'നൈപുണ്യ' രജതജൂബിലി വര്‍ഷത്തിലേയ്ക്ക്

'നൈപുണ്യ' രജതജൂബിലി വര്‍ഷത്തിലേയ്ക്ക്

Published on

എറണാകുളം-അങ്കമാലി അതിരൂപതയുടെ ആഭിമുഖ്യത്തില്‍ കൊരട്ടി പൊങ്ങത്ത് നൈപുണ്യ എന്ന പേരിലാരംഭിച്ച വിദ്യാഭ്യാസപ്രസ്ഥാനം രജതജൂബിലി വര്‍ഷത്തിലേയ്ക്കു പ്രവേശിക്കുന്നു. 1998-ല്‍ ആരംഭിച്ച നൈപുണ്യ കഴിഞ്ഞ 24 വര്‍ഷം കൊണ്ട് അഞ്ചു വ്യത്യസ്ത സ്ഥാപനങ്ങളുടെ ഒരു സമുച്ചയമായി വളരുകയായിരുന്നു. പൊങ്ങത്തുള്ള നൈപുണ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, നൈപുണ്യ ബിസിനസ് സ്‌കൂള്‍, നൈപുണ്യ വെല്‍ഫെയര്‍ സര്‍വീസസ്, ചേര്‍ത്തലയിലുള്ള നൈപുണ്യ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ്, എടക്കുന്നിലെ നൈപുണ്യ പബ്ലിക് സ്‌കൂള്‍ എന്നിവയാണവ. ഈ സ്ഥാപനങ്ങളിലെല്ലാമായി ആയിരകണക്കിനു വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ വിദ്യാഭ്യാസം മുതല്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസം വരെ നേടുന്നു. അനേകര്‍ക്ക് ഇവ തൊഴിലും നല്‍കുന്നു. കലാ-സാംസ്‌കാരിക രംഗങ്ങളിലും സാമൂഹ്യസേവനരംഗത്തും നൈപുണ്യ സ്ഥാപനങ്ങള്‍ സംഭാവനകളര്‍പ്പിക്കുന്നുണ്ട്.

എംബ്രേസിയം എന്ന പേരിലുള്ള രജതജൂബിലി ആഘോഷങ്ങള്‍ ഏപ്രില്‍ മുപ്പതിന് ഉദ്ഘാടനം ചെയ്യപ്പെടുമെന്നു നൈപുണ്യ ഡയറക്ടര്‍ ഫാ. പോള്‍ കൈത്തോട്ടുങ്കല്‍ അറിയിച്ചു. വൈകീട്ട് ആറിനു എറണാകുളം-അങ്കമാലി അതിരൂപത മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ വികാരി ആര്‍ച്ചുബിഷപ് ആന്റണി കരിയില്‍ ഉദ്ഘാടനകര്‍മ്മം നിര്‍വഹിക്കുന്നു. ഉന്നതവിദ്യാഭ്യാസവകുപ്പുമന്ത്രി ഡോ. ആര്‍ ബിന്ദു മുഖ്യാതിഥിയായിരിക്കും. കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം കെ ജയരാജ് പങ്കെടുക്കുന്നു.

logo
Sathyadeepam Online
www.sathyadeepam.org