പി സി ജോർജിൻ്റെ ജല്പനങ്ങൾ അവഞ്ജയോടെ തള്ളിക്കളയുന്നു: കത്തോലിക്കാ കോൺഗ്രസ്

Published on

പാലാ : പി സി ജോർജിൻ്റെ ജല്പനങ്ങൾ അവജ്ഞയോടെ തള്ളിക്കളയുന്നുവെന്ന് കത്തോലിക്കാ കോൺഗ്രസ്. പാലാ അരമനയിലേക്ക് കല്ലെറിഞ്ഞപ്പോൾ താൻ ഒറ്റയ്ക്ക് നിന്നു തടഞ്ഞു എന്ന് ചാനലിലെ ജോർജിൻ്റെ പ്രതികരണം പച്ച കള്ളമാണ്. ബിഷപ്പ് ഹൗസിലേക്ക് ആരും കല്ലെറിഞ്ഞിട്ടില്ല. പ്രകടനം നടത്തിയവർ ബിഷപ്പ് ഹൗസ് ഭാഗത്ത് എത്തുന്നതിനു മുമ്പ് തന്നെ അത് തടയുകയും അവർ പിരിഞ്ഞു പോവുകയുമാണ് ഉണ്ടായത്.

ആ സമയത്ത് അവിടെ ഉണ്ടായിരുന്നത് പോലീസും , കത്തോലിക്കാ കോൺഗ്രസിന്റെ രൂപത ഡയറക്ടറുടെ നേതൃത്വത്തിൽ കത്തോലിക്ക കോൺഗ്രസിന്റെ നൂറുകണക്കിന് പ്രവർത്തകരും, അന്നത്തെ ബിജെപി നേതാക്കളുമാണ്. ആ സമയത്തൊന്നും പാലായിൽ പോലും ഇല്ലാതിരുന്ന ജോർജ് താൻ ഒറ്റയ്ക്കാണ് തടഞ്ഞത് എന്ന് പറയുന്നത് തൻറെ യഥാർത്ഥ സ്വഭാവം കാണിക്കുന്നതാണ്.

തുടർച്ചയായ നുണപ്രചരണം നടത്തുന്നത് ജോർജിൻറെ ശീലമാണ്. ഒരു ദിവസം കഴിഞ്ഞ് കുരിശുപള്ളി കവലയിൽ സംഘടനകളുടെ പ്രതിഷേധ യോഗത്തിൽ ആരും ക്ഷണിക്കാതെ എത്തിയ ജോർജ് അവിടെ ഇരിക്കാൻ ആരോടെല്ലാം അനുവാദം ചോദിച്ചു എന്ന് ഓർക്കുന്നത് നല്ലതാണ്. സീറോ മലബാർ സഭയുടെ ഔദ്യോഗിക സമുദായ സംഘടനയായ 108 വർഷത്തെ പാരമ്പര്യമുള്ള കത്തോലിക്കാ കോൺഗ്രസിനെ ആക്ഷേപിക്കാൻ പിസി ജോർജ് വളർന്നിട്ടില്ല. കത്തോലിക്കാ കോൺഗ്രസിൻറെ വേദിയിൽ സീറ്റ് ലഭിക്കാത്തതിന്റെ ഇളിഭ്യതമൂലമാണ് ജോർജ് കത്തോലിക്ക കോൺഗ്രസിനെ കുറ്റം പറയുന്നത്.

കത്തോലിക്കാ സഭയുടെ ആകെയുള്ള പ്രതിനിധികളായി ജോർജും മകനും ബിജെപി നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെങ്കിൽ അതിൻറെ ഉത്തരവാദിത്വം സഭക്കല്ല. അതിൻറെ പേരിൽ ഇനി നേതാക്കളുടെ മുഖത്ത് എങ്ങനെ നോക്കും എന്ന് ചോദിച്ചാൽ അതിനു മറുപടി പറയേണ്ടത് സഭയല്ല. അഭിവന്ദ്യ പിതാക്കന്മാരുടെ കൂടെ നിന്ന് ഫോട്ടോയെടുക്കാൻ അനുവദിച്ചു എന്ന് കരുതി സഭയുടെ വക്താക്കളായി ജോർജിനെയോ മകനെയോ ആരും നിയമിച്ചിട്ടില്ല.

സഭാ നേതൃത്വത്തെയും വിശ്വാസികളെയും തമ്മിൽ തെറ്റിക്കാനുള്ള ജോർജിന്റെയൊ മകൻ്റെയൊ പ്രസ്താവനകളോ ഭീഷണികളോ വില പോവുകയില്ല. കത്തോലിക്കാ സഭയെയും പിതാക്കന്മാരെയും അവഹേളിക്കുന്ന ജോർജിന്റെ പ്രസ്താവനങ്ങളിൽ ഇടപെടണമെന്ന് ബി ജെ പി നേതൃത്വത്തോട് കത്തോലിക്കാ കോൺഗ്രസ് പാലാ രൂപത സമിതി ആവശ്യപ്പെട്ടു.

രൂപതാ പ്രസിഡൻറ് ഇമ്മാനുവൽ നിധീരി അധ്യക്ഷത വഹിച്ച യോഗത്തിൽ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, ജോസ് വട്ടുകുളം, ജോയി കണിപറമ്പിൽ, ആൻസമ്മ സാബു, അഡ്വ. ജോൺസൺ വീട്ടിയാങ്കൽ, സി എം ജോർജ്, പയസ് കവളമാക്കൽ, ജോൺസൺ ചെറുവള്ളി, ബെന്നി കിണറുകര, ടോമി കണ്ണീറ്റുമാലിൽ, രാജേഷ് പാറയിൽ, ജോബിൻ പുതിയടത്തു ചാലിൽ, എഡ്വിൻ പാമ്പാറ, സിന്ധു ജൈബു, ലിബി മണിമല തുടങ്ങിയവർ സംസാരിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org