പാറ്റ്‌ന അതിരൂപതയുടെ അധ്യക്ഷനായി വിരമിച്ച ആര്‍ച്ചുബിഷപ് ഡോ. വില്യം ഡിസൂസ അതിരൂപതയിലെ ഒരിടവകയില്‍ അസിസ്റ്റന്റ് വികാരിയായി സേവനം ആരംഭിച്ചു. മാര്‍ച്ച് 5 ന് 75 വയസ്സു പൂര്‍ത്തിയാക്കിയ ഇദ്ദേഹം മാര്‍ച്ച് 1 മുതലാണ് പാറ്റ്‌നയില്‍ ഡാണപ്പൂരിലെ സെന്റ് സ്റ്റീഫന്‍സ് ഇടവകയില്‍ അസി. വികാരിയായി സേവനം തുടങ്ങിയത്. ഇടവക ശുശ്രൂഷ തന്റെ ഹൃദയത്തോടു ചേര്‍ന്നു നില്‍ക്കുന്നതാണെന്നും ഇടവകയുടെയും സന്യാസസമൂഹങ്ങളുടെയും ആത്മീയ ശുശ്രൂഷയ്ക്കായി സാധ്യമായതെല്ലാം ചെയ്യാന്‍ പരിശ്രമിക്കുമെന്നും ആര്‍ച്ചുബിഷപ് ഡിസൂസ പറഞ്ഞു.
ലളിതജീവിതത്തിനുടമയായ ആര്‍ച്ചുബിഷപ് ഡിസൂസ എല്ലാവര്‍ക്കും സമീപസ്ഥനാണ്. അതിരൂപതയിലെ ഗ്രാമീണര്‍ക്ക് പ്രിയപ്പെട്ടവനുമായിരുന്നു അദ്ദേഹം. റിട്ടയര്‍മെന്റ് പ്രായത്തിനു മൂന്നുമാസം മുന്‍പേ 2020 ഡിസംബര്‍ 9 നാണ് ഈശോസഭാംഗമായ ആര്‍ച്ചുബിഷപ് ഡിസൂസ വിരമിച്ചത്. കര്‍ണാടകയിലെ മടന്ത്യാര്‍ സ്വദേശിയായ ആര്‍ച്ചുബിഷപ് ഡിസൂസ 1977 മെയ് മൂന്നിന് പുരോഹിതനായി. തമിഴ് നാട്ടിലെ ഷെംബനൂരില്‍ തത്വശാസ്ത്രവും പൂനസെമിനാരിയില്‍ നിന്നു ദൈവശാസ്ത്രവും പൂര്‍ത്തിയാക്കി.
ഈശോസഭയുടെ വിവിധ സമൂഹങ്ങളില്‍ സുപ്പീരിയറായി പ്രവര്‍ത്തിച്ചിട്ടുള്ള ആര്‍ച്ചുബിഷപ് ഡിസൂസ വിവിധ ഇടവകകളില്‍ വികാരിയായും മുസാഫിര്‍പൂര്‍ മൈനര്‍ സെമിനാരി റെക്ടര്‍, മുസാഫിര്‍പൂര്‍ ബിഷപ്പിന്റെ സെക്രട്ടറി, ഈശോസഭ പാറ്റ്‌ന പ്രൊവിന്‍ഷ്യല്‍ എന്നീ നിലകളിലും സേവനം ചെയ്തിട്ടുണ്ട്. ബക്‌സര്‍ രൂപതയുടെ പ്രഥമ ബിഷപ്പായി 2005 ഡിസംബര്‍ 12 നു നിയമിതനായി. 2006 മാര്‍ച്ച് 25 നായിരുന്നു മെത്രാഭിഷേകം. 2007 ഒക്‌ടോബര്‍ 1 ന് പാറ്റ്‌ന ആര്‍ച്ചു ബിഷപ്പായി നിയമിക്കപ്പെട്ടു. 44 വര്‍ഷം വൈദികനും 14 വര്‍ഷം മെത്രാനുമായി സേവനം ചെയ്ത ശേഷമാണ് ആര്‍ച്ചുബിഷപ്പ് ഡോ. വില്യം ഡിസൂസ ഇപ്പോള്‍ സഹവികാരിയായി ചുമതലയേല്‍ക്കുന്നത്.