കാതങ്ങൾക്കപ്പുറം കരുതലിന്റെ കരങ്ങളെത്തിച്ച് റെയിൽവേ - സഹൃദയ ചൈൽഡ് ലൈൻ

എറണാകുളം: കരുതലിന്റെ കരങ്ങൾക്ക് ദേശ, ഭാഷ അതിർത്തികൾ പ്രതിബന്ധമല്ലെന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ് എറണാകുളം റെയിൽവേ ചൈൽഡ് ലൈൻ ടീം. എറണാകുളം - അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയയുടെ നേതൃത്വത്തിൽ സതേൺ റയിൽവേയുടെ സഹകരണത്തോടെ സൗത്ത് റെയിൽവേ സ്റ്റേഷനിൽ പ്രവർത്തിച്ചു വരുന്ന ചൈൽഡ് ലൈൻ പ്രവർത്തകർ റെയിൽവേ സ്റ്റേഷനിൽ നിന്നും കണ്ടെത്തിയ ഉത്തർപ്രദേശ് സ്വദേശിയായ കൗമാരക്കാരനെ സുരക്ഷിതമായി ബന്ധുക്കൾക്ക് കൈമാറി. ജില്ലാ ശിശു സംരക്ഷണ സമിതിയുടേയും, ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെയും സഹകരണത്തോടെ എറണാകുളം റെയിൽവേ സഹൃദയ ചൈൽഡ് ലൈൻ ടീമംഗമായ വർഗീസ് ജോൺ, സ്പെഷ്യൽ ജുവനൈൽ പോലീസ് യൂണിറ്റിലെ ഉദ്യോഗസ്ഥരായ എ. എസ്. ഐ പി. പി സുധീർ, സിവിൽ പോലീസ് ഓഫീസർ എം. നിസാർ എന്നിവരുടെ നേതൃത്വത്തിൽ ഉത്തർപ്രദേശിലെ ഘാസിപുർ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സാന്നിധ്യത്തിലാണ് കുട്ടിയെ ഉത്തരവാദിത്തപ്പെട്ടവർക്ക്‌ കൈമാറിയത്. കുറച്ചു ദിവസം മുമ്പ് സൗത്ത് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന സാഹചര്യത്തിലാണ് റെയിൽവേ ചൈൽഡ് ലൈൻ ടീമംഗമായ സഞ്ജന റോയ് കുട്ടിയെ കണ്ടെത്തിയത്. ചൈൽഡ് ലൈൻ ഹെൽപ് ഡെസ്കിൽ കൊണ്ടുവന്നതിനു ശേഷം നടത്തിയ വിവര ശേഖരണത്തിൽ നിന്നും കുട്ടിക്ക് 15 വയസ്സ് ആണെന്നും സ്വദേശം ഉത്തർപ്രദേശിലെ ഘാസിപുർ എന്ന് സ്ഥലമാണെന്നും മനസിലാക്കി. മാതാപിതാക്കൾ നേരത്തെ മരിച്ചിരുന്നതിനാൽ ബന്ധുക്കളാണ് കുട്ടിയെ വളർത്തിയിരുന്നത്. എറണാകുളം ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം കുട്ടിയെ പള്ളുരുത്തി ബോയ്സ് ഹോമിൽ താൽക്കാലികമായി പാർപ്പിച്ചതിനു ശേഷമാണ് ബന്ധുക്കളെ കണ്ടെത്തി കൈമാറുന്നതിന് കഴിഞ്ഞത്. ഇതിനു മുമ്പും അന്യ സംസ്ഥാനക്കാരായ കുട്ടികളെ കണ്ടെത്തി അവരവരുടെ ബന്ധുക്കളുടെ പക്കൽ ചൈൽഡ് ലൈൻ പ്രവർത്തകർ എത്തിച്ചു കൊടുത്തിട്ടുണ്ട്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ സഹൃദയയുടെ നേതൃത്വത്തിൽ റെയിൽവേ ചൈൽഡ് ലൈൻ പ്രവർത്തനം ആരംഭിച്ചിട്ട് മൂന്നര വർഷം പിന്നിടുമ്പോൾ 573 കുട്ടികളെ കണ്ടെത്തി സുരക്ഷിത സ്ഥാനങ്ങളിൽ എത്തിക്കുവാൻ സാധിച്ചിട്ടുണ്ടെന്ന് റെയിൽവേ ചൈൽഡ് ലൈൻ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ അറിയിച്ചു. കുട്ടിയെ തിരികെ എത്തിക്കുന്നതിനായി സമയോചിതമായ ഇടപെടൽ നടത്തിയ സഹൃദയ റെയിൽവേ ചൈൽഡ്‌ലൈൻ കോർഡിനേറ്റർ ഷാനോ ജോസ്, ടീമംഗങ്ങളായ വർഗീസ് ജോൺ, സഞ്ജന റോയ് എന്നിവരെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. റെയിൽവേ സ്റ്റേഷനുകളിൽ ഒറ്റപ്പെടുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി 1098 എന്ന ടോൾ ഫ്രീ നമ്പർ ആർക്കും ഉപയോഗിക്കാവുന്നതാണ്. എറണാകുളം ജില്ലയിലെ യാത്രികർക്ക് 0484 - 2981098 (എറണാകുളം റെയിൽവേ ചൈൽഡ് ലൈൻ) എന്ന നമ്പറിലേക്ക് വിവരങ്ങൾ കൈമാറാവുന്നതാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org