കെ.എസ്.എസ്.എസ് സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതി സില്‍വര്‍ ജൂബിലി ആഘോഷവും സാമൂഹ്യക്ഷേമ കര്‍മ്മ പദ്ധതികളുടെ ഉദ്ഘാടനവും നാളെ ചേര്‍പ്പുങ്കലില്‍ (ജൂലൈ 18 തിങ്കള്‍)

കോട്ടയം: ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കി വരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതി സില്‍വര്‍ ജൂബിലി ആഘോഷവും സാമൂഹ്യക്ഷേമ കര്‍മ്മ പദ്ധതികളുടെ ഉദ്ഘാടനവും നാളെ ചേര്‍പ്പുങ്കലില്‍ നടത്തപ്പെടും. പാലാ ചേര്‍പ്പുങ്കല്‍ ഗുഡ് സമരിറ്റന്‍ റിസോഴ്‌സ് സെന്ററിലുള്ള മുത്തോലത്ത് ഓഡിറ്റോറിയത്തിലാണ് സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ നടത്തപ്പെടുക. ഉച്ചയ്ക്ക് 1.30 മുതല്‍ നടത്തപ്പെടുന്ന ഭിന്നശേഷി സംഗമത്തോടനുബന്ധിച്ച് ഭിന്നശേഷിയുള്ള കുട്ടികളുടെ കലാപരിപാടികള്‍, സെമിനാര്‍ എന്നിവ നടത്തപ്പെടും. 3 മണിയ്ക്ക് നടത്തപ്പെടുന്ന സില്‍വര്‍ ജൂബിലി ഉദ്ഘാടന പൊതുസമ്മേളനത്തില്‍ മത, സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. പൊതുസമ്മേളനത്തോടനുബന്ധിച്ച് എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കിയ ഭിന്നശേഷിയുള്ള കുട്ടികളെ ആദരിക്കല്‍, മാതൃകാ സി.ബി.ആര്‍ പ്രവര്‍ത്തകരെ ആദരിക്കല്‍, ചിക്കാഗോ സെക്രട്ട് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് ഫൊറോന ചര്‍ച്ചുമായി സഹകരിച്ച് ഭിന്നശേഷിക്കാര്‍ക്കായി ലഭ്യമാക്കുന്ന സഹായ ഉപകരണങ്ങളുടെ വിതരണം, ഭിന്നശേഷിയുള്ള വ്യക്തികള്‍ ഉള്ള കുടുംബങ്ങള്‍ക്കായി നടപ്പിലാക്കുന്ന വരുമാന പദ്ധതിയുടെ ഭാഗമായുള്ള തയ്യല്‍ മെഷീന്‍ യൂണിറ്റുകളുടെ വിതരണം, അവശ്യമരുന്ന് വിതരണ പദ്ധതി ഉദ്ഘാടനം എന്നിവ നടത്തപ്പെടും. 1997 ലാണ് കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ ഭിന്നശേഷിയുള്ളവര്‍ക്കായുള്ള സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിക്ക് തുടക്കം കുറിച്ചത്. ഭിന്നശേഷിക്കാര്‍ക്കായുള്ള സ്വാശ്രയസംഘങ്ങള്‍, അഗാപ്പെ സ്‌പെഷ്യല്‍ സ്‌കൂളുകള്‍, സ്വയം തൊഴില്‍ പരിശീലനങ്ങള്‍, സംരംഭകത്വ വികസന പദ്ധതികള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, അവശ്യ മരുന്നുകളുടെ വിതരണം, സഹായ ഉപകരണങ്ങളുടെ വിതരണം, വിദ്യാഭ്യാസ ആരോഗ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍, ചികിത്സാസഹായ പദ്ധതി, വിവിധ സംഗമങ്ങള്‍, ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍, അവകാശ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ആനുകൂല്യങ്ങളുടെ ലഭ്യമാക്കല്‍, പഠനോപകരണങ്ങളുടെ വിതരണം, പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, കോവിഡ് അതിജീവന പ്രവര്‍ത്തനങ്ങള്‍, അന്ധ ബധിര പുനരധിവാസ പദ്ധതി തുടങ്ങിയ നിരവധിയായ പ്രവര്‍ത്തനങ്ങള്‍ പദ്ധതിയുടെ ഭാഗമായി കെ.എസ്.എസ്.എസ് നടപ്പിലാക്കിവരുന്നു. അന്ധ ബധിര വൈകല്യമുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കിയുള്ള സംസ്ഥാനതല പഠനകേന്ദ്രവും റിസോഴ്‌സ് സെന്ററും കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ പാലാ ചേര്‍പ്പുങ്കല്‍ ഗുഡ് സമരിറ്റന്‍ റിസോഴ്‌സ് സെന്ററില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. കെ.എസ്.എസ്.എസ് മുന്‍ ഡയറക്ടര്‍ റവ. ഫാ. എബ്രഹാം മുത്തോലത്ത് അച്ചന്റെ ദീര്‍ഘ വീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് ഭിന്നശേഷിക്കാര്‍ക്കായുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് കെ.എസ്.എസ്.എസ് തുടക്കം കുറിച്ചത്. പദ്ധതിയിലൂടെ ആയിരക്കണക്കിന് ഭിന്നശേഷിയുള്ള വ്യക്തികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സഹായ ഹസ്തമൊരുക്കുവാന്‍ കെ.എസ്.എസ്.എസിന് സാധിച്ചിട്ടുണ്ട്.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org