മായമില്ലാത്ത ഭക്ഷ്യവസ്തുക്കൾ പൊതുസമൂഹത്തിന് ലഭ്യമാക്കുന്നതിൽ സഹൃദയയുടെ പങ്ക് വളരെ വലുതാണെന്ന് : ഉമാ തോമസ് എംഎൽഎ

സഹൃദയ ഓണവിപണന മേള ഉമാ തോമസ് എം. എൽ. എ ഉദ്ഘാടനം ചെയ്യുന്നു. ഫാ. ആൻസിൽ മൈപ്പാൻ, വാർഡ് കൗൺസിലർ ആന്റണി പൈനുന്തറ, ഫാ. ജോസ് കൊളുത്തുവെള്ളിൽ, ഫാ. ബെന്നി മാരാംപറമ്പിൽ, ഫാ. വിമൽ എന്നിവർ സമീപം.
സഹൃദയ ഓണവിപണന മേള ഉമാ തോമസ് എം. എൽ. എ ഉദ്ഘാടനം ചെയ്യുന്നു. ഫാ. ആൻസിൽ മൈപ്പാൻ, വാർഡ് കൗൺസിലർ ആന്റണി പൈനുന്തറ, ഫാ. ജോസ് കൊളുത്തുവെള്ളിൽ, ഫാ. ബെന്നി മാരാംപറമ്പിൽ, ഫാ. വിമൽ എന്നിവർ സമീപം.
Published on

കടവന്ത്ര: ജീവിതശൈലി രോഗങ്ങൾ വർദ്ധിച്ചുവരുന്ന കാലഘട്ടത്തിൽ പൊതുസമൂഹത്തിന് മായം കലരാത്ത ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കുന്നതിൽ സഹൃദയയുടെ പങ്ക് വളരെ വലുതാണെന്ന് തൃക്കാക്കര എം. എൽ. എ ഉമാ തോമസ്. പി. ടി യുടെ പ്രവർത്തനങ്ങൾ പ്രകൃതിയോട് ചേർന്ന് നിന്നു കൊണ്ട് കൃഷിയെ പ്രോത്സാഹിപ്പിക്കും വിധത്തിലായിരുന്നുവെന്നും ഉമാ തോമസ് എം. എൽ. എ പങ്കുവെച്ചു. കടവന്ത്ര സെന്റ്. ജോസഫ്സ് ദേവാലയത്തിൽ വച്ചു നടന്ന സഹൃദയ വിപണന മേളയും, സ്വയം സഹായ സംഘങ്ങളുടെ ഓണാഘോഷവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം. എൽ.എ. എറണാകുളം - അങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയ മായം കലരാത്ത ഗുണമേന്മയാർന്ന ഭക്ഷ്യവസ്തുക്കൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് കാണിക്കുന്ന അശ്രാന്ത പരിശ്രമത്തെയും എം. എൽ. എ. പ്രത്യേകം അഭിനന്ദിച്ചു. സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ ചടങ്ങിന് അധ്യക്ഷത വഹിച്ചു. മരണത്തിനുവരെ കാരണമായേക്കാവുന്ന മാരകമായ രാസവസ്തുക്കളാണ് മസാലപ്പൊടികളിലും, മറ്റ് ഭക്ഷ്യവസ്തുക്കളിലും ചേർക്കുന്നത്. ദൈനംദിന ജീവിതത്തിന്റെ ഭാഗമായ ഇത്തരം വസ്തുക്കൾ നമ്മളെ മാറാരോഗത്തിലേക്കാണ് നയിക്കുന്നതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഈ ഓണക്കാലം മായമില്ലാത്ത ഭക്ഷ്യവസ്തുക്കളുമായി ആഘോഷമാക്കിത്തീർക്കുവാൻ എല്ലാവരിലേക്കും സഹൃദയയുടെ ഉത്പന്നങ്ങൾ എത്തിക്കുവാൻ പരിശ്രമിക്കുമെന്നുംഫാ. ജോസ് കൊളുത്തുവെള്ളിൽ കൂട്ടിച്ചേർത്തു. സഹൃദയ വെസ്കോ ക്രെഡിറ്റിന്റെ നേതൃത്വത്തിൽ രൂപതയുടെ വിവിധ ഭാഗങ്ങളിലായി ഓണാഘോഷങ്ങളോടനുബന്ധിച്ച് നിരവധി വിപണന മേളകൾ സംഘടിപ്പിച്ചു കഴിഞ്ഞു. പൊതുസമൂഹത്തിന്റെ ആരോഗ്യപരമായ സംരക്ഷണവും, ഉന്നമനവും ലക്ഷ്യം വെച്ചുകൊണ്ടുള്ള ഇത്തരം വിപണന മേളകൾ വിപുലീകരിക്കാനാണ് സഹൃദയ ലക്ഷ്യമിടുന്നത്. കടവന്ത്ര സെന്റ് ജോസഫ്സ് ദേവാലയത്തിൽ വച്ച് നടന്ന ചടങ്ങിൽ ഇടവക വികാരി ഫാ. ബെന്നി മാരാംപറമ്പിൽ സ്വാഗതം ആശംസിച്ചു.സഹൃദയ അസിസ്റ്റന്റ് ഡയറക്ടർ ഫാ. ആൻസിൽ മൈപ്പാന്‍, വാർഡ് കൗൺസിലർ ആന്റണി പൈനുന്തറ, ഫാ. വിമൽ, ജോൺസൻ പാട്ടത്തിൽ എന്നിവർ പ്രസംഗിച്ചു. വിപണന മേളയോടു ചേർന്ന് ഓണാഘോഷവും, മത്സരങ്ങളും സംഘടിപ്പിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org