അത്മായര്‍ക്കുള്‍പ്പെടെ അജപാലനപരിശീലനം നല്‍കുന്ന പറോക് ഡിപ്ലോമ കോഴ്‌സ്

അത്മായര്‍ക്കുള്‍പ്പെടെ അജപാലനപരിശീലനം നല്‍കുന്ന പറോക് ഡിപ്ലോമ കോഴ്‌സ്

മേരിമാതാ മേജര്‍ സെമിനാരിയിലെ ഗവേഷണകേന്ദ്രമായ പറോക്, അത്മായര്‍ക്കും സമര്‍പ്പിതര്‍ക്കും വൈദികര്‍ക്കും വൈദികവിദ്യാര്‍ത്ഥികള്‍ക്കും വേണ്ടി ഡിപ്ലോമ ഇന്‍ പാസ്റ്ററല്‍ ലീഡര്‍ഷിപ് എന്ന പഠന-പരിശീലന പദ്ധതി സംഘടിപ്പിക്കുന്നു. ഇടവകകള്‍ക്കും സംഘടനകള്‍ക്കും കുടുംബകൂട്ടായ്മകള്‍ക്കും മറ്റും നേതൃത്വം നല്‍കുന്നവര്‍ക്ക് ആവശ്യമായ കഴിവുകള്‍ വളര്‍ത്തിയെടുക്കാന്‍ സഹായകമായ പ്രായോഗികപാഠങ്ങളും ഫീല്‍ഡ് വര്‍ക്കുകളും മറ്റും ഉള്‍പ്പെടുന്നതായിരിക്കും കോഴ്‌സ്. 2021 ഒക്‌ടോബര്‍ മുതല്‍ 2022 ജൂണ്‍ വരെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. റെക്കോഡ് ചെയ്ത വീഡിയോ ക്ലാസുകള്‍ക്കു പുറമെ എല്ലാ മാസവും രണ്ടു ദിവസം കോണ്ടാക്ട് ക്ലാസുകളും ക്രമീകരിക്കുന്നുണ്ട്. വിവിധ മേഖലകളിലെ 35 വിദഗ്ദ്ധര്‍ കോഴ്‌സിനെ സഹായിക്കാനുണ്ടാകും. ബല്‍ജിയം ലുവൈന്‍ യൂണിവേഴ്‌സിറ്റിയുടെ സഹകരണത്തോടെ നടത്തുന്ന കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പറോക് സര്‍ട്ടിഫിക്കറ്റും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്രിസ്ത്യന്‍ ചെയറിന്റെ ഡിപ്ലോമയും നല്‍കുന്നു. സെപ്തംബര്‍ 25 ആണ് രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി.

കോവിഡ് മൂലം ഇടവകകളിലും രൂപതകളിലും അജപാലനപ്രവര്‍ത്തനങ്ങള്‍ വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തിലാണ്, അത്മായ-യുവജന നേതാക്കളുടെയും വൈദികരുടെയും സമര്‍പ്പിതരുടെയും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമവും കാലികപ്രസക്തവുമാക്കുക എന്ന ലക്ഷ്യത്തോടെ ഈ കോഴ്‌സ് ആരംഭിക്കുന്നതെന്ന് പറോക് എക്‌സി. ഡയറക്ടര്‍ ഫാ. സൈജോ തൈക്കാട്ടില്‍, കോഴ്‌സ് കോര്‍ഡിനേറ്റര്‍ ഫാ. ജെറിന്‍ അരിമ്പൂര്‍ എന്നിവര്‍ പറഞ്ഞു.

വിശദവിവരങ്ങള്‍ പറോക് വെബ്‌സൈറ്റില്‍ ലഭിക്കും: https://www.paroc.in/

ഫോണ്‍ നമ്പറുകള്‍ – 9544889896, 8113991882.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org