വി ഗാർഡ് - സഹൃദയ നവദർശൻ പദ്ധതി

ഭിന്നശേഷിക്കാരായ 1000 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി
വി ഗാർഡ് - സഹൃദയ നവദർശൻ പദ്ധതി

വി ഗാർഡ് ഫൗണ്ടേഷൻ്റെ സഹകരണത്തോടെ, ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനുമായി എറണാകുളം-അങ്കമാലി അതിരൂപത സാമൂഹ്യപ്രവർത്തനവിഭാഗമായ സഹൃദയ നടപ്പാക്കിവരുന്ന നവദർശൻ പദ്ധതിയുടെ ഭാഗമായി എറണാകുളം, തൃശൂർ, ആലപ്പുഴ, പാലക്കാട്, മലപ്പുറം എന്നി ജില്ലകളിലെ 10 ബഡ്‌സ് സ്‌കൂളുകളിൽ നിന്നുള്ള ഭിന്നശേഷിക്കാരായ 1000 കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകുന്നതിന്റെ ഉദ്‌ഘാടനം കൂനമ്മാവ് ചാവറ സ്‌പെഷ്യൽ സ്‌കൂളിൽ നടത്തി. എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച്ച് ബിഷപ്പ് മാർ ആൻറണി കരിയിലിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഉല്ലാസ് തോമസ് ഉദ്‌ഘാടനം ചെയ്തു. എല്ലാവരെയും ഉൾച്ചേർക്കുന്ന, എല്ലാവര്ക്കും അനുഭവവേദ്യമാകുന്ന വികസനം എന്ന ആദര്ശത്തെ മുറുകെപ്പിടിച്ചുകൊണ്ടുള്ള മുന്നേറ്റത്തിൽ ഭവനങ്ങളും കലാലയങ്ങളും പൊതുസ്ഥാപനങ്ങളുമെല്ലാം ഭിന്നശേഷി സൗഹൃദമാക്കുകയെന്നത് പ്രധാനകാര്യമാണെന്ന് അധ്യക്ഷപ്രസംഗത്തിൽ ആർച്ച്ബിഷപ്പ് മാർ കരിയിൽ അഭിപ്രായപ്പെട്ടു. സ്വന്തം കഴിവുകൾ തിരിച്ചറിഞ്ഞ് അവയെ വളർത്തുന്നതിനുള്ള ശ്രമങ്ങളും അതിനുള്ള അവസര സൃഷ്ടിയുമാണ് പാർശ്വവത്കരിക്കപ്പെട്ടവരെ മുഖ്യധാരയിലേക്ക് എത്തിക്കാനുള്ള വഴികളെന്ന് നാം തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരക്കേറിയ ജീവിത യാത്രയിൽ ഒപ്പം ഓടിയെത്താൻ കഴിയാത്തവരും ഉണ്ടെന്നുള്ള തിരിച്ചറിവാണ് നമ്മിലെ മനുഷ്യത്വത്തെ വെളിപ്പെടുത്തുന്നതെന്ന് ഉദ്‌ഘാടനപ്രസംഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ ആമുഖപ്രഭാഷണം നടത്തി. വിമല പ്രൊവിൻസ് വികാർ പ്രൊവിൻഷ്യൽ സിസ്റ്റർ റീത്ത ജോസ് മുഖ്യാതിഥിയായിരുന്നു. കൂനമ്മാവ് ആശ്രമം പ്രിയോർ ഫാ. ജോബി വിതയത്തിൽ, ജില്ലാ പഞ്ചായത്ത് അംഗം ഷാരോൺ പനക്കൽ, സ്‌പെഷ്യൽ സ്ക്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജിത തോമസ്, സിസ്റ്റർ ജയാ മരിയ, സഹൃദയ കോ ഓർഡിനേറ്റർ അനൂപ് ആൻറണി എന്നിവർ സംസാരിച്ചു.

ഫോട്ടോ: വി ഗാർഡ് - സഹൃദയ നവദർശൻ പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാരായ 1000 കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകുന്നതിന്റെ ഉദ്‌ഘാടനം ആർച്ച്ബിഷപ്പ് മാർ ആൻറണി കരിയിൽ നിർവഹിക്കുന്നു. ഷാരോൺ പനക്കൽ, ഫാ. ജോസ് കൊളുത്തുവെള്ളിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഉല്ലാസ് തോമസ്, ഫാ. ജോബി വിതയത്തിൽ, സിസ്റ്റർ റീത്ത ജോസ്, സിസ്റ്റർ ജിത തോമസ് എന്നിവർ സമീപം.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org