
കോട്ടപ്പുറം: മണിപ്പൂരിലെ കലാപം ആശങ്കാജനകമാണെന്ന് കോട്ടപ്പുറം രൂപത അപ്പസ്‌തോലിക്ക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതലയുടെ അധ്യക്ഷതയില്‍ ബിഷപ്പ്‌സ് ഹൗസില്‍ ചേര്‍ന്ന് ഫൊറോന വികാരിമാരുടെയും സന്യസ്ത പ്രതിനിധികളുടെയും അല്മായ സമിതിയുടെയും രാഷ്ട്രീയ കാര്യസമിതിയുടെയും വിവിധ സംഘടനാ ഭാരവാഹികളുടെയും യോഗം വിലയിരുത്തി. ഇന്ത്യയിലെ ജീവിക്കാനുള്ള അവകാശത്തിനുമേലുള്ള ന്യൂനപക്ഷങ്ങളുടെ വെല്ലുവിളിയാണ് മണിപ്പൂരിലെ സംഭവങ്ങള്‍. കലാപത്തിനിടയില്‍ ക്രൈസ്തവ ദേവാലയങ്ങളും സ്ഥാപനങ്ങളും നശിപ്പിക്കപ്പെട്ടത് ആശങ്കയുണര്‍ത്തുന്നതാണ്. കലാപത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. കലാപം അവസാനിപ്പിക്കാനും സമാധാനാന്തരീക്ഷം ഉറപ്പാക്കാനും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സത്വര നടപടികള്‍ സ്വീകരിക്കണം. ഇത്തരം നശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ നിയമ നടപടികള്‍ ഉണ്ടാകണം. സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ മുന്‍കരുതലുകളും സ്വീകരിക്കണം. പാവപ്പെട്ട മനുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തണം. പ്രാണരക്ഷാര്‍ത്ഥം പലായനം ചെയ്ത ന്യൂനപക്ഷ സമുദായങ്ങളെ തിരികെ ഭവനത്തില്‍ എത്തിക്കാനും നഷ്ടപ്പെട്ടവ തിരികെ നല്‍കാനും നടപടികള്‍ ഉണ്ടാകണം. ന്യൂനപക്ഷ സംരക്ഷണം വാക്കുകളില്‍ ഒതുക്കാതെ പ്രവര്‍ത്തികളിലൂടെ തെളിയിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് യോഗം അഭിപ്രായപ്പെട്ടു. ഇനിയും അവിടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണം. സമൂഹത്തില്‍ ജാതി മത വര്‍ഗ രാഷ്ട്രീയ ഭേദമന്യേ എല്ലാവര്‍ക്കും ഒരുപോലെ ആദരവോടും അന്തസ്സോടും കൂടെ ജീവിക്കാന്‍ കഴിയുന്ന സാഹചര്യം സൃഷ്ടിക്കാനുള്ള ബാധ്യത കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിറവേറ്റണം. സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ച് കലാപത്തിന്റെ കാരണങ്ങള്‍ അന്വേഷിച്ചു കണ്ടെത്തണമെന്നും യോഗം അഭിപ്രായപ്പെട്ടു. മോണ്‍. ഡോ. ആന്റണി കുരിശിങ്കല്‍, പി ജെ തോമസ്, റാണി പ്രദീപ്, ജിസ്‌മോന്‍ ഫ്രാന്‍സിസ്, അനില്‍ കുന്നത്തൂര്‍, പോള്‍ ജോസ് എന്നിവര്‍ പ്രസംഗിച്ചു.