

കൊച്ചി: പുതിയ തലമുറയെ ലഹരി വസ്തുക്കളിൽ നിന്ന് രക്ഷിക്കാൻ മദ്യ വിമോചന മഹാസഖ്യം ഒക്ടോബർ 2 ന് കാസർഗോഡ് നിന്ന് ആരംഭിച്ച ലഹരി വിമോചന കേരള രക്ഷാ പദയാത്രയ്ക്ക് കച്ചേരിപ്പടി ഗാന്ധിഭവനിൽ വിവിധ മദ്യ- ലഹരി വിരുദ്ധ സംഘടനകളുടെ നേതൃത്വത്തിൽ സ്വീകരണം നല്കി.
ജാഥാ ക്യാപ്റ്റനും മദ്യ വിമോചന മഹാസഖ്യം സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ഇ എ ജോസഫിനെ, കേരള മദ്യ-ലഹരി വിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളിപോൾ ഷാൾ അണിയിച്ച് സ്വീകരിച്ചു.
മദ്യനിരോധനത്തിന്റെ ആദ്യഘട്ടമായി മദ്യപക്ക് ലിക്കർ പെർമിറ്റ് കാർഡ് ഏർപ്പെടുത്തുക, ഘട്ടം ഘട്ടമായി മദ്യനിരോധനം നടപ്പാക്കുക, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്കുള്ള മദ്യനിരോധനാധികാരം പുനഃസ്ഥാപിക്കുക, ലഹരിക്കെതിരെ ജാഗ്രതാ സമിതികൾ രൂപീകരിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന പദയാത്ര ഒക്ടോബർ 25 ന് തിരുവനന്തപുരത്ത് സമാപിക്കും.
കച്ചേരിപ്പടിയിൽ ചേർന്ന സ്വീകരണ യോഗത്തിൽ വൈസ് ക്യാപ്റ്റൻമാരായ മാത്യു തോമസ് കാസർഗോഡ്, എം.ജെ ഡൊമനിക് കൊത്തളത്ത്, ജനറൽ കൺവീനർ കെ.എം നാസറുദ്ദീൻ, മറ്റ് ഭാരവാഹികളായ കുരുവിള മാത്യൂസ്, ഷൈബി പാപ്പച്ചൻ, ജോൺസൺ പാട്ടത്തിൽ , ജെയിംസ് കോറമ്പേൽ, ജോജോ മനക്കിൽ, ഹിൽട്ടൺ ചാൾസ്, ജോണി പിടിയത്ത്, കെ.കെ വാമലോചനൻ, പി കെ. സെബാസ്റ്റ്യൻ, കെ.കെ. സൈനബ, പി.കെ. അബ്ദുൾ സലിം തുടങ്ങിയവർ പ്രസംഗിച്ചു.