
പറവൂര്‍: ഫാ. തിയോഫിലസ് പാണ്ടിപ്പിള്ളി ജാതി മത ഭേദമന്യേ എല്ലാവരേയും സ്‌നേഹിച്ച, സഹായിച്ച പുണ്യാന്മാവാണെന്ന് കോഴിക്കോട് ബിഷപ്പ് ഡോ. വര്‍ഗ്ഗീസ് ചക്കാലക്കല്‍ . ആരെന്നു നോക്കാതെ എല്ലാവരിലേക്കും എത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ സഹായ ഹസ്തങ്ങളെന്നും ബിഷപ്പ് പറഞ്ഞു. ഫാ. പാണ്ടിപ്പിള്ളിയുടെ കബറിടം സ്ഥിതിചെയ്യുന്ന മടപ്ലാതുരുത്ത് സെന്റ് ജോര്‍ജ് പള്ളിയില്‍ അദ്ദേഹത്തെ ദൈവദാസനായി പ്രഖ്യാപിച്ചു കൊണ്ടു നടന്ന ദിവ്യബലിയില്‍ വചന പ്രഘോഷണം നടത്തുകയായിരുന്നു അദ്ദേഹം. ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലിക്ക് കോട്ടപ്പുറം ബിഷപ്പ് ഡോ. ജോസഫ് കാരിക്കശ്ശേരി മുഖ്യ കാര്‍മികത്വം വഹിച്ചു. വരാപ്പുഴ ആര്‍ച്ച്ബിഷപ്പ് എമിരിത്തുസ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍ വിശുദ്ധരുടെ നാമകരണത്തിനുള്ള തിരുസംഘത്തിന്റെ ലത്തീനിലുള്ള ബൂള വായിച്ച് ദൈവദാസ പദവി പ്രഖ്യാപനം നടത്തി . കോട്ടപ്പുറം രൂപത ചാന്‍സലര്‍ റവ.ഡോ ബെന്നി വാഴക്കുട്ടത്തില്‍ ബൂളയുടെ മലയാള പരിഭാഷ വായിച്ചു. ആര്‍ച്ച് ബിഷപ്പ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍ ദൈവദാസന്റെ ഛായ ചിത്രം അനാച്ഛാദനം ചെയ്തു. നാമകരണ നടപടികളുടെ നൈയാമിക പ്രാദേശിക സഭാധികാരിയായ ബിഷപ്പ് ഡോ. കാരിക്കശ്ശേരി ദൈവദാസ പദവിയുമായി ബന്ധപ്പെട്ട ലഘുവായ വിശദീകരണ പ്രസംഗം നടത്തി. മടപ്ലാതുരുത്ത് സെന്റ് ജോര്‍ജ് പള്ളി വികാരി ഫാ.ജോസ് കോട്ടപ്പുറം സ്വാഗതവും കോട്ടപ്പുറം രൂപത വികാരി ജനറല്‍ മോണ്‍. ഡോ. ആന്റണി കുരിശിങ്കല്‍ നന്ദിയും അപ്പിച്ചു. കോട്ടപ്പുറം രൂപതയിലെയും വരാപ്പുഴ അതിരൂപതയിലെയും വിവിധ സന്ന്യാസ സമൂഹങ്ങളിലെയും നിരവധി വൈദീകര്‍ സഹകാര്‍മികരായി . പ്രൗഢഗംഭീരമായിരുന്ന തിരുകര്‍മ്മങ്ങളില്‍ നിരവധി സന്യസ്തരും വരാപ്പുഴ, കോട്ടപ്പുറം രൂപതകളില്‍ നിന്ന് ആയിരങ്ങളും പങ്കെടുത്തു .ദിവ്യബലിക്ക് ശേഷം മടപ്ലാതുരുത്ത് സിമിത്തേരിയില്‍ സ്ഥിതി ചെയ്യുന്ന ദൈവദാസന്റെ കബറിടത്തില്‍ നടന്ന പ്രത്യേക പ്രാര്‍ത്ഥനകള്‍ക്ക് ബിഷപ്പ് ഡോ. വര്‍ഗ്ഗീസ് ചക്കാലക്കലും ബിഷപ്പ് ഡോ. ജോസഫ് കാരിക്കശ്ശേരിയും നേതൃത്വം നല്‍കി . മടപ്ലാതുരുത്ത് സെന്റ് ജോര്‍ജ് പള്ളി വികാരി ഫാ.ജോസ് കോട്ടപ്പുറം സ്വാഗതവും കോട്ടപ്പുറം രൂപത വികാരി ജനറല്‍ മോണ്‍. ഡോ. ആന്റണി കരിശിങ്കല്‍ നന്ദിയും അര്‍പ്പിച്ചു. ദൈവദാസനാക്കിക്കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനത്തോടുകൂടി ഫാ. തിയോഫിലസ് പാണ്ടിപ്പിളളിയുടെ നാമകരണ നടപടികള്‍ ഔപചാരികമായി ആരംഭിച്ചു.
