
കൊച്ചി: എയ്ഡഡ് സ്‌കൂളുകളിലെ പ്ലസ് വണ്‍ കമ്യൂണിറ്റ് ക്വോട്ട പ്രവേശനം മെറിറ്റ് അടിസ്ഥാനത്തില്‍ സര്‍ക്കാരിന്റെ ഏകജാലകസംവിധാനത്തിലൂടെ നടത്തണമെന്ന വിദഗ്ധസമിതി ശുപാര്‍ശ നടപ്പാക്കരുതെന്ന് കെസിബിസി വിദ്യാഭ്യസകമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ജോഷ്വ മാര്‍ ഇഗ്നാത്തിയോസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിദഗ്ധസമിതിയുടെ ശുപാര്‍ശകളില്‍ പലതും അപക്വവും ചില നിരീക്ഷണങ്ങള്‍ വേണ്ടത്ര പഠനങ്ങളുടെ പിന്‍ബലമില്ലാത്തവയുമാണ്.
കമ്യൂണിറ്റി ക്വോട്ട ഇല്ലാതാക്കിയാല്‍ ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന നല്‍കുന്ന അവകാശമാണ് സര്‍ക്കാര്‍ കവര്‍ന്നെടുക്കുന്നത്. എയ്ഡഡ് മാനേജുമെന്റിന്റെ ന്യൂനപക്ഷ അവകാശങ്ങളിലുള്ള കടന്നുകയറ്റമാണ് ഇത്. പാലാരിവട്ടം പിഒസി യില്‍ ചേര്‍ന്ന കോര്‍പ്പറേറ്റ് മാനേജര്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ബിഷപ്പ് ജോഷ്വ മാര്‍ ഇഗ്നാത്തിയോസ്.
ഓപ്ഷനല്‍ വിഷയങ്ങളുടെ എണ്ണം മൂന്നാക്കി കുറച്ച്, നാലാമതൊരു വിഷയം പഠിക്കണമെങ്കില്‍ വിദ്യാര്‍ത്ഥികള്‍ ഓപ്പണ്‍ സ്‌കൂളിനെ അശ്രയിക്കേണ്ടി വരുന്നത് അവര്‍ക്ക് പഠനഭാരം കൂട്ടാനും പഠനമികവ് കുറയ്ക്കാനും മാത്രമേ ഉപകരിക്കൂ. സ്‌കൂള്‍ വെയ്‌റ്റേജ് ഒഴിവാക്കുന്നത്, 10-ാം ക്ലാസില്‍ പഠിച്ച സ്‌കൂളില്‍ തന്നെ പ്ലസ് വണ്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ക്ക് സഹായകരമാകില്ല. എയ്ഡഡ് സ്‌കൂളുകളിലെ അണ്‍ എയ്ഡഡ് ബാച്ചുകള്‍ നിര്‍ത്തലാക്കുന്നത് വിദ്യാര്‍ത്ഥികളെ പ്രതികൂലമായി ബാധിക്കും.
മാനേജുമെന്റിന്റെ ഭരണഘടനാപരമായ ന്യൂനപക്ഷാവകാശങ്ങള്‍ ഉറപ്പു വരുത്തണമെന്നും വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ തീരുമാനങ്ങള്‍ എടുക്കാന്‍ സര്‍ക്കാര്‍ സഹകരിക്കണമെന്നും ബിഷപ്പ് ജോഷ്വ മാര്‍ ഇഗ്നാത്തിയോസ് അഭ്യര്‍ത്ഥിച്ചു.