
കാലടി: ജര്‍മ്മന്‍കാരനായ അര്‍ണോസ് പാതിരി രചിച്ച പുത്തന്‍പാനയുടെ പുനര്‍വായന കാലടി സെന്റ് ജോര്‍ജ്ജ് പള്ളിയില്‍ വിശ്വാസികള്‍ക്ക് വേറിട്ട അനുഭവമായി. 50 നോമ്പുകാലത്ത് എല്ലാ ദിവസവും വൈകിട്ട് 6.30-നാണ് ഇടവകാംഗങ്ങള്‍ ഒത്തുചേര്‍ന്ന് ദേവാലയത്തില്‍ പുത്തന്‍പാന വായന നടത്തുന്നത്. മുന്‍പ് ക്രൈസ്തവ ദേവാലയങ്ങളിലും ഭവനങ്ങളിലും നോമ്പുകാലത്ത് പുത്തന്‍പാന വായന പതിവായിരുന്നു. 1500 വരികളുള്ള പുത്തന്‍പാനയില്‍ 14 പാദങ്ങളാണ് ഉള്ളത്. ഈശോയുടെ ജനനം മുതല്‍ മരണം വരെയുള്ള രംഗങ്ങളെ കാവ്യാത്മകമായി പുത്തന്‍പാനയില്‍ വിവരിച്ചിരിക്കുന്നു. പെസഹാ നാളില്‍ 12-ാം പാദമാണ് വിശ്വാസികള്‍ പള്ളിയിലും ഭവനങ്ങളിലും വായിക്കുക. വ്യാകുല മാതാവിന്റെ പ്രലാപമാണ് 12-ാം പാദം. കാലടി പള്ളിയില്‍ ഈ 50 ദിവസവും വായനയ്ക്ക് പുറമെ പുത്തന്‍പാനയെക്കുറിച്ചുള്ള പഠനവും നടത്തുന്നുണ്ട്. പുതിയ തലമുറയില്‍ ക്രൈസ്തവജീവിതത്തിന്റെ ഭാഗമായിരുന്ന പുത്തന്‍പാനയെക്കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനുവേണ്ടിയാണ് പുത്തന്‍പാനയുടെ പുനര്‍വായന നടത്തുന്നതെന്ന് ഇടവക വികാരി ഫാ.ജോണ്‍ പുതുവ അറിയിച്ചു. പുത്തന്‍ പാനയുടെ മത്സരം ഇതിനോടനുബന്ധിച്ച് പള്ളിയില്‍ നടത്തപ്പെട്ടിരുന്നു. എല്ലാ ദിവസവും നൂറ് കണക്കിന് വിശ്വാസികള്‍ പുത്തന്‍ പാനയുടെ പുനര്‍വായനയില്‍ പങ്കാളികളാകുന്നുണ്ട്.