
ദൈവശാസ്ത്രവും തത്വശാസ്ത്രവും തുറവിയോടെ പഠിക്കണമെന്നു ആര്‍ച്ചുബിഷപ് ആന്റണി കരിയില്‍ ആവശ്യപ്പെട്ടു. അങ്കമാലിയില്‍ സുബോധന അക്കാദമി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ആര്‍ച്ചുബിഷപ് കരിയില്‍. ബൈബിള്‍, ദൈവശാസ്ത്രം, തത്വശാസ്ത്രം എന്നിവയില്‍ സാധാരണക്കാര്‍ക്കു മലയാളത്തില്‍ കോഴ്‌സുകള്‍ നടത്തുന്നതിനാണ് സുബോധന പാസ്റ്ററല്‍ സെന്ററില്‍ സുബോധന അക്കാദമി സ്ഥാപിച്ചിരിക്കുന്നത്. സഭയുടെ വാതായനങ്ങള്‍ തുറന്നിട്ട രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ചൈതന്യം പ്രവാചകധീരതയോടെ പിന്തുടരണമെന്നും ആര്‍ച്ചുബിഷപ് ആവശ്യപ്പെട്ടു.
അക്കാദമി ഡീന്‍ ഓഫ് സ്റ്റഡീസും എറണാകുളം-അങ്കമാലി അതിരൂപത വികാരി ജനറലുമായ റവ. ഡോ. ജോയി അയിനിയാടന്‍ അദ്ധ്യക്ഷത വഹിച്ചു. മംഗലപ്പുഴ സെമിനാരി വൈസ് റെക്ടര്‍ റവ. ഡോ. മാര്‍ട്ടിന്‍ കല്ലുങ്കല്‍, വിശ്വാസപരിശീലനവിഭാഗം ഡയറക്ടര്‍ റവ.ഡോ. പീറ്റര്‍ കണ്ണമ്പുഴ, ഡേവീസ് പുല്ലന്‍ എന്നിവര്‍ പ്രസംഗിച്ചു. റവ. ഡോ. ഇഗ്നേഷ്യസ് പയ്യപ്പിള്ളി രചിച്ച 'നസ്രാണികളുടെ ആചാരാനുഷ്ഠാനങ്ങള്‍' എന്ന ഗ്രന്ഥം ഡോ. ജെനി പീറ്ററിനു നല്‍കിക്കൊണ്ട് ആര്‍ച്ചുബിഷപ് കരിയില്‍ പ്രകാശനം ചെയ്തു. ജെനി പീറ്റര്‍ നയിച്ച സെമിനാറും ഉണ്ടായിരുന്നു. ജൂലൈ ആദ്യവാരം തുടങ്ങുന്ന കോഴ്‌സുകളിലേയ്ക്ക് പ്രവേശനം ആരംഭിച്ചതായി അക്കാദമി ഡയറക്ടര്‍ ഫാ. രാജന്‍ പുന്നക്കല്‍ പറഞ്ഞു.