പ്ലാറ്റിനം ജൂബിലിയാഘോഷിക്കുന്ന ഒല്ലൂര്‍ സാധുസംരക്ഷണ സംഘം

പ്ലാറ്റിനം ജൂബിലിയാഘോഷിക്കുന്ന ഒല്ലൂര്‍ സാധുസംരക്ഷണ സംഘം

തൃശൂര്‍: ഒല്ലൂര്‍ പ്രദേശത്ത് വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞ 75 വര്‍ഷമായി നേതൃത്വം നല്‍കിവരുന്ന ഒല്ലൂര്‍ സാധു സംരക്ഷണ സംഘം ആരംഭിച്ചിട്ട് നവംബര്‍ 2-ന് 75 വര്‍ഷം പൂര്‍ത്തിയായി. കഴിഞ്ഞ ഒരു വര്‍ഷമായി നടന്നുവന്നിരുന്ന ജൂബിലി പ്രവര്‍ത്തനങ്ങളുടെ സമാപനം നവംബര്‍ 11-ന് ഞായറാഴ്ച വിവിധ പരിപാടികളോടെ ആഘോഷിക്കുകയാണ്.

ഒല്ലൂരും പരിസരപ്രദേശങ്ങളിലുമുള്ള ജനങ്ങളുടെ ഇടയില്‍ ദാരിദ്ര്യം, പകര്‍ച്ചവ്യാധികള്‍, രോഗം, തൊഴിലില്ലായ്മ, വിദ്യാഭ്യാസം നടത്താന്‍ സാധിക്കായ്ക തുടങ്ങിയ പരാധീനതകള്‍ നിലനില്‍ക്കുന്ന കാലഘട്ടത്തില്‍ 1943-ല്‍ അന്നത്തെ ഒല്ലൂര്‍ ഫൊറോന പള്ളി വികാരിയായിരുന്ന മോണ്‍. പോള്‍ കാക്കശ്ശേരിയുടെ ദീര്‍ഘവീക്ഷണത്തില്‍ ഉദിച്ച ഒരു ജീവകാരുണ്യ സ്ഥാപനമാണിത്. 500 പേരില്‍ നിന്ന് 5 രൂപ (2 രൂപ 50 പൈസ വീതം 2 ഗഡുവായി) വീതം ഓഹരി വാങ്ങിയും പള്ളിയുടെ ഓഹരി മൂലധനവും ചേര്‍ത്തു ധര്‍മ്മസ്ഥാപന നിയമപ്രകാരം 3/1119 നമ്പ്രായി രജിസ്റ്റര്‍ ചെയ്ത ധര്‍മ്മസ്ഥാപനമാണിത്.

ആരംഭകാലം മുതല്‍ തന്നെ ഒല്ലൂരും പരിസരങ്ങളിലുമുള്ളവര്‍ക്ക് ജാതിമത പരിഗണന കൂടാതെ വിവിധ സഹായങ്ങള്‍ നല്‍കിവരുന്നുണ്ട്. പ്രധാനമായും ചികിത്സ, വിവാഹം, പഠനസഹായം, ഭവനനിര്‍മ്മാണ സഹായം തുടങ്ങിയവയാണ് നല്‍കുന്നത്. എടക്കുന്നി, തൈക്കാട്ടുശ്ശേരി, പടവരാട് തുടങ്ങിയ സ്ഥലങ്ങളിലെ 3 ഭവനനഗറുകള്‍ ഉള്‍പ്പെടെ ഇതിനകം നൂറോളം ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ട്. കഴിഞ്ഞ 75 വര്‍ഷത്തിനു ള്ളില്‍ തൃശൂരും പരിസരപ്രദേശങ്ങളിലും നിര്‍മ്മിച്ചിട്ടുള്ള വിവിധ ദേവാലയങ്ങള്‍ക്കും ജൂബിലി മിഷന്‍ ആശുപത്രി, അമല ആശുപത്രി, പോപ്പ് പോള്‍ മേഴ്സി ഹോം, ഡാമിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ക്രൈസ്റ്റ് വില്ല പുവ്വര്‍ഹോം ഹോം തുടങ്ങിയ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇതര സ്ഥാപനങ്ങള്‍ക്കും സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇന്നും അത്തരം അമ്പതോളം സ്ഥാപനങ്ങള്‍ക്ക് വര്‍ഷം തോറും സഹായങ്ങള്‍ നല്‍കിവരുന്നുണ്ട്. ഒല്ലൂര്‍ ഇടവകക്ക് പുറമെ ചിയ്യാരം സേവനാലയം കുരിയച്ചിറ, ചിയ്യാരം വിജയമാത, നെഹ്റു നഗര്‍, മരിയാപുരം, പടവരാട്, മരത്താക്കര, കോനിക്കര, തലോര്‍, തൈക്കാട്ടുശ്ശേരി, പെരിഞ്ചേരി, പാലക്കല്‍, നിര്‍മ്മലപുരം, തൃ ക്കൂര്‍, ചിറ്റിശ്ശേരി, എരവിമംഗലം, പനംകുറ്റിച്ചിറ, അവിണിശ്ശേരി ഇടവകകളിലെ പാവപ്പെട്ടവരേയും സ്ഥിരമായി സഹായിച്ചുവരുന്നു.

പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചു കിഡ്നി, കാന്‍സര്‍, ഹാര്‍ട്ട് രോഗികള്‍ക്കുള്ള പ്രത്യേക വൈദ്യസഹായങ്ങള്‍, ഓപ്പറേഷന്‍ സഹായം, വിദ്യാഭ്യാസ സഹായം, വിവാഹ സഹായം, ഒരു ഭവനം മുഴുവനായി നിര്‍മ്മിച്ചു നല്‍കല്‍ തുടങ്ങിയവയ്ക്കായി കഴിഞ്ഞ ഒരു വര്‍ഷം 20 ലക്ഷം രൂപയോളം ചെലവഴിച്ചു. കൂടാതെ വിവിധ സമ്മേളനങ്ങള്‍ ഉപഹാര വിതരണം, സോവനീര്‍ പ്രസിദ്ധീകരണം, ജീവകാരുണ്യസംഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്കുള്ള പ്രത്യേക സഹായങ്ങള്‍ എന്നിവയും ജൂബിലി പ്രമാണിച്ച് നല്‍കുകയുണ്ടായി.

ജൂബിലി സമാപനാഘോഷങ്ങള്‍ നവംബര്‍ 11 ഞായറാഴ്ച 2.30 ന് ഒല്ലൂര്‍ മോണ്‍ പോള്‍ കാക്കശ്ശേരി ഹാളില്‍ വച്ച് വിവിധ പരിപാടികളോടെ നടത്തുന്നതാണ്. മാര്‍ ജേക്കബ് തൂങ്കുഴി, സി.എന്‍. ജയദേവന്‍ എം.പി., മേയര്‍ അജിത ജയരാജന്‍, മോണ്‍ ജോര്‍ജ് കോമ്പാറ, ഫാ. ജോ സ് കോനിക്കര, ഷെവ. ജോര്‍ജ് മേനാച്ചേരി തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിക്കുന്നതാണ്.

ഫാ. ജോസ് കോനിക്കര, ജെ.എഫ്. പൊറുത്തൂര്‍, ഇ.വി. ആന്‍റണി എരിഞ്ഞേരി (മാനേജിംഗ് ഡയറക്ടേഴ്സ്). എം.എഫ്. ഔസേഫ് മൊയലന്‍, എം.എ. റപ്പായി മുതുക്കന്‍, എന്‍.കെ. പോള്‍ നെല്ലിശ്ശേരി, സി.ജി. ജിമ്മി ചെറുശ്ശേരി, ബേബി മൂക്കന്‍, എം.സി. റാഫേല്‍ മാപ്രാണി, എന്‍.കെ. ജോസ് നെല്ലിശ്ശേരി, കെ.കെ. തോമസ് കുരിയക്കാവ്, മേഴ്സി വിന്‍സന്‍ മാണിച്ചാക്കു, ലിയോ മേച്ചേരി, വി.എല്‍. ജീസ് വടക്കേത്തല, ബിജു ജോസ് തട്ടില്‍മണ്ടി (ഡയറക്ടേഴ്സ്) എന്നിവരാണ് സംഘത്തിന്‍റെ ഇപ്പോഴത്തെ സാരഥികള്‍.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org