
കോട്ടപ്പുറം: സഭാദര്‍ശനങ്ങളിലൂടെയും അഗാധമായ പാണ്ഡിത്യത്തിലൂടെയും ലോക ജനതയുടെ ഹൃദയങ്ങളില്‍ ഇടം നേടിയ പാപ്പയായിരുന്നു ബനഡിക്ട് പതിനാറാമന്‍ പാപ്പയെന്ന് കോട്ടപ്പുറം ബിഷപ്പ് ഡോ.ജോസഫ് കാരിക്കശ്ശേരി . പ്രതിസന്ധിയുടെ കാലഘട്ടത്തില്‍ ദൈവത്തില്‍ ആശ്രയിച്ച് സഭയെ മുന്നോട്ടു നയിച്ച മഹാചാര്യനായിരുന്നു പാപ്പ. പൊന്തിഫിക്കല്‍ ബൈബിള്‍ കമ്മീഷന്‍ അധ്യക്ഷന്‍, അന്തര്‍ദേശീയ ദൈവശാസ്ത്ര കമ്മീഷന്‍ അധ്യക്ഷന്‍ ,വിശ്വാസ തിരുസംഘത്തിന്റെ തലവന്‍ , കര്‍ദിനാള്‍ സംഘത്തിന്റെ ഡീന്‍ എന്നീ നിലകളില്‍ കത്തോലിക്ക സഭയില്‍ ശ്രദ്ധേയനായിരുന്നു പാപ്പ.കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം രൂപപ്പെടുത്തുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ചതും യുവജന മതബോധന ഗ്രന്ഥമായ യൂക്കാറ്റിന്റെ പിന്നിലെ പ്രചോദനവും ബെനഡിക്ട് പാപ്പയായിരുന്നു. ലോകസമാധാനത്തിനും മതമൈത്രിക്കും ദരിദ്രരുടെ ഉന്നമനത്തിനും സഭകള്‍ തമ്മിലുള്ള കൂട്ടായ്മയ്ക്കും എട്ടുവര്‍ഷം നീണ്ട മഹാചാര്യ ശുശ്രൂഷയില്‍ വിലമതിക്കാനാവാത്ത സംഭാവനകള്‍ പാപ്പ നല്‍കി. ലളിത ജീവിതം കൊണ്ടും പാപ്പ ശ്രദ്ധേയനായി. പാപ്പാശ്രൂശൂഷ കാലഘട്ടം പോലെ തന്നെ സ്ഥാനത്യാഗം കൊണ്ടും തന്റെ പരമാചാര്യ ശുശൂഷയെ പാപ്പ അടയാളപ്പെടുത്തി. ബനഡിക്റ്റ് 16 മന്‍ പാപ്പയുടെ ദേഹവിയോഗത്തില്‍ അനുശോചിച്ച ബിഷപ്പ് ഡോ. കാരിക്കശ്ശേരി ബനഡിക്ട് പാപ്പയുടെ ആന്മശാന്തിക്കായി പ്രാര്‍ത്ഥിക്കാന്‍ വിശ്വാസികളെ ആഹ്വാനം ചെയ്തു.