പാലാ സാൻതോo ഫുഡ് ഫാക്ടറി

പാലാ സാൻതോo ഫുഡ് ഫാക്ടറി
Published on

പാലാ രൂപതയുടെ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന കൃഷി വകുപ്പിന്റെ സ്മോൾ ഫാർമേഴ്സ് അഗ്രി ബിസിനസ് കൺസോർഷ്യം അനുവദിച്ച കർഷക ഉത്പാദക കമ്പനിയാണ് പാലാ സാൻ തോം ഫാർമർ പ്രൊഡ്യൂസർ കമ്പനി. കഴിഞ്ഞ വർഷം ജൂലൈ 14 ന് കമ്പനിയുടെ പ്രധാന സംരംഭം എന്ന രീതിയിൽ കാർഷിക മൂല്യവർദ്ധിത ഉൽപ്പന്ന നിർമ്മാണ യൂണിറ്റ് പാലാ സാൻതോo ഫുഡ് ഫാക്ടറി എന്ന പേരിൽ മുണ്ടുപാലത്ത് ഉദ്ഘാടനം ചെയ്യപ്പെട്ടു. പാലാ രൂപതയുടെ ഉടമസ്ഥതയിലുള്ള മൂന്ന് ഏക്കർ സ്ഥലത്താണ് ഫാക്ടറി ആരംഭിച്ചത്.

പ്രാദേശികമായി ലഭ്യമായ കാർഷിക വിഭവങ്ങളെയും കാർഷിക വിളകളെയും സംഭരിച്ച് സംസ്കരിച്ച് മൂല്യവർദ്ധിത ഉൽപന്നങ്ങളാക്കി മാറ്റി നമ്മുടെ ആഭ്യന്തര വിപണിയിലും വിദേശ രാജ്യങ്ങളിലേക്കും എത്തിക്കുന്ന ഒരു കർമ്മപരിപാടിക്കാണ് പാലാ സാൻതോം ഫുഡ് ഫാക്ടറി പ്രാമുഖ്യം കൊടുക്കുന്നത്. നമ്മുടെ പ്രദേശത്തെ കർഷകരിൽ നിന്നും ചക്കയും കപ്പയും മറ്റുമൊക്കെ സംഭരിച്ച് വിവിധ ഉൽപ്പന്നങ്ങൾ ആക്കി മാറ്റി പാലായിൽ മെയിൻ റോഡിൽ ആരംഭിച്ച കമ്പനിയുടെ ഫാക്ടറി ഔട്ലെറ്റിലൂടെയും രൂപതയുടെ അഗ്രിമ കർഷക മാർക്കറ്റുകളിലൂടെയും വിവിധ ഇടവക പള്ളികളിലെ സൺഡേ മാർക്കറ്റുകളിലൂടെയും വിപണനം ചെയ്യുന്നതിനൊപ്പം വിവിധ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനും സാധിക്കുന്നു.

നാടൻ കാർഷികവിളകൾ സംസ്കരിച്ച് അതിന്റെ തനിമ നഷ്ടപ്പെടാത്ത വിധത്തിൽ കയറ്റുമതി ചെയ്യുന്നതിനും സാധിക്കുന്നുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ നിന്നും ലഭ്യമാകാവുന്ന വിവിധങ്ങളായ സാമ്പത്തിക സഹായങ്ങൾ നേടിയെടുക്കുന്നതിനും കമ്പനിക്ക് സാധിച്ചു. സംസ്ഥാന കൃഷി വകുപ്പിൽ നിന്നും സ്മോൾ ഫാർമേഴ്സ് അഗ്രി ബിസിനസ് കൺസോർഷ്യം അനുവദിക്കപ്പെടുന്ന ഗ്രാൻഡ് കൂടാതെ സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ, കൃഷിവകുപ്പ്, വ്യവസായ വകുപ്പ് എന്നിവയിൽ നിന്നുള്ള ആനുകൂല്യങ്ങളും നേടിയെടുക്കുന്നതിനും വിവിധ ഏജൻസികളുടെ സാങ്കേതിക, സാമ്പത്തിക സഹായം കരസ്ഥമാക്കിക്കൊണ്ട് സംയോജിതമായ (കൺവെർജെൻസ് ) സംരംഭക പദ്ധതി നടപ്പിലാക്കുവാനും കഴിയുകയുണ്ടായി.

"പാലനോവ" എന്ന ബ്രാന്റ് നെയിമിലാണ് പാലാ സാൻതോം ഉൽപ്പന്നങ്ങൾ വിപണിയിലുള്ളത്. ഫാക്ടറിയോടനുബന്ധിച്ച് ഫലവൃക്ഷ തൈകളും പച്ചക്കറിതൈകളും ഉൽപ്പാദിപ്പിക്കുന്ന അഗ്രിമ സെൻട്രൽ നേഴ്സറിയും ഫ്രൂട്ട് വില്ലേജുമുണ്ട്. സംസ്ഥാന കൃഷി വകുപ്പിന്റെ ജില്ലാ തല കേരളാ ഗ്രോസ്‌റ്റോറും പാലാ സാൻതോമിനാണ് ലഭിച്ചത്. കർഷകർക്ക് ഉൽപന്നങ്ങൾക്ക് ന്യയ വിലയും തൊഴിലവസരങ്ങളും നൽകുന്നതിനും ഗുണമേന്മയുള്ള ഉൽപ്പനങ്ങൾ ജനങ്ങൾക്കു ലഭ്യമാക്കുന്നതിനും പാലാ സാൻതോo FPC യ്ക്ക് സാധിക്കുന്നു.

logo
Sathyadeepam Online
www.sathyadeepam.org