കേരള കാത്തലിക് ഫെഡറേഷന്‍ സംസ്ഥാന സമിതി ദേശീയ പ്രാര്‍ത്ഥന ദിനമായി കേരള സഭയില്‍ ആചരിച്ചു

national-day-prayer
Published on

കൊച്ചി: സി ബി സി ഐ യുടെ ആഹ്വാനപ്രകാരം  ദേശീയ പ്രാര്‍ഥനാ ദിനാചരണം കേരളത്തില്‍ വിവിധ രൂപതകളും സംഘടനകളുടെയും നേതൃത്വത്തില്‍ വിപുലമായ പരിപാടികളോടെ ആചരിച്ചു. എഫ് സി ആര്‍ എ യിലെ പുതിയ ചട്ടങ്ങള്‍ സുതാര്യതയും മതനിരപേക്ഷതയും ഉറപ്പാക്കി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് അനാവശ്യ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതില്‍ പ്രതിഷേധം  രേഖപ്പെടുത്തികൊണ്ടാണ് ദേശീയ പ്രാര്‍ത്ഥന ദിനമായി ആചരിച്ചത്. സംസ്ഥാന തല ദിനാചരണം കേരള കാത്തലിക് ഫെഡറേഷന്റെ നേതൃത്വത്തില്‍ ജൂണ്‍ 28 തീയതി ഞായറാഴ്ച സഭാ ആസ്ഥാന കാര്യാലയമായ പി ഒ സി യില്‍ 11 മണിക്ക് നടത്തി.

സി ബി സി ഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി അഡ്വ. എബ്രഹാം പട്ടാനി ഉത്ഘാടനം ചെയ്തു. രാജ്യത്തിന്റെ ഭരണഘടനയ്ക്ക് വിധേയമായി സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതിനും ആശയപ്രചരണം നടത്തുന്നതിനുള്ള അവകാശം നിഷേധിക്കപ്പെടുന്ന സാഹചര്യം അംഗീകരിക്കാന്‍ ആകില്ല എന്ന് ഉദ്ഘാടന സന്ദേശത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു. കെ സി എഫ് സംസ്ഥന വൈസ് പ്രസിഡന്റ് ജെയ്‌മോന്‍ തോട്ടുപുറം അധ്യക്ഷത വഹിച്ചു. കെ സി ബി സി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ. ഫാ. തോമസ് തറയില്‍, കെ ല്‍ സി എ സംസ്ഥന പ്രസിഡന്റ് അഡ്വ ഷെറി ജെ തോമസ്, എം സി എ ഗ്ലോബല്‍ പ്രസിഡന്റ് ബൈജു എസ് ആര്‍, കെ സി എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി സി ജോര്‍ജ്കുട്ടി, കെ എല്‍ സി എ ജനറല്‍ സെക്രട്ടറി ബിജു ജോസി കറുമാഞ്ചേരി, കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി പ്രഫ. ജോസ്‌കുട്ടി ഒഴുകയില്‍, ഭാരവാഹികളായ ഡോ. കെ എം ഫ്രാന്‍സിസ്, ധര്‍മരാജ് പി, ജെസ്സി അലക്‌സ്്, വി പി മത്തായി, ബെന്നി ആന്റണി,  ജോണ്‍ ജോസഫ്, വിന്‍സ് പെരിഞ്ചേരി എന്നിവര്‍ പങ്കെടുത്തു.

സഭയുടെ സേവന ദൗത്യം തുടര്‍ന്നും സ്വതന്ത്രമായി നിര്‍വഹിക്കുന്നതിന് നേരിടുന്ന തടസ്സങ്ങള്‍ നീക്കുന്നതിനായുള്ള പ്രാര്‍ത്ഥനയില്‍ ഇന്ത്യയിലെ അല്‍മായരായ ഞങ്ങള്‍ ഒന്നുചേരുന്നു എന്ന ആഹ്വാനത്തോടെ നടത്തുന്ന പ്രാര്‍ത്ഥന ദിനം വിവിധ സമുദായ സംഘടനകളായ കത്തോലിക്ക കോണ്‍ഗ്രസ്, കെ എല്‍ സി എ, എം സി എ എന്നിവയുടെ നേതൃത്വത്തില്‍ രൂപത യൂണിറ്റ് സമിതികളില്‍ ആചരിച്ചുവെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി വി സി ജോര്‍ജ്കുട്ടി അറിയിച്ചു.

logo
Sathyadeepam Online
www.sathyadeepam.org