ദേശീയ ന്യൂനപക്ഷ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷനുകളുടെ നിര്‍ജീവാവസ്ഥ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം: കെ സി ബി സി ജാഗ്രത കമ്മീഷന്‍

Published on

ദേശീയ ന്യൂനപക്ഷ കമ്മീഷന്‍, ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്‍ തുടങ്ങിയവയിലെ അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ള അംഗങ്ങള്‍ വിരമിച്ചിട്ടും പകരം ആരെയും നിയമിക്കാതെ പ്രസ്തുത കമ്മീഷനുകളെ നിര്‍ജീവമാക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നടപടികള്‍ ജനാധിപത്യമൂല്യങ്ങള്‍ക്ക് വിരുദ്ധവും പ്രതിഷേധാര്‍ഹവുമാണ്.

രാജ്യത്തെ ന്യൂനപക്ഷ സമുദായങ്ങളുടെ നീതിയും അവകാശങ്ങളും സംരക്ഷിക്കാന്‍ സ്ഥാപിക്കപ്പെട്ട ഈ സംവിധാനങ്ങളെ ദുര്‍ബലപ്പെടുത്തുന്നത് അവരെ കൂടുതല്‍ പാര്‍ശ്വവല്‍ക്കരിക്കുന്നതിന് തുല്യമാണ്.

ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ള പ്രാതിനിധ്യം ഉറപ്പാക്കേണ്ട ദേശീയ ന്യൂനപക്ഷ കമ്മീഷനില്‍ ക്രൈസ്തവ പ്രാതിനിധ്യം 2020 മാര്‍ച്ചിനുശേഷം ഉണ്ടായിട്ടില്ല എന്നതിന് പുറമെ, ഇപ്പോള്‍ അംഗങ്ങള്‍ ആരുമില്ലാതെയായിരിക്കുന്നു.

ഇതുവഴി ന്യൂനപക്ഷങ്ങളുടെ പരാതികള്‍ കേള്‍ക്കാനും അവര്‍ക്ക് നീതി ഉറപ്പാക്കാനുമുള്ള സുപ്രധാനമായൊരു സംവിധാനം ഇല്ലാതാക്കപ്പെട്ടിരിക്കുകയാണ്. ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്റെ അവസ്ഥയും ഇതില്‍ നിന്ന് വ്യത്യസ്തമല്ല, അധ്യക്ഷനും അംഗങ്ങളുമില്ലാതെ അതും നിര്‍ജീവമായിരിക്കുകയാണ്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളും വിദ്വേഷ പ്രചാരണങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, ഇത്തരത്തിലുള്ള കമ്മീഷനുകള്‍ സജീവമായി പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണ്. ന്യൂനപക്ഷങ്ങള്‍ക്കു പരാതികള്‍ അറിയിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെടുന്നത് കടുത്ത അനീതിയാണ്.

ഈ സാഹചര്യത്തില്‍, ദേശീയ ന്യൂനപക്ഷ കമ്മീഷനിലും ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷനിലും ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ സമുദായങ്ങളുടെ പ്രാതിനിധ്യം ഉറപ്പു വരുത്തിക്കൊണ്ട് അധ്യക്ഷനെയും അംഗങ്ങളെയും നിയമിക്കണമെന്നും പ്രസ്തുത കമ്മീഷനുകളെ സജീവമാക്കുന്ന നിലപാടുകള്‍ സ്വീകരിക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നു.

രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കു സുരക്ഷയും നീതിയും എല്ലാ സംസ്ഥാനങ്ങളിലും ഉറപ്പാക്കാനുള്ള അടിയന്തര നടപടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ മുന്‍കൈ എടുക്കുകയും വേണം. പ്രസ്തുത അവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ബഹു. പ്രധാനമന്ത്രിക്കും കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രിക്കും നിവേദനം സമര്‍പ്പിക്കുന്നതാണ്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org