങ്ങളെ തുടർന്നുള്ള കള്ളക്കേസുകളും, ആൾക്കൂട്ട ആക്രമങ്ങളും വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പതിവാണ്. പൊതുപരിപാടികൾ സംഘടിപ്പിക്കേണ്ടതായി വരുമ്പോൾ കടുത്ത ആശങ്ക തങ്ങൾക്കുണ്ടെന്ന് മധ്യപ്രദേശിലെ സാഗർ രൂപത മെത്രാൻ മാർ ജെയിംസ് അത്തിക്കളം പറയുന്നു. വൈദിക സന്യാസ പരിശീലന കാലയളവിലുള്ളവർക്ക് ഗ്രൂപ്പായി യാത്ര ചെയ്യാൻ പോലും കഴിയാത്ത അവസ്ഥയാണ് മധ്യ പ്രദേശിലുള്ളത്. അധികാരികളിൽനിന്നുള്ള നിരന്തര പ്രശ്നങ്ങൾ മൂലം പാവപ്പെട്ട വിദ്യാർത്ഥികൾക്കുവേണ്ടി സാഗർ രൂപതയിൽ പ്രവർത്തിച്ചിരുന്ന ഹോസ്റ്റലുകൾ എല്ലാം അടച്ചിട്ടിരിക്കുകയാണ്. മറ്റു പല സംസ്ഥാനങ്ങളിലും സമാനമായ അവസ്ഥയാണുള്ളത്. കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയപാർട്ടിയുടെ തണലിൽ അഴിഞ്ഞാടുന്ന തീവ്ര വർഗ്ഗീയ സംഘടനകളുടെ പ്രവർത്തനങ്ങളുടെ ഭീകരത ലേഖനം വ്യക്തമായി അവതരിപ്പിക്കുന്നു. വിവിധയിടങ്ങളിൽ പ്രവർത്തിക്കുന്ന അഭിഭാഷകരുൾപ്പെടെയുള്ളവർ ചേർന്നാണ് ഈ ലേഖനം എഴുതിയിരിക്കുന്നത്.

ഇനിയും ശാന്തമാകാത്ത മണിപ്പൂരിലെ യഥാർത്ഥ പ്രശ്നങ്ങൾ വ്യക്തമാക്കുന്ന ആന്റോ അക്കര എഴുതിയ ലേഖനം: മണിപ്പൂർ: ഇന്ത്യൻ ജനാധിപത്യത്തിന് ഒരു തീരാ കളങ്കം; രാഷ്ട്രീയ പാർട്ടികളുടെ ക്രൈസ്തവ സ്നേഹത്തിലെ കാപട്യം വ്യക്തമാക്കുന്ന, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി, ഫാ. ജേക്കബ് പാലക്കാപ്പിള്ളി എഴുതിയ ലേഖനം; കേരളത്തിൽ വർധിച്ചുകൊണ്ടിരിക്കുന്ന മയക്കുമരുന്ന് - ആയുധ ഇടപാടുകളെക്കുറിച്ചുള്ള ലേഖനം എന്നിങ്ങനെ, ദേശീയ സംസ്ഥാന തലങ്ങളിൽ നിന്ന് നാം നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികളുടെ നേർചിത്രം കെസിബിസി ജാഗ്രത മാഗസിൻ തുറന്നുകാണിക്കുന്നു.  

ഇത്തരം വിഷയങ്ങളിൽ കേരള കത്തോലിക്കാ സമൂഹം പുലർത്തിവരുന്ന ജാഗ്രതയും, മുന്നറിയിപ്പുകൾ യഥാസമയം നൽകുന്നതിൽ പ്രകടിപ്പിക്കുന്ന അവധാനതയും സവിശേഷമാണ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഹൈന്ദവ വോട്ടുകൾ ഏകീകരിക്കുന്നതിനായി അന്യമത വിദ്വേഷം ആളിക്കത്തിക്കുകയും, ക്രൈസ്തവ സ്ഥാപനങ്ങളും, വൈദികരും സന്യസ്തരും വ്യാപകമായി ആക്രമിക്കപ്പെടാൻ വഴിയൊരുക്കുകയും ചെയ്യുന്ന തീവ്ര ഹിന്ദുത്വ സംഘടനകളുടെ നീക്കങ്ങൾ തുറന്നുകാണിക്കുന്നത് രാജ്യം തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന സമയത്താണെന്നുള്ളത് ശ്രദ്ധേയമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org