മുന്‍പ് മടപ്ലാതുരുത്തിലെത്തിയ മെത്രാന്മാരെ വികാരി ജോസ് കോട്ടപ്പുറത്തിന്റെയും കൈക്കാരന്മാരായ ജോസി സ്രാമ്പിക്കല്‍, കുഞ്ഞച്ചന്‍ പുത്തന്‍ വീട്ടില്‍ എന്നിവരുടെയും നേത്യത്വത്തില്‍ സ്വീകരിച്ചു. പള്ളിയുടെ കവാടത്തില്‍ വിശുദ്ധരുടെ രൂപത്തില്‍ ജനങ്ങള്‍ അണിനിരന്നിരുന്നു. മാര്‍ഗ്ഗം കളിയുമായി പെണ്‍കുട്ടികളും ഉണ്ടായിരുന്നു . ഫ്രാന്‍സിസ് സേവ്യറിന്റെയും തോമസ് ശ്ലീഹയുടെയും പാണ്ടിപ്പിള്ളിയച്ചന്റെയുo നിശ്ചല ദൃശ്യങ്ങള്‍ ദേവാലയ കവാടത്തില്‍ വഞ്ചിയില്‍ ഒരുക്കിയിരുന്നു.
പാണ്ടിപ്പിള്ളിയച്ചന്റെ പേരിലുള്ള പാരിഷ് ഹാളില്‍ നിന്ന് തിരുവസ്ത്രങ്ങളണിഞ്ഞ് വൈദീകരും മെത്രാന്മാരും പ്രദക്ഷിണമായി ദേവാലയത്തിന്റെ മുന്‍പിലെത്തിയപ്പോള്‍' 'പരിപൂര്‍ണ്ണ പുരോഹിത നാം പാണ്ടിപ്പിള്ളിയച്ചന്‍' എന്ന ഗാനത്തിന് ന്യത്തചുവടുകളുമായി കുട്ടികള്‍ സ്വീകരണമൊരുക്കി. മേരി ലിറ്റില്‍ കിരണ്‍ , ഷാഹിന്‍ ജോസ് എന്നിവര്‍ തിരുവചന വായനകള്‍ നടത്തി.ശില്‍പ റെല്‍സ് പ്രതിവചന സങ്കീര്‍ത്തനം ആലപിച്ചു. രൂപതയിലെ സന്യസ്തരുടെ പ്രതിനിധികള്‍ വിശ്വാസികളുടെ പ്രാര്‍ത്ഥന നടത്തി. പാണ്ടിപ്പിള്ളി കുടുബത്തിലെയും പാണ്ടിപ്പിള്ളിയച്ചനെ അവസാന കാലത്ത് ശുശൂഷിച്ച പാറക്കാട്ട് കുടുംബത്തിലെയും അംഗങ്ങള്‍ കാഴ്ച സമര്‍പ് ണം നടത്തി. ഡയസ് റോപ്‌സന്റെ നേതൃത്വത്തിലുള്ള കോട്ടപ്പുറം കത്തീഡ്രല്‍ ഗായകസംഘം ഗാനശുശൂഷ നടത്തി
വടക്കേക്കര പഞ്ചായത്തില്‍ വാവക്കാട് ഗ്രാമത്തില്‍ 1860 ഒക്ടോബര്‍ 10 നായിരുന്നു പാണ്ടിപ്പിള്ളിയച്ചന്റെ ജനനം. മഞ്ഞുമ്മല്‍ കര്‍മ്മലീത്ത സഭയില്‍ ചേര്‍ന്ന അദ്ദേഹം 1886 ല്‍ ലെയോനാര്‍ദ് മെല്ലാനോ മെത്രാപ്പോലീത്തയില്‍ നിന്ന് വൈദീകപട്ടം സ്വീകരിച്ചു. മടപ്ലാതുരുത്തില്‍ 1947 ഡിസംബര്‍ 26 ന് ദിവംഗതനായി.