

പുനലൂർ: പുനലൂർ രൂപത യുവജന ശുശ്രൂഷയുടെ ആഭിമുഖ്യത്തിൽ 'LEAD' (LEADERS EMPOWERED AND DEPLOYED) നേതൃത്വ പരിശീലന ക്യാമ്പ് നടത്തപ്പെട്ടു. 2026 ജൂൺ 21 ഞായറാഴ്ച പത്തനാപുരം സെന്റ് സേവ്യേഴ്സ് ആനിമേഷൻ സെന്ററിൽ വച്ച് രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെയായിരുന്നു ക്യാമ്പ്.
രൂപതാ യുവജന കോർഡിനേറ്റർ ഫാ. ബിബിൻ സെബാസ്റ്റ്യൻ ആമുഖപ്രസംഗം നടത്തിയ ചടങ്ങിൽ സിസ്റ്റർ പമീല മേരി F.I.H. ക്യാമ്പ് ഉദ്ഘാടനം ചെയ്തു. രൂപതാ ചീഫ് കോർഡിനേറ്റർ ഫാ. ബെനഡിക്ട് ജെ. തേക്കുവിള ക്യാമ്പിന് ആശംസകൾ നേർന്നു. അഭിവന്ദ്യ സെൽവിസ്റ്റർ പൊന്നുമുത്തൻ പിതാവ് വിശുദ്ധ കുർബാനയ്ക്ക് മുഖ്യ കാർമികത്വം വഹിച്ചു.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രെയിനിംഗ് ആൻഡ് എഡ്യൂക്കേഷണൽ റിസർച്ച് (NalTER) ഡയറക്ടർ ശ്രീ. സുജിത് എഡ്വിൻ പെരേര, കെ.സി.വൈ.എം. സംസ്ഥാന കമ്മിറ്റി ഡയറക്ടറും കെ.ആർ.എൽ.സി.ബി.സി. യുവജന കമ്മീഷൻ സെക്രട്ടറിയുമായ ഫാ. അനൂപ് കളത്തിത്തറ O.S.J. എന്നിവർ ക്യാമ്പിലെ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
രൂപതയിലെ വിവിധ ഇടവകകളിൽ നിന്നായി എഴുപതോളം യുവജനങ്ങൾ പങ്കെടുത്തു. രൂപതയിൽ സേവനം ചെയ്യുന്ന വൈദികരും സിസ്റ്റേഴ്സും ക്യാമ്പിൽ സന്നിഹിതരായിരുന്നു. ഈ പ്രോഗ്രാമിന് നേതൃത്വം നൽകിയത് കെ.സി.വൈ.എം. പുനലൂർ രൂപതാ സമിതിയാണ്.