പുനരുധിവാസ സൈറ്റ് ബലപ്പെടുത്തൽ: തുറമുഖ അതോറിറ്റി നൽകുന്ന മണ്ണ് ഉദ്യോഗസ്ഥസംഘം പരിശോധിച്ചു

Rehabilitation site reinforcement: Officials inspect soil provided by Port Authority
Published on

കൊച്ചി തുറമുഖത്തിന്റെ പദ്ധതിയായ വല്ലാർപാടം കണ്ടെയ്നർ ടെർമിനലിന് വേണ്ടി 2008-ൽ ബദൽ സംവിധാനങ്ങൾ ഇല്ലാതെ കുടിയിറക്കപ്പെട്ട കുടുംബങ്ങൾക്ക് പുനരധിവാസത്തിനായി കണ്ടെത്തിയ ചതുപ്പ് സമാനമായ ഭൂമി ബലപ്പെടുത്തുന്നതിന് തുറമുഖ അധികാരികൾ സൗജന്യമായി നൽകുന്ന മണ്ണ് പിഡബ്ല്യുഡി ഉദ്യോഗസ്ഥർ പരിശോധിച്ചു. പുതുവൈപ്പ് എൽഎൻജി ടെർമിനലിന് സമീപം ഏകദേശം മൂന്നു നില കെട്ടിടത്തിന്റെ പൊക്കത്തിൽ ശേഖരിച്ചിട്ടുള്ള മണ്ണാണ് സൈറ്റുകൾ ബലപ്പെടുത്തുവാനായി ഉപയോഗപ്പെടുത്തുന്നത്. ഒന്നര പതിറ്റാണ്ട് മുമ്പ് ടെർമിനലിന് സമീപം കപ്പലടുക്കുവാൻ വേണ്ടി ഡ്രജ് ചെയ്ത മണ്ണാണ് ഇവിടെ ശേഖരിച്ചിട്ടുള്ളത്. മഴയും വെയിലും കൊണ്ട് കിടക്കുന്നതിനാൽ

മണ്ണിൻ്റെ ലവണാംശം നിശേഷം മാറിയിട്ടുണ്ട്. വാഴക്കാല വില്ലേജിലെ ഇന്ദിര നഗർ, കാക്കനാട് വില്ലേജിലെ തുതിയൂർ, മുളവുകാട് വില്ലേജിലെ കാട്ടാത്ത് കടവ് ഉൾപ്പെടെയുള്ള മൂന്ന് പുനരധിവാസ സൈറ്റുകളിലായി പ്ലോട്ടുകൾ ലഭിച്ചിട്ടുള്ള 185 കുടുംബങ്ങൾക്ക് ഇതിൻ്റെ പ്രയോജനം ലഭിക്കും. മൂന്ന് സൈറ്റുകളിലും സംരക്ഷണഭിത്തികൾ ( retaining wall) മേജർ ഇറിഗേഷൻ വകുപ്പാണ് നിർമ്മിക്കേണ്ടത്. ജിയോളജി വകുപ്പിന്റെ അനുമതിയോടു കൂടി ലോറികൾ മുഖാന്തരം ആയിരിക്കും പുതു വൈപ്പിനിൽ നിന്ന് പുനരധിവാസ ഭൂമികളിലേക്ക് മണ്ണ് കൊണ്ടുവരുന്നത്. പിഡബ്ല്യുഡി വകുപ്പിനാണ് ഇതിൻ്റെ ചുമതല.

പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ സിന്റോ വി.പി, എഇഇ സന്ധ്യ കെ ജി, എഎക്സിഇ സിനോ ജോയ്, എഇ ലിസ്സമ്മ ജോർജ്, എഇ മജീന ടി എന്നിവർ അടങ്ങുന്ന ഉദ്യോഗസ്ഥ സംഘത്തെ കോർഡിനേഷൻ കമ്മിറ്റിയുടെ ജനറൽ കൺവീനർ ഫ്രാൻസിസ് കളത്തിങ്കലിന്റെ നേതൃത്വത്തിൽ കെ. റെജികുമാർ, മേജർ മൂസക്കുട്ടി, ഏലൂർ ഗോപിനാഥ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി ഉടനെ നൽകേണ്ട ആവശ്യകത കളക്ടർ വ്യക്തമാക്കിയതായി കോർഡിനേഷൻ കമ്മിറ്റി ഉദ്യോഗസ്ഥരെ അറിയിച്ചു. അടുത്ത ആഴ്ച തന്നെ റിപ്പോർട്ട് ഭരണാനുമതിക്കു വേണ്ടി സമർപ്പിക്കും എന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

logo
Sathyadeepam Online
www.sathyadeepam.